ഭർത്താവ് അറിയപ്പെടുന്ന നടനായിട്ടും പൊതുവേദികളിൽ രമ പ്രത്യക്ഷപ്പെടാറില്ലായിരുന്നു; എന്നാൽ ഫോറന്‍സിക് രംഗത്തെ ശക്തമായ സ്ത്രീ സാന്നിധ്യമായി രമ മാറുകയായിരുന്നു

ഫോറൻസിക് രംഗത്തേക്ക് ഇറങ്ങാൻ സ്ത്രീകൾ മടിച്ചിരുന്ന കാലത്തായിരുന്നു ഡോ രമയുടെ വരവ്. 1984 ബാച്ചില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും എം ഡി ഫോറന്‍സിക് മെഡിസിന്‍ പഠിച്ചിറങ്ങിയ ഡോ. പി രമ ഉറച്ച കാലടികളോടെ ഫോറന്‍സിക് മേഖല തെരഞ്ഞെടുക്കുകയായിരുന്നു. മൂന്നരപ്പതിറ്റാണ്ടോളം നീണ്ട സര്‍വ്വീസ് ജീവിതത്തില്‍ സത്യസന്ധതയും പ്രതിബദ്ധതയും മുതല്‍ക്കൂട്ടാക്കി അവര്‍ നിലനിന്നു.

1985ല്‍ ആണ് രമ ഫോറന്‍സിക് സര്‍ജനായി ജോലിയ്ക്ക് പ്രവേശിക്കുന്നത്.സുപ്രധാനമായ പല കേസുകളിലും നിര്‍ണായക കണ്ടെത്തലുകള്‍ നടത്താന്‍ അവര്‍ക്ക് സാധിച്ചു.തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയില്‍ സലിം എന്ന ആളെ വെട്ടി നുറുക്കി 16 കഷ്ണങ്ങളാക്കിയ ശേഷം ഗാര്‍ബേജ് കവറിലാക്കി ഉപേക്ഷിച്ച കേസില്‍ ഡോ. രമ്യ നല്‍കിയ ഫോറന്‍സിക് റിപ്പോര്‍ട്ട് ആണ് വഴിത്തിരിവായത്. അതോടൊപ്പം തന്നെ ഏറെ കോളിളക്കം സൃഷ്ടിച്ച കേസ് ആയിരുന്നു സിസ്റ്റര്‍ അഭയ കേസ്. അഭയ കൊലക്കേസില്‍ പ്രതിയായ സിസ്റ്റര്‍ സെഫി കന്യകയാണ് എന്ന് തെളിയിക്കാനായി കന്യാ ചര്‍മ്മം വെച്ചുപിടിപ്പിച്ചെന്ന് കണ്ടെത്തിയതും രമ്യയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം തന്നെയാണ്.2019ല്‍ അഭയക്കേസിലെ വിചാരണ സി ബി ഐ കോടതിയില്‍ ആരംഭിച്ചപ്പോള്‍ പ്രോസിക്യൂഷന്‍ സാക്ഷിയായിരുന്ന ഡോ. രമയില്‍ നിന്ന് മജിസ്‌ട്രേറ്റ് മൊഴി എടുത്തിരുന്നു. രമ അസുഖ ബാധിതയായിരുന്നതിനാല്‍ വീട്ടിലെത്തിയാണ് അന്ന് മജിസ്ട്രറ്റ് മൊഴി രേഖപ്പെടുത്തിയത്.

കല്ലുവാതുക്കൽ വിഷമദ്യ ദുരന്ത കേസ് അന്വേഷണത്തിലും ഡോ.രമയ്ക്കുള്ളത് നിർണായക പങ്ക് ആയിരുന്നു. മിഥൈൽ അൽക്കഹോൽ എങ്ങനെ കാഴ്ച നഷ്ടപ്പെടുത്തുന്നു, എങ്ങനെ ശരീരത്തിൽ മാറ്റങ്ങളുണ്ടാക്കുമെന്ന കണ്ടെത്തലുകൾ സുപ്രീംകോടതിയുടെ വരെ അഭിനന്ദം നേടികൊടുത്തു.പ്രമാദമായ അക്കു വധക്കേസും എടുത്തുപറയേണ്ടത്. സ്പിരിറ്റ് മാഫിയയുടെ കുടിപ്പകയെത്തുടര്‍ന്ന് യുവാവിനെക്കൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളിയ കേസിൽ, കൊലപാതകമെന്ന് തെളിയിക്കാൻ പ്രോസിക്യൂഷനെ സഹായിച്ചതും ഡോ രമ. അക്കുവിന്റെ തല തകർന്നത് ട്രെയിൻ തട്ടിയല്ല, മറിച്ച് തല തകർത്ത് കൊന്നിട്ട് ശരീരം ട്രാക്കിൽ കൊണ്ടിട്ടതാണെന്ന് സ്ഥാപിക്കാൻ ഡോ രമയുടെ സൂക്ഷ്മമായ കണ്ടെത്തലുകൾക്കായി.

മലയാളത്തിലെ അറിയപ്പെടുന്ന നടന്റെ ഭാര്യ ആയിരുന്നിട്ടും പൊതുവേദികളില്‍ രമ പ്രത്യക്ഷപ്പെടാറില്ലായിരുന്നു. രമ ഒതുങ്ങി ജീവിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണെന്നും പൊതുവേദികളില്‍ വരാന്‍ താല്പ്പര്യപ്പെടാറില്ലെന്നും ജഗദീഷ് തന്നെ മുമ്പൊരിക്കല്‍ പറഞ്ഞിരുന്നു.രണ്ട് മക്കളുണ്ട്. ഡോക്ടർ രമ്യയും, ഡോക്ടർ സൗമ്യയും. ഡോ നരേന്ദ്ര നയ്യാർ ഐപിഎസ്, ഡോ പ്രവീൺ പണിക്കർ എന്നിവർ മരുമക്കളാണ്. ‍വെള്ളിയാഴ്ച രാവിലെയാണ് ഡോ. പി രമ അന്തരിച്ചത്. ദീര്‍ഘകാലമായി അസുഖ ബാധിതയായി ചികിത്സയില്‍ കഴിയുകയായരുന്നു. നിരവധി പ്രമുഖര്‍ അന്ത്യാജ്ഞലി അര്‍പ്പിക്കാനായി എത്തിച്ചേര്‍ന്നിരുന്നു.”ജഗദീഷിന്റെ ഭാര്യ ഡോക്ടർ രമ വർഷങ്ങളായി സിനിമയിലുള്ള എല്ലാവർക്കും ചിരപരിചിതയായ പ്രഗത്ഭയായ ഡോക്ടർ ആയിരുന്നു. പല സന്ദർഭങ്ങളിലും നേരിട്ട് കാണാതെ ഫോണിലൂടെ പോലും ഞാനുൾപ്പടെ സിനിമയിലുള്ള ഒരുപാടു പേർക്ക് ചികിത്സയും ഉപദേശങ്ങളും നൽകിയിട്ടുണ്ട്” എന്നാണ് മുകേഷ് രമയ്ക്ക് അന്ത്യാഞ്ജലികള്‍ അര്‍പ്പിക്കാനെത്തിയപ്പോള്‍ മാധ്യമങ്ങളോട് പറഞ്ഞത്.

KERALA FOX

Articles You May Like

x
error: Content is protected !!