
അങ്ങനെ മകളുടെ ആഗ്രഹവും സഫലമായി; ഹന്നയുടെ ജീവിതത്തിലെ പുണ്യഭൂമിയിലെ സന്തോഷനിമിഷം പങ്കുവെച്ച് സലിം കോടത്തൂർ
ഒരുകാലത്ത് മലയാളക്കരയിൽ തരംഗമായ ഒന്നായിരുന്നു ആൽബം പാട്ടുകൾ. നിരവധി ആൽബം പാട്ടുകൾ പാടുകയും അഭിനയിക്കുകയും ചെയ്തു അതിലൂടെ ശ്രദ്ധേയനായ ഗായകനാണ് സലീം കോടത്തൂർ. അദ്ദേഹം ആലപിച്ച ഗാനങ്ങൾ ഏറെയും ഒരുകാലത്ത് വലിയ രീതിയിൽ ആളുകൾക്കിടയിൽ തരംഗം ആയിരുന്നു. ഇന്ന് ഗായകൻ സലിം കൊടത്തൂർ എന്നതിനേക്കാൾ ഉപരി ഹന്നയുടെ ഉപ്പ എന്ന പേരിലാണ് സലീം അറിയപ്പെടുന്നത്. മകളെ ഇത്രയേറെ സ്നേഹിക്കുന്ന മറ്റൊരു അച്ഛനെ കണ്ടെത്താൻ തന്നെ പ്രയാസമായിരിക്കും എന്നാണ് സോഷ്യൽ മീഡിയ അടക്കം പറയുന്നത്. സലിം കോടത്തൂരിന്റെ ഫേസ്ബുക്ക് പേജുകളിലൂടെയാണ് ഹന്ന മോളെ കുറിച്ച് ആളുകൾ അടുത്തറിഞ്ഞത്.

ഉപ്പയെ പോലെ തന്നെ നല്ലൊരു ഗായികയാണ് ഹന്നയും. മെഗാസ്റ്റാർ മമ്മൂട്ടിയുടെ കയ്യിൽ നിന്നും കൈരളി ടിവി 2022 ഫീനിക്സ് അവാർഡ് അടുത്തിടെ ഹന്ന ഏറ്റുവാങ്ങിയിരുന്നു. തന്റെ മകളുടെ കുറവുകൾ ഓർത്ത് സങ്കടപ്പെടാതെ അവളെ ഒരു മുറിയിൽ തടച്ചിടാതെ മറ്റു കുട്ടികൾക്കൊപ്പം മാലാഖ കുഞ്ഞായി വളർത്തിക്കൊണ്ടുവരികയാണ് സലീം കോടത്തൂരും ഭാര്യയും. ഹന്നാ മോൾ ഇന്ന് അറിയപ്പെടുന്ന ഗായകയും നർത്തകിയും ഒക്കെയാണ്. എല്ലാ വേദികളിലും മകളെയും കൊണ്ട് നടന്ന് പാടിപ്പിക്കുന്നതും അവൾക്ക് വേണ്ട പ്രോത്സാഹനം നൽകുന്നതും സലീം കോടത്തൂർ ആണ്. സങ്കടങ്ങളിലേക്ക് നോക്കുന്നതിന് പകരം നമുക്ക് കിട്ടിയ അനുഗ്രഹങ്ങളിലേക്ക് നോക്കണമെന്ന് താൻ പഠിച്ചത് മകളിലൂടെ ആയിരുന്നു എന്നാണ് സലീം പറയുന്നത്.

സോഷ്യൽ മീഡിയയിലും ഹന്ന മോൾ താരമാണ്. അച്ഛനെപ്പോലെ വിദേശത്തും സ്വദേശത്തും ആയി നിരവധി വേദികളിലും പരിപാടികൾ അവതരിപ്പിച്ചു വരുന്നു. ഹന്ന സലീമിന്റെ ഇളയ മകളാണ്. മൂത്തമകൻ സിനാൻ പ്ലസ് ടു പൂർത്തിയാക്കി. രണ്ടാമത്തെ മകൾ സന പത്താം ക്ലാസിലാണ്. ഇവരും നല്ല ഗായകരാണ്. ഗർഭിണിയായിരിക്കെ എടുത്ത ഇഞ്ചക്ഷൻ ഗർഭപാത്രത്തെ ബാധിച്ചതിനാൽ ആണ് ഹന്നയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്നാണ് സലീം പറയുന്നത്. ഹന്ന മോൾ ജനിച്ചപ്പോൾ വെറും 48 മണിക്കൂർ മാത്രമാണ് ഡോക്ടർമാർ ആയുസ്സ് പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് സംഭവിച്ചതെല്ലാം പ്രാർത്ഥനയുടെ ഫലമാണെന്ന് സലീം പറയുന്നു. ഭാര്യ മൂന്നാമതും ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ എല്ലാവർക്കും വലിയ സന്തോഷമായിരുന്നു.

ഏറ്റവും മികച്ച ആശുപത്രിയിൽ തന്നെ കൊണ്ടുപോയി ചികിത്സ നൽകി. ഗർഭിണികൾക്ക് അലർജി ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉള്ളപ്പോൾ നടത്തുന്ന ഇ എസ് ആർ പരിശോധന ഉൾപ്പെടെ ആ സമയത്ത് നടത്തിയിരുന്നു. കാര്യമായ പ്രശ്നങ്ങൾ കണ്ടിരുന്നില്ല. കുറവുകളുള്ള ഒരു മകളായി അവളെ ഞാൻ എവിടെയും പരിചയപ്പെടുത്താറില്ല. പാട്ടും ഡാൻസും ഒക്കെയായി അവൾക്ക് നല്ല കഴിവുണ്ട്. ഉദ്ഘാടനങ്ങൾക്കൊക്കെ പോകാറുണ്ട്. മകളെ വിറ്റ് കാശാക്കുകയാണ് എന്ന ചോദ്യങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട് എന്നാണ് സലീം അടുത്തിടെ പറഞ്ഞത്. ഇപ്പോൾ മകളുടെ ഏറ്റവും വലിയ ഒരു ആഗ്രഹം സാക്ഷാത്കരിച്ച സന്തോഷത്തിലാണ് സലീം. പുണ്യഭൂമിയായ മക്കയിൽ പോകണം എന്ന മകളുടെ ആഗ്രഹമാണ് ഇപ്പോൾ സലീം സാധിച്ചു കൊടുത്തിരിക്കുന്നത്.ഇതിന്റെ ചിത്രങ്ങൾ സലിം തന്നെയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. മക്കയുടെ മുന്നിൽ നിന്നും മകൾക്കൊപ്പം നിൽക്കുന്ന ചിത്രമാണ് സലീം തൻറെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.