“അവൾ എൻ്റെ മകളായി ജനിക്കേണ്ടവളായിരുന്നോ ? ആകാശത്ത് നിന്ന് മാലാഖ ശരിയ്ക്കും ഭൂമിയിലേയ്ക്ക് ഇറങ്ങിവന്നത് പോലെ തോന്നാറുണ്ട് ” ; ശരണ്യയുടെ ഒന്നാം ചരമവാർഷികത്തിൽ ഓർമകൾ പങ്കുവെച്ച് അമ്മ

കാൻസർ ബാധിച്ച് ചികിത്സയിൽ കഴിയവെയാണ് സിനിമകളിലൂടെയും, സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടി ശരണ്യ അന്തരിക്കുന്നത്. കഴിഞ്ഞ വർഷം ആ​ഗസ്റ്റ് പത്തിനായിരുന്നു എല്ലാവരുടെയും മനസിലൊരു നോവായി ശരണ്യ വിട വാങ്ങിയത്. തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. പത്ത് വർഷത്തിലധികമായി അര്‍ബുദത്തിന് ചികിത്സയിലായിരുന്നു ശരണ്യ. രോഗം കൂടിയതിനെത്തുടർന്ന് ശരണ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മനശക്തികൊണ്ടും, ആത്മവിശ്വാസം കൊണ്ടും അർബുദത്തെ പൊരുതി തോൽപ്പിക്കാൻ ശരണ്യ നടത്തിയ ശ്രമങ്ങൾ ജീവിതം ഏതൊരാൾക്കും മാതൃകയാകുന്ന തരത്തിലായിരുന്നു.

2012 -ലാണ് ബ്രെയിൻ ട്യൂമറാണെന്ന് ആദ്യം തിരിച്ചറിയുന്നത്. പിന്നീട് പതിനൊന്നിലധികം തവണ ശസ്ത്രക്രിയ നേരിടേണ്ടി വന്നപ്പോഴും ശരണ്യ തൻ്റെ ആത്മവിശ്വാസം കൊണ്ട് ജീവിതത്തിലേയ്ക്ക് തിരികെ വരികയായിരുന്നു. അതിനിടയ്ക്ക് കോവിഡ് വന്നതോട് കൂടെയാണ് ആരോഗ്യസ്ഥിതി തകിടം മറയുന്നത്. അസുഖം കൂടിയതോട് കൂടെ ശരണ്യയ്ക്ക് ജോലിക്ക് പോകാൻ കഴിയാത്ത സാഹചര്യമായി. അമ്മയും സഹോദരങ്ങളുമടങ്ങുന്ന കുടുംബത്തിന് ശരണ്യ മാത്രമായിരുന്നു ഏക ആശ്രയം. ചികിത്സയ്ക്കായി പണമില്ലാതെ വന്നപ്പോൾ നടി സീമ ജി നായരും മറ്റ് സുഹൃത്തുക്കളും ചേർന്നാണ് ശരണ്യയ്ക്ക് പണം കണ്ടെത്തിയതും ചികിത്സ സഹായങ്ങൾ നൽകിയതും.

കണ്ണൂർ ജില്ലയിലയെ പഴയങ്ങാടി സ്വദേശിനിയാണ് ശരണ്യ ശശി. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ‘സൂര്യോദയം’ എന്ന ദൂരദർശൻ സീരിയയിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് പ്രവേശിക്കുന്നത്. കൂട്ടുകാരി, അവകാശികൾ, ഹരിചന്ദനം, ഭാമിനി തോൽക്കാറില്ല, മാലാഖമാർ, കറുത്തമുത്ത്, രഹസ്യം തുടങ്ങി നിരവധി സീരിയലുകളിൽ വേഷമിട്ടു. സീരിയലുകൾക്ക് പുറമേ ചാക്കോ രണ്ടാമൻ, തലപ്പാവ്, ഛോട്ടാ മുംബൈ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് സീരിയലുകളിലും വേഷമിട്ടു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ലിറ്ററേച്ചറിൽ ബിരുദവും സ്വന്തമാക്കാൻ ശരണ്യയ്ക്ക് സാധിച്ചു.

ശരണ്യയ്ക്ക് എപ്പോഴും, എന്തിനും തുണയായി കൂടെയുണ്ടായിരുന്നത് ശരണ്യയുടെ അമ്മയാണ്. ശരണ്യ മരിച്ച് ഒരു വർഷം പിന്നിടുമ്പോൾ മകളുടെ ഓർമകൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് അമ്മ. ശരണ്യ ജീവിച്ചിരുന്ന കാലത്ത് ‘സിറ്റി ലൈറ്റ്സ്’ എന്ന പേരിൽ ഒരു യുട്യൂബ് ചാനലുണ്ടായിരുന്നു . അതിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അമ്മ മകളെക്കുറിച്ച് വാചാലയാകുന്നത്. കഴിഞ്ഞ വർഷം ഇതേ ദിവസമാണ് ശരണ്യ നമ്മെ വിട്ടുപിരിഞ്ഞതെന്നും, എത്ര പെട്ടെന്നാണ് ഒരു വർഷം കടന്നുപോയത്. ശരണ്യയെ ഓപ്പറേഷൻ തിയറ്ററിലേയ്ക്ക് കൊണ്ടുപോയിക്കഴിഞ്ഞാൽ ഓരോ നിമിഷങ്ങൾക്കും ഒരോ യുഗത്തിൻ്റെ ദൈർഘ്യമുണ്ടായിരുന്നെന്നും തൻ്റെ കുട്ടിയെ ഒരു നോക്കുകാണുന്നതുവരെയുള്ള സമയമാണ് തന്നെ എന്നും ഭയപ്പെടുത്തിയിരുന്നതെന്നും അമ്മ പറയുന്നു.

കാലങ്ങൾ ഒരുപാട് കടന്ന് പോയെങ്കിലും ഇന്നലെയെന്നോണം തനിയ്ക്ക് ഓർക്കാൻ കഴിയുന്നുണ്ട് അവൾ ജനിച്ച ദിവസം. നാളുകളും വർഷങ്ങളും പിറകിലേയ്ക്ക് ഓടിമറയുകയാണെന്നും അവളുടെ ബാല്യകാലത്തെ കുസൃതികൾ, കുറുമ്പുകൾ എല്ലാം ഇപ്പോളും തനിയ്ക്ക് കാണാൻ കഴിയുന്നെന്നും, അവളുടെ കൗമാരം എത്ര സുന്ദരിക്കുട്ടിയായിരുന്നു തൻ്റെ മകളെന്നും ചിലപ്പോൾ തൻ ഓർക്കാറുണ്ട്. ഇവൾ എൻ്റെ മകളായി ജനിക്കേണ്ടവൾ തന്നെയായിരുന്നോ ? വിണ്ണിൽ നിന്നിറങ്ങി വന്ന ഈ താരകത്തിൻ്റെ അമ്മയാണോ ഞാൻ ? എന്നിങ്ങനെ. തന്റേതുപോലെ ഒരു ദരിദ്ര കുടുംബത്തിൽ ജനിക്കപ്പെട്ടത് അവളുടെ നിർഭാഗ്യമായിരുന്നെന്ന് തോന്നുന്നതായും മരണത്തിലും അവൾ തങ്ങളുടെയുള്ളിൽ ജീവിക്കുകയാണെന്ന് പറഞ്ഞുകൊണ്ടാണ് അമ്മ വീഡിയോ അവസാനിപ്പിച്ചിരിക്കുന്നത്.

KERALA FOX

Articles You May Like

x
error: Content is protected !!