” കേസില്‍ ഞാന്‍ നിരപരാധി, മൊബൈല്‍ഫോണ്‍ ഉള്‍പ്പെടെയുള്ളവ കെട്ടിച്ചമച്ച തെളിവുകള്‍”; ജാമ്യം ലഭിച്ച ശേഷം കിരണ്‍ കുമാര്‍ പറഞ്ഞത്‌

കൊല്ലം വിസ്മയ കേസിൽ പ്രതിയും വിസ്മയയുടെ ഭർത്താവുമായ കിരൺ കുമാറിന് ജാമ്യം ലഭിച്ചു. സുപ്രീംകോടതിയാണ് കിരൺ കുമാറിന് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് എം എം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. ഏഴ് ദിവസത്തെ ജാമ്യത്തിനായാണ് കിരൺ കുമാ‍ർ സുപ്രീംകോടതിയെ സമീപിച്ചത്. അഭിഭാഷകൻ ദീപക് പ്രകാശാണ് കിരണിനായി സുപ്രീം കോടതിയിൽ ഹാജരായത്.ഹ‍ർജി അം​ഗീകരിച്ച സുപ്രീം കോടതി കിരൺ കുമാറിന് റെ​ഗുലർ ജാമ്യം അനുവദിക്കുകയായിരുന്നു. ഇനി വിസ്മയ കേസിൽ വിചാരണ പൂ‍ർത്തിയായി ശിക്ഷ വിധിച്ചാൽ മാത്രമേ കിരണിന് ജയിലിൽ പോകേണ്ടതുള്ളൂ. കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ കേസിന്റെ വിചാരണ അവസാന ഘട്ടത്തിലെത്തി നില്‍ക്കവെയാണ് കിരണ്‍ കുമാര്‍ ജയില്‍ മോചിതനായത്. സുപ്രീം കോടതിയുടെ ജാമ്യ ഉത്തരവ് കൊല്ലം കോടതിയിലും ജയിലിലും കൊടുത്ത് നടപടികള്‍ പൂര്‍ത്തിയാക്കി.

വിസ്മയ കേസിൻ്റെ വിചാരണയിൽ പ്രധാന സാക്ഷികളെയടക്കം വിസ്തരിച്ച സാഹചര്യത്തിൽ ഇനി ജാമ്യം നൽകുന്നതിൽ തടസമില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതിക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കും എന്ന കേരള സർക്കാരിൻ്റെ വാദം തള്ളിയാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. കിരണിൻ്റെ ജാമ്യ വ്യവസ്ഥകൾ വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും കോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ താന്‍ നിരപരാധി ആണെന്നാണ് കിരണ്‍ പുറത്ത് വന്ന ശേഷം മാധ്യമങ്ങളോട് പറഞ്ഞത്. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ കെട്ടിച്ചമച്ച തെളിവുകളാണെന്നും അദ്ദേഹം പറഞ്ഞു.നേരത്തേ മൂന്നു തവണ കിരണിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.

2021 ജൂണ്‍ 21ന് ആണ് ദുരൂഹ സാഹചര്യത്തില്‍ വിസ്മയയെ ഭര്‍ത്തൃഗൃഹത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. വിസ്മയയുടെ മരണം സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്ന കണ്ടെത്തലാണ് കുറ്റപത്രത്തിലുള്ളത്. 102 സാക്ഷി മൊഴികള്‍, 56 തൊണ്ടിമുതലുകള്‍, 92 രേഖകള്‍, എന്നിവ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.സ്ത്രീധന പീഡന നിരോധന നിയമം, ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ വകുപ്പുകളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാക്കിയത്.സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനമാണ് മകളുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്. ഭർത്താവ് തന്നെ ക്രൂരമായി മര്‍ദ്ദിക്കാറുണ്ടെന്ന് വ്യക്തമാക്കി വിസ്മയ ബന്ധുവിനയച്ച വാട്സ്ആപ്പ് സന്ദേശങ്ങളും ചിത്രങ്ങളും പുറത്തു വന്നിരുന്നു. ഇതിനെ തുടർന്നാണ് പൊലീസ് കിരണിനെ കസ്റ്റഡിയിലെടുത്തത്.

2020 മെയ് 31 നായിരുന്നു വിസ്മയയും കിരണ്‍ കുമാറും തമ്മിലുള്ള വിവാഹം. 100 പവൻ സ്വർണവും ഒരു ഏക്കർ 20 സെന്‍റ് സ്ഥലവും പത്ത് ലക്ഷം രൂപ വിലയുള്ള കാറുമാണ് സ്ത്രീധനമായി നൽകിയത്. എന്നാൽ കാർ വിറ്റ് പണം നൽകാൻ വീട്ടുകാരോട് ആവശ്യപ്പെടാൻ വിസ്മയയെ ഇയാൾ നിരന്തരം പ്രേരിപ്പിച്ചിരുന്നു. ഇതിനു തയാറാകാതെ വന്നതോടെയാണ് മകളെ ഇയാൾ നിരന്തരം മർദ്ദിച്ചതെന്നാണ് വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായർ ആരോപിക്കുന്നത്.

KERALA FOX
x
error: Content is protected !!