ആര്യാ രാജേന്ദ്രൻ മേയറും എംഎൽഐ സച്ചിന്‍ ദേവും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു; ഇനി മുന്നോട്ട് ഇരുവരും ഒരുമിച്ച്

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ബാലശ്ശേരി എംഎൽഎ സച്ചിൻ ദേവും തമ്മിലുള്ള വിവാഹനിശ്ചയം നടന്നു. രാവിലെ 11ന് എ കെ ജി സെന്ററില്‍ വെച്ചായിരുന്നു വിവാഹനിശ്ചയം. ഇരുവരുടെയും അടുത്തബന്ധുക്കളും പാർട്ടിയിലെ മുതിർന്ന നേതാക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹം പിന്നീട് നടക്കും.ലളിതാമയിരുന്നു വിവാഹ നിശ്ചയ ചടങ്ങുകള്‍. നീല ഷര്‍ട്ടും വെള്ള മുണ്ടുമാണ് സച്ചിന്‍ ദേവ് ധരിച്ചിരുന്നത്. നീല നിറത്തിലുള്ള ലഹങ്കയിലാണ് ആര്യ രാജേന്ദ്രന്‍ വേദിയിലെത്തിയത്.

എസ്എഫ്‌ഐ സംസ്ഥാനസെക്രട്ടറിയും പാർട്ടി കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവുമാണ് സച്ചിൻ. എസ്.എഫ്.ഐ സംസ്ഥാനസമിതി അംഗവും പാർട്ടി ചാല ഏരിയാ കമ്മിറ്റി അംഗവുമാണ് ആര്യ. രാജ്യത്തെ എറ്റവും പ്രായം കുറഞ്ഞ മേയറും കേരളനിയമസഭയിലെ പ്രായം കുറഞ്ഞ എംഎൽഎയും തമ്മിലുള്ള വിവാഹനിശ്ചയെന്ന പ്രത്യേകതയും ഇന്നത്തെ ചടങ്ങിനുണ്ട്. ഫെബ്രുവരി 16 നായിരുന്നു ഇരുവരുടേയും വിവാഹ വാര്‍ത്തകള്‍ പുറത്തു വന്നത്. വിവാഹം സംബന്ധിച്ച് ഇരു കുടുംബങ്ങളും തമ്മില്‍ ധാരണയായതായി ആര്യയും സച്ചിനും സ്ഥിരീകരിച്ചിരുന്നു. ബാലസംഘം, എസ്എഫ്ഐ തുടങ്ങിയ സംഘടനകളില്‍ പ്രവര്‍ത്തിച്ച ഇരുവരും നേരത്തെ തന്നെ സുഹൃത്തുക്കളായിരുന്നു.

പതിനഞ്ചാം നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ്. ഇരുപത്തിയേഴാം വയസിലാണ് നിയമസഭയിലെത്തിയത്. ബാലുശ്ശേരിയിൽ നിന്ന് യുഡിഎഫ് സ്ഥാനാർത്ഥിയും സിനിമാ താരവുമായി ധർമ്മജൻ ബോൾഗാട്ടിയെയാണ് സച്ചിന്‍ പരാജയപ്പെടുത്തിയത്. ബാലുശ്ശേരിയിൽ സച്ചിൻദേവ് മൽസരിച്ചപ്പോൾ താര പ്രചാരകയായി ആര്യ രാജേന്ദ്രൻ എത്തിയിരുന്നു. 15ാം നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് സച്ചിൻ ദേവ്. 2020 ലെ കേരള തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മുടവൻമുകൾ വാർഡിൽ നിന്ന് എൽ ഡി എഫ് സ്ഥാനാർഥിയായി വിജയിച്ചാണ് ആര്യ രാജേന്ദ്രൻ തിരുവനന്തപുരം കോർപ്പറേഷൻ മേയറായത്. 21-ാം വയസിലാണ് മേയറായി ആര്യ അധികാരമേറ്റത്. തിരുവനന്തപുരം ഓൾ സെയിന്റ്‌സ് കോളേജിൽ വിദ്യാർഥിയായിരിക്കെയായിരുന്നു തെരഞ്ഞെടുപ്പിൽ പങ്കെടുത്തതും വിജയിച്ചതും. ഇലക്ട്രീഷ്യനായ രാജേന്ദ്രന്റെയും എൽഐസി ഏജൻറായ ശ്രീലതയുടേയും മകളാണ് ആര്യ.

സച്ചിൻ ദേവുമായി എസ് എഫ് ഐ മുതലുള്ള പരിചയമാണ് വിവാഹത്തിലേക്ക് എത്തുന്നതെന്ന് ആര്യ നേരത്തെ വ്യക്തമാക്കിയിരുന്നു. ”ഞങ്ങളിരുവരും ഒരേ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവരാണ്. വിദ്യാർത്ഥി പ്രസ്ഥാനത്തിൽ ഒരുമിച്ച് പ്രവർത്തിച്ചവരാണ്.രണ്ട് പേർക്കും കുടുംബവും പാർട്ടിയുമാണ് ഏറെ പ്രാധാന്യമുള്ള വിഷയം. ആ സൌഹൃദ ബന്ധമാണ് വിവാഹത്തിലേക്കെത്തിയതെന്നും ആര്യ പറയുന്നു. ‘വിവാഹം സമയമെടുത്തു ആലോചിച്ച് നടത്തേണ്ട കാര്യമാണ്. ഞങ്ങൾ പരസ്പരം ആലോചിച്ച ശേഷം വീട്ടുകാരെ അറിയിക്കുകയായിരുന്നു. രണ്ട് കുടുംബവും തമ്മിൽ വിവാഹത്തെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. രണ്ട് പേരും ജന പ്രതിനിധികളായതിനാൽ പാർട്ടിയുമായി ആലോചിച്ച ശേഷമായിരിക്കും വിവാഹം. ഇരുവരും ജനപ്രതിനിധികളാണ്. എന്റെ പഠനവും പൂർത്തിയാക്കേണ്ടതുണ്ടെന്നും ആര്യ അന്ന് വിവാഹ വാർത്തകളോട് പ്രതികരിച്ചിരുന്നു.

KERALA FOX
x
error: Content is protected !!