കാവ്യാ മാധവന്റെ ടീച്ചർ, നിത്യവൃത്തിക്ക് പോലും വഴിയില്ല ; കിലോമീറ്ററുകളോളം ചെരുപ്പില്ലാതെ നടന്ന് കുട്ടികളെ പഠിപ്പിക്കുന്ന നാരായണി ടീച്ചർ

ടീച്ചര്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ ചെറുവത്തൂരിലെ ജനങ്ങള്‍ക്ക് അത് നാരായണി ടീച്ചറാണ്. അന്‍പതു വര്‍ഷമായി ചെരുപ്പിടാതെ നാട്ടിലൂടെ നടന്ന് വീടുകള്‍ കയറിയിറങ്ങി കുട്ടികള്‍ക്ക് വിദ്യയുടെ വെളിച്ചം പടര്‍ന്നു നല്‍കുകയാണ് നാരായണി ടീച്ചര്‍. കാസര്‍കോട് ചെറുവത്തൂരിലെ വാടക വീട്ടിലാണ് നാരായണി ടീച്ചര്‍ താമസിക്കുന്നത്. അവിടെന്നു പുലര്‍ച്ചെ നാലരയ്ക്ക് ബാഗും കുടയുമായി നാരായണി ടീച്ചര്‍ യാത്ര തുടങ്ങും. ആറര മണിയാവുമ്പോള്‍ മണിയാട്ടുള്ള കുട്ടികളുടെ വീട്ടിലെത്തും. അവിടെ നിന്ന് ചന്തേരയിലേക്കും കാലിക്കടവിലേക്കും നീലേശ്വരത്തേക്കും കടപ്പുറത്തേക്കും നാരായണി ടീച്ചര്‍ നടന്നെത്തും. ടീച്ചര്‍ വിട്ടേല്‍ക്ക് തിരിച്ചെത്തുന്നത് നേരം ഇരുട്ടുമ്പോള്‍. കോവിഡ് കാലങ്ങളില്‍ കൂടുതല്‍ സമയമെടുത്താണ് കുട്ടികളെ പഠിപ്പിച്ചിരുന്നത്.

പണ്ടത്തെ പത്താം ക്ലാസ്സുകാരിയാണ് നാരായണി ടീച്ചര്‍. മലയാളം,ഹിന്ദി, ഇംഗ്ലീഷ്, സംസ്‌കൃതം വളരെ അധികം ലളിതമായി കുട്ടികളെ പഠിപ്പിക്കും. നാരായണി ടീച്ചര്‍ പതിനഞ്ചാം വയസില്‍ തുടങ്ങിയതാണ് ഈ ട്യൂഷന്‍ സഞ്ചാരം. ഇപ്പോള്‍ ടീച്ചര്‍ക്ക് 65 വയസ്. പഠിപ്പിക്കാന്‍ പോവുമ്പോള്‍ മാത്രമല്ല വീട്ടാവശ്യത്തിനും മറ്റു ആവശ്യങ്ങള്‍ക്കും പുറത്തു പോവുന്നത് ചെരുപ്പിടാതെ നടന്നു തന്നെയാണ്. സ്വന്തമായി ഭൂമിയില്ലാത്ത ടീച്ചര്‍ ഒരു വാടക വീട്ടിലാണ് താമസം. നാരായണി ടീച്ചറുടെ ഭര്‍ത്താവ് ഹോട്ടല്‍ തൊഴിലാളിയായിരുന്ന ദാമോദരനാണ്. ദാമോദരന്‍ കിടപ്പ് രോഗിയാണ്. പഠിപ്പിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ അറിഞ്ഞു കൊടുക്കുന്ന പ്രതിഫലമാണ് ടീച്ചറുടെ വരുമാനം. മരുന്ന് വാങ്ങാനും മറ്റു ആവശ്യങ്ങള്‍ക്കും വേറെ വഴിയില്ല. ടീച്ചര്‍ക്ക് ലഭിക്കുന്ന വരുമാനത്തിലാണ് ഇരുവരും ജീവിക്കുന്നത്.

നടി കാവ്യാ മാധവന്‍ ഉള്‍പ്പെടെ അനേകം പ്രമുഖരുണ്ട് നാരായണി ടീച്ചറുടെ ശിഷ്യഗണത്തില്‍. നിരവധി എം.ബി.ബി.എസ് വിദ്യാര്‍ത്ഥികളും ഡോക്ടര്‍മാരുമുണ്ട്. ടീച്ചറുടെ ശിഷ്യന്‍ തന്റെ മക്കളെ പഠിപ്പിക്കാന്‍ ടീച്ചറെ ഗള്‍ഫിലും കൊണ്ട് പോയിട്ടുണ്ട്. വൈകല്യമുള്ള ഒരു കുട്ടിയെ ഹിന്ദി പഠനത്തില്‍ ഒന്നാമാതെത്തിച്ചിട്ടുണ്ട് നാരായണി ടീച്ചര്‍. ടീച്ചര്‍ ചെരുപ്പിടാത്തതിന് പിന്നില്‍ ഒരു നേര്‍ച്ചയാണ്. എല്ലാ വര്‍ഷവും പാല്‍ക്കാവടിയേന്തി പഴനിയില്‍ മലകയറി ആണ്ടവനെ തൊഴാറുണ്ട് ടീച്ചര്‍. ടീച്ചര്‍ക്ക് നാട്ടില്‍ കാവടി സഞ്ചാരവുമുണ്ട്. നാരായണി ടീച്ചര്‍ ചെരുപ്പ് ധരിക്കാത്തത് പഴനിയിലെ വ്രതത്തിന്റെ ഭാഗമായിട്ടാണ്. വിഷുസംക്രമ ദിവസത്തിലാണ് ടീച്ചറുടെ ജന്മദിനം. അന്നേ ദിവസം ടീച്ചര്‍ പഴനിയിലെത്തും. ട്രെയിനിലാണ് പഴനിയിലേക്കുള്ള യാത്ര.

KERALA FOX
x
error: Content is protected !!