” ഒരു സ്ത്രീ എന്നോട് പറഞ്ഞത് 3വര്‍ഷത്തിനുള്ളില്‍ ഭാര്യയെ ഡൈവോഴ്‌സ് ചെയ്ത് തന്നെ വിവാഹം ചെയ്‌തോളാം എന്ന് പറഞ്ഞു അടുത്തു കൂടിയ പൊതുപ്രവര്‍ത്തകന്റെ ചതിയെ കുറിച്ച് ”;വൈറലായി ശ്രീജ നെയ്യാറ്റിന്‍കരയുടെ കുറിപ്പ്‌

സ്ത്രീകളോടുള്ള പല രാഷ്ട്രീയക്കാരുടേയും മോശം പെരുമാറ്റത്തെക്കുറിച്ച് നാം വാര്‍ത്തകളിലൂടെ അറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ രാഷ്ട്രീയം പെണ്‍ വേട്ടയ്ക്ക് ആയുധമാക്കുന്നവരുടെ രാഷ്ട്രീയത്തെക്കുറിച്ച് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് ആയിരുന്ന ശ്രീജ നെയ്യാറ്റിന്‍കര എഴുതിയ കുറിപ്പ് വൈറലായിരിക്കുകയാണ്.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം;പൊതുയിടത്തില്‍ പുരോഗമന രാഷ്ട്രീയ നിലപാടുകള്‍ പങ്കു വയ്ക്കുകയും സമരവഴികളില്‍ സഞ്ചരിച്ചു കൊണ്ടിരിക്കുകയും പൊതു പ്രവര്‍ത്തനം നടത്തുകയും ചെയ്യുന്നവരില്‍ പെണ്‍ വേട്ടക്കാര്‍ ഉള്‍പ്പെടുന്നു എന്നറിയുന്നത് വലിയ അസ്വസ്ഥതയാണ്.തങ്ങളുടെ രാഷ്ട്രീയം പെണ്‍ വേട്ടയ്ക്ക് ആയുധമാക്കുന്നു എന്നുള്ളിടത്ത് ഇവരുടെ മുഴുവന്‍ രാഷ്ട്രീയവും റദ്ദ് ചെയ്യപ്പെടുന്നു … ഈയിടെ മീ ടുവിലൂടെ വെളിപ്പെട്ട ഭൂരിഭാഗം പേരും സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെ വക്താക്കളാണ് അഥവാ ഫെമിനിസമെന്ന രാഷ്ട്രീയ ആശയത്തെ കുറിച്ച് വാചാലരാകുന്നവരാണ് … സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെ വക്താവിന് എങ്ങനെയാണ് പെണ്‍ വേട്ട നടത്താന്‍ കഴിയുന്നത്…? ഫെമിനിസത്തെ ടൂള്‍ ആക്കി മറ്റുള്ളവരുടെ വിശ്വാസം നേടിയെടുത്ത ശേഷം അവരെ എങ്ങനെയാണ് മെന്റല്‍ ട്രോമയിലേക്ക് തള്ളി വിടാന്‍ കഴിയുന്നത് ..? അവരോടെങ്ങനെ വയലന്‍സ് കാണിക്കാന്‍ കഴിയുന്നു …?

സമൂഹത്തില്‍ രാഷ്ട്രീയമായി സംഭാവന ചെയ്യാന്‍ ശേഷിയുള്ള നിരവധി പെണ്‍കുട്ടികളെ നിത്യമായ മാനസിക സമ്മര്‍ദ്ദങ്ങളിലേക്ക് ഈ പെണ്‍വേട്ടക്കാര്‍ തള്ളിവിട്ടിരിക്കുന്നു എന്നത് ഗൗരവകരമായ കാര്യമാണ്. ഇവരുടെ രാഷ്ട്രീയ വാചക കസര്‍ത്തുകള്‍ വിശ്വസിച്ച് പെണ്‍കുട്ടികള്‍ ഇവര്‍ക്ക് നല്‍കുന്ന സ്വാതന്ത്ര്യത്തെയാണ് ഇവറ്റകള്‍ ദുരുപയോഗം ചെയ്യുന്നത് ഫലമോ ഈ വേട്ടക്കാര്‍ നല്‍കുന്ന ഷോക്കില്‍ നിന്നും ഒരിക്കലും തിരിച്ചു വരാന്‍ കഴിയാത്ത വിധത്തില്‍ ഈ സ്ത്രീകള്‍ തളര്‍ന്നു പോകുന്നു.

ജീവിതകാലം മുഴുവന്‍ ഏത് സമയവും പാളിപോകാവുന്ന മനസുമായി ആത്മഹത്യാ പ്രവണതയോടും ഉറക്കമില്ലായ്മയോടും യുദ്ധം ചെയ്ത് വീര്യം കൂടിയ മരുന്നുകളുടെ പുറത്ത് ജീവിക്കുന്ന സ്ത്രീകളെ എനിക്കറിയാം .അവരൊക്കേയും രാഷ്ട്രീയ പൊയ്മുഖങ്ങളായ ആണ്‍ ചതികളില്‍ മുറിവേറ്റവരാണ് .ഈയിടെ ഒരു സ്ത്രീ എന്നോട് പറഞ്ഞത് 3 വര്‍ഷത്തിനുള്ളില്‍ ഭാര്യയെ ഡൈവോഴ്‌സ് ചെയ്ത് തന്നെ വിവാഹം ചെയ്‌തോളാം എന്ന് പറഞ്ഞു അടുത്തു കൂടിയ ഒരു ‘പൊതുപ്രവര്‍ത്തകന്റെ ചതിയെ കുറിച്ചാണ്.ഇതേ വാചകങ്ങള്‍ അവന്‍ അതേ സമയത്ത് തന്നെ മറ്റു പല സ്ത്രീകളോടും പറഞ്ഞിരിക്കുന്നു എന്നതാണ് അതിനേക്കാള്‍ ഭീകരം.നമുക്ക് ഒരാളോട് പ്രേമം തോന്നാം, സെക്‌സ് തോന്നാം, അതിന് മഹത്തായ രാഷ്ട്രീയ ദര്‍ശങ്ങളെ ആയുധമാക്കുകയും കപട വാഗ്ദാനങ്ങള്‍ നടത്തി ചതിയില്‍ പെടുത്തുകയും ചെയ്യുന്നത് എന്ത് തരം രാഷ്ട്രീയമാണ് എന്ന് മനസിലാകുന്നില്ല. എന്ത് നീതിബോധമാണ് ഇവറ്റകളെ നയിക്കുന്നത്.

14 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരുമിച്ചു ജീവിച്ചു കൊണ്ടിരിക്കുമ്പോള്‍ എന്റെ ഭര്‍ത്താവിന് മറ്റൊരു സ്ത്രീയോട് തോന്നിയ പ്രേമത്തെ യാതൊരു പ്രശ്‌നങ്ങളുമുണ്ടാക്കാതെ അംഗീകരിച്ചു കൊടുക്കുകയും ആ ജീവിതത്തില്‍ നിന്നിറങ്ങി പോകുകയും ചെയ്യാന്‍ എനിക്ക് കരുത്ത് നല്‍കിയത് ഞാന്‍ വിശ്വസിക്കുന്ന രാഷ്ട്രീയ ദര്‍ശനമാണ് .ഞാന്‍ ആത്മാവില്‍ ചേര്‍ത്തു വച്ചിരിക്കുന്ന രാഷ്ട്രീയ ദര്‍ശനങ്ങള്‍ സ്വന്തം കാര്യം വരുമ്‌ബോള്‍ എറിഞ്ഞുടയ്ക്കാനുള്ളതല്ല എന്ന രാഷ്ട്രീയ ബോധ്യത്തില്‍ നിന്നാണ് മധുരം പുരട്ടിയ വാക്കുകള്‍ കൊണ്ട് ഞാന്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നു എന്ന യാഥാര്‍ഥ്യത്തെ ജനാധിപത്യബോധം കൊണ്ട് ഞാനന്ന് മറികടന്നത് ….ചതിയില്‍ പെടുന്ന മനുഷ്യര്‍ക്ക് ചിലപ്പോള്‍ അതിജീവിക്കാന്‍ കഴിഞ്ഞു കൊള്ളണമെന്നില്ല …അതിജീവിക്കാനാകാതെ നൊന്തു ജീവിക്കുന്ന മനുഷ്യരില്‍ എനിക്കേറെ പ്രിയപ്പെട്ട സ്ത്രീകളുണ്ട്.സ്ഥാപിത താല്പര്യങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയ ദര്‍ശനങ്ങളെ ഉപയോഗിക്കരുത് മനുഷ്യരേ … നിങ്ങളുടെ സ്വാര്‍ത്ഥ ലാഭത്തിന് വേണ്ടി പുരോഗമന രാഷ്ട്രീയ ദര്‍ശനങ്ങളെ ആയുധമാക്കരുത് …. നിങ്ങള്‍ക്ക് പെണ്‍വേട്ട നടത്താനുള്ള ആയുധമല്ല വിമോചന സ്വപ്നങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്ന പ്രത്യയ ശാസ്ത്രങ്ങളും ദര്‍ശനങ്ങളും …

KERALA FOX
x
error: Content is protected !!