”ഫ്‌ളാറ്റില്‍ കൊണ്ടുപോയി ഭക്ഷണം വാങ്ങിത്തന്നു, ലിഫ്റ്റ് വരെ കൂട്ട് വന്നു”; കെപിഎസി ലളിതയുടെ ഓര്‍മ്മകളില്‍ നടി ലാലി

ആറര പതിറ്റാണ്ടോളം നീണ്ട അഭിനയ മുന്നേറ്റങ്ങള്‍ക്ക് വിരാമം കുറിച്ച് കെ പി എ സി ലളിത ഓര്‍മ്മയാകുമ്പോള്‍ മലയാള സിനിമയ്ക്ക് നൊമ്പരമാവുകയാണ്.. കലിതുള്ളിയെത്തുന്ന അമ്മയായും കരുണയുള്ള സഹോദരിയായും കുശുമ്പെടുക്കുന്ന അമ്മായിമ്മയായും കെപിഎസി ലളിത അഭ്രപാളികളില്‍ നിറഞ്ഞാടി. നാടകത്തിലൂടെ സിനിമാ രംഗത്തേക്ക് എത്തിയ ലളിത മലയാളത്തിലും തമിഴിലുമായി അഞ്ഞൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നാടകങ്ങളിൽ തുടങ്ങി ചലച്ചിത്രങ്ങളിലൂടെ മലയാളികളുടെ കുടുംബാംഗമായി മാറിയതാണ് ആ അഭിനയജീവിതം. . 1970-ൽ ഉദയയുടെ ബാനറിൽ കെ.എസ്.സേതുമാധവൻ സംവിധാനം ചെയ്ത കൂട്ടുകുടുംബം എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്തെത്തിയ ലളിത പിന്നീട് മലയാള സിനിമയിലെ നിറസാന്നിധ്യമായി മാറുകയായിരുന്നു. സാമൂഹ്യ പ്രതിബദ്ധത കൊണ്ടും സാമൂഹികമായ ഇടപെടലുകൾ കൊണ്ടും അവർ മനുഷ്യ മനസ്സുകളിൽ ഇടം നേടി. ഇപ്പോഴിതാ നടി ലാലി പിഎം പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മോഹന്‍കുമാര്‍ ഫാന്‍സ് എന്ന ചിത്രത്തില്‍ കെ പി എ സി ലളിതയുമൊന്നിച്ച്‌ പ്രവര്‍ത്തിച്ചപ്പോഴുണ്ടായ അനുഭവമാണ് ലാലി പങ്കുവെക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം;
മോഹന്‍കുമാര്‍ ഫാന്‍സിന്റെ സെറ്റില്‍ വച്ചാണ്. ചോറ്റാനിക്കരയിലുള്ള ഒരു ഇല്ലത്താണ് ഷൂട്ടിങ്. പത്ത് മണിയോളം നീണ്ട ഷൂട്ടിങിനൊടുവില്‍ ലളിത ചേച്ചിയോടൊപ്പമാണ് കാറില്‍ മടങ്ങിയത്. ഇല്ലമായത് കൊണ്ടും അവിടെ നോണ്‍ വെജ് വിളമ്പാനാവാത്തത് കൊണ്ടും രാത്രി ഭക്ഷണം ഹോട്ടലിലെത്തിക്കുകയാണ്. ഞാന്‍ പക്ഷേ വീട്ടില്‍ തന്നെയാണ് താമസം എന്നുള്ളത് കൊണ്ട് എന്റെ വിശപ്പ് അവരത്ര ഓര്‍ത്തില്ല.

കാറിലിരുന്ന് വീട്ടില്‍ വിളിച്ചപ്പോ അവരൊക്കെ പുറത്ത് പോയി കഴിച്ച് വന്നുവെന്ന് പറഞ്ഞു. ഡ്രൈവറോട് ഏതെങ്കിലും തട്ട് കടയുടെ മുന്നില്‍ നിര്‍ത്തി പാഴ്‌സല്‍ വാങ്ങണമെന്ന് പറയുമ്പോഴാണ് ലളിത ചേച്ചി ശ്രദ്ധിച്ചത്. പിന്നെ അവര്‍ തന്നെ മകന്റെ ഫ്‌ലാറ്റിലെ വീട്ട് സഹായിയെ വിളിച്ച് കഴിക്കാനുണ്ടോന്ന് ഉറപ്പിച്ച് എന്നോട് കഴിച്ചിട്ട് പോയാല്‍ മതീന്ന് നിര്‍ബന്ധിച്ച് പേട്ടയിലുള്ള അവരുടെ ഫ്‌ലാറ്റില്‍ കയറി ഭക്ഷണമൊക്കെ അടുത്തിരുന്ന് വിളമ്പിയൊക്കെ തന്നു.എനിക്ക് അതിശയമായിരുന്നു. മലയാള സിനിമയിലെ പ്രമുഖയായ നടി എന്നെപ്പോലെ തുടക്കക്കാരിയായ ഒരാളെ ഇത്രയേറെ പരിഗണിക്കുന്നത് കണ്ടപ്പോള്‍. തിരിച്ച് ലിഫ്റ്റ് വരെ കൂടെ കൂട്ട് വന്നു അവര്‍.

എന്റെ ഏറ്റവും പ്രിയപ്പെട്ട നടിമാര്‍ കെപിഎസി ലളിതയും ഉര്‍വ്വശിയുമാണ്. ‘അയിത്തം’ സിനിമയിലാണെന്ന് തോന്നുന്നു അവരുടെ ഒരു ചായക്കട സീനുണ്ട് .വര്‍ത്തമാനം പറഞ്ഞു കൊണ്ട് ചായയടിച്ച് കൊടുത്ത് പാത്രം കഴുകി വക്കുന്ന സീന്‍ . അത്രയേറെ സ്വാഭാവികമായും ഒഴുക്കോടെയും അവരത് ചെയ്യുന്നത് കണ്ട് നിക്കാന്‍ തോന്നും. അവരുടെ പകുതിയെങ്കിലും അഭിനയ സിദ്ധിയുണ്ടാകണേ എന്നാണ് പ്രപഞ്ചത്തോട് ഞാനപേക്ഷിക്കാറുള്ളത്.

 

KERALA FOX
x
error: Content is protected !!