
പെരുന്തച്ചനിലെ ‘ തമ്പുരാട്ടി ‘ വിനയപ്രസാദിനെ ഓര്‍മയില്ലേ ? കന്നഡക്കാരിയായ തന്നെ മലയാളം പഠിക്കാന്‍ സഹായിച്ചത് ആ വലിയ മനുഷ്യനാണെന്ന് പറയുകയാണ് വിനയപ്രസാദ്
ഒരു വരപ്രസാദം പോലെയാണ് മലയാളി സിനിമാപ്രേക്ഷകര്‍ക്ക് വിനയപ്രസാദ് എന്ന നടിയെ പെരുന്തച്ചനിലൂടെ ലഭിച്ചത്. കര്‍ണാടകയിലാണ് ജനിച്ചതെങ്കിലും മലയാളിത്തം തുളുമ്പുന്ന മുഖമാണ് വിനയ പ്രസാദിന്റേത്. അതുകൊണ്ടു തന്നെയായിരിക്കണം എം.ടി. വാസുദേവന്‍നായരുടെ തിരക്കഥയില്‍ അജയന്‍ സംവിധാനം ചെയ്ത പെരുന്തച്ചന്‍ എന്ന ചിത്രത്തില്‍ പ്രധാനകഥാപാത്രമായ ‘ തമ്പുരാട്ടി ‘ യുടെ വേഷം ചെയ്യാന്‍ വിനയപ്രസാദിനെ അണിയറപ്രവര്‍ത്തകര്‍ ക്ഷണിച്ചതും. വിനയപ്രസാദിന്റെ ആദ്യ മലയാള ചിത്രമായിരുന്നു പെരുന്തച്ചന്‍. അതില്‍ നെടുമുടി വേണു അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യയായ തമ്പുരാട്ടിയായിട്ടാണ് അഭിനയിച്ചത്. പെരുന്തച്ചനു ശേഷം മണിച്ചിത്രത്താഴ് എന്ന ഹിറ്റ് ചിത്രത്തില്‍ ശ്രീദേവി എന്ന കഥാപാത്രത്തെയും വിനയപ്രസാദ് അവതരിപ്പിച്ചിരുന്നു. മണിച്ചിത്രത്താഴില്‍ ശോഭനയായിരുന്നു തിളങ്ങിയതെങ്കിലും വിനയപ്രസാദിന്റെ ‘ ശ്രീദേവി ‘ യും അത്ര മോശമായിരുന്നില്ല. മണിച്ചിത്രത്താഴില്‍ മോഹന്‍ലാലും വിനയപ്രസാദും ചേര്‍ന്നുള്ള ചില രംഗങ്ങള്‍ പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്ന ഒന്നാണ്.

സംഭാഷണങ്ങളെക്കാള്‍ ചില നോട്ടങ്ങളാണ് വിനയപ്രസാദിന്റെ കഥാപാത്രങ്ങളെ മികവുറ്റതാക്കിയിരിക്കുന്നത്. ഭദ്ര, ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് കുടുംബം, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങിയ മലയാള ചിത്രങ്ങളില്‍ വിനയപ്രസാദ് പ്രാധാന്യമുള്ള വേഷങ്ങള്‍ അവതരിപ്പിച്ചു.
സിനിമയോടൊപ്പം മലയാള ടിവി പരമ്പരകളിലും തിളങ്ങിയിട്ടുണ്ട് വിനയപ്രസാദ്. സ്ത്രീജന്മം എന്ന ടിവി സീരിയലിലൂടെ വിനയപ്രസാദ് കുടുംബസദസുകളുടെയും പ്രിയങ്കരിയായി. അടുത്തിടെ അമൃത ടിവിയിലെ റെഡ് കാര്‍പറ്റ് പരിപാടിയില്‍ സംസാരിക്കവേ സിനിമയിലേക്ക് പ്രവേശിക്കാനുണ്ടായ കാര്യങ്ങളെക്കുറിച്ച് വിനയപ്രസാദ് പറയുകയുണ്ടായി. ‘ കന്നഡ ചിത്രമായ ‘ ഗണേശനു മധുവേ ‘ ആയിരുന്നു ഞാന്‍ അഭിനയിച്ച ആദ്യ സിനിമ. മലയാളത്തിലെ ആദ്യ ചിത്രം പെരുന്തച്ചന്‍. പെരുന്തച്ചനില്‍ തമ്പുരാട്ടിയുടെ വേഷമായിരുന്നു. ആദ്യ ഷോട്ട് എടുക്കാന്‍ എല്ലാം റെഡിയായെങ്കിലും എനിക്ക് മലയാളം അറിയാത്തതിനാല്‍ ഡയലോഗ് പറയാന്‍ സാധിക്കുന്നില്ലായിരുന്നു.

ആ ദിവസം രാത്രി സിനിമയുടെ തിരക്കഥാകൃത്തു കൂടിയായ എം.ടി. വാസുദേവന്‍നായര്‍ സര്‍ സെറ്റില്‍ വന്നിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തിന്റെ സമീപമെത്തി കാര്യങ്ങള്‍ പറഞ്ഞു. ഡയലോഗിന്റെ ഉച്ചാരണ രീതിയെക്കുറിച്ചും ചോദിച്ചു. എം.ടി. സര്‍ അര മണിക്കൂറോളം നേരം എനിക്ക് സംഭാഷണത്തിലെ എല്ലാ ഭാവങ്ങളും പറഞ്ഞു തന്നു. അതോടെ കാര്യങ്ങള്‍ എല്ലാം എളുപ്പമായി. പിറ്റേ ദിവസം എന്റെ ഷോട്ട് എല്ലാം ഓകെ ആയി. പിന്നീട് ആ ഡയലോഗ് കുറേ നാള്‍ മനസില്‍ തന്നെ ഉണ്ടായിരുന്നു. പെരുന്തച്ചന്‍ എന്ന സിനിമ എനിക്ക് സമ്മാനിച്ച സുഹൃത്താണ് മലയാളം. ‘ വിനയപ്രസാദ് പറഞ്ഞു.