മലയാളികളുടെ പ്രിയ നടൻ പി ബാലചന്ദ്രൻ വിടവാങ്ങി , കണ്ണീരോടെ സിനിമാ ലോകവും ആരാധകരും

മലയാളികളുടെ പ്രിയ നടനും സംവിധായകനും തിരക്കഥാകൃത്തും ഒക്കെയായ പി ബാലചന്ദ്രൻ വിടവാങ്ങി. ഇന്ന് രാവിലെ അഞ്ചു മണിക്ക് വൈക്കത്തെ കുടുംബ വീട്ടിൽ വെച്ചായിരുന്നു അന്ദ്യം. കഴിഞ്ഞ എട്ട് മാസമായി ചികിത്സയിലായിരുന്നു അദ്ദേഹം. വൈകിട്ട് മൂന്ന് മണിക്ക് കുടുംബ വീട്ടിൽ വെച്ചാണ് സംസ്കാര ചടങ്ങുകൾ നടത്തുക.

1952 കൊല്ലം ജില്ലയിലെ ശാസ്താം കോട്ട എന്ന സ്ഥലത്താണ് പി ബാലചന്ദ്രൻ ജനിച്ചത്. ചെറുപ്പത്തിലേ അഭിനയത്തോട് വലിയ താല്പര്യം കാണിച്ചിരുന്നു അദ്ദേഹം. തൃശൂരിലെ സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്നും നാടകത്തിന് ബിരുദം സ്വന്തമാക്കിയിട്ടുണ്ട് അദ്ദേഹം. കേരളാ യൂണിവേഴ്സിറ്റിയിൽ നിന്നും മലയാളത്തിന് ബിരുദാനന്തര ബിരുദം സ്വന്തമാക്കിയ അദ്ദേഹം എംജി യൂണിവേഴ്‌സിറ്റിയിൽ അധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട് . അതിനു ശേഷം സ്‌കൂൾ ഓഫ് ഡ്രാമയിൽ അധ്യാപകനായും ജോലി നോക്കിയ അദ്ദേഹം നിരവധി നാടകങ്ങൾ രചിച്ചും സംവിധാനം ചെയ്തും ശ്രദ്ധ നേടി.

അതിനു ശേഷമാണ് അദ്ദേഹം മലയാള സിനിമയിലേക്ക് എത്തുന്നത്. സിനിമാ രംഗത്ത് നടനായും തിരക്കഥാകൃത്തായും സംഭാഷണം എഴുതിയും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഉള്ളടക്കം , അങ്കിൾ ബണ്‍ , പവിത്രം , തച്ചോളി വർഗീസ് ചേകവർ , അഗ്നി ദേവൻ , മാനസം , പുനരധിവാസം , പോലീസ് , കമ്മട്ടി പാടം തുടങ്ങിയ ചലച്ചിത്രങ്ങൾക്കു തിരക്കഥയും സംഭാഷണവും എഴുതിയത് പി ബാലചന്ദ്രൻ ആയിരുന്നു. വക്കാലത്തു നാരായണൻ കുട്ടി , ശിവം , ട്രിവാൻഡ്രം ലോഡ്ജ് , ഹോട്ടൽ കാലിഫോർണിയ , കടൽ കടന്നൊരു മാത്തുക്കുട്ടി , കമ്മാട്ടിപ്പാടം എന്നീ സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചും അദ്ദേഹം ശ്രദ്ധ പിടിച്ചു പറ്റി .

2012ൽ ഇവൻ മേഘരൂപൻ എന്നൊരു ചിത്രം അദ്ദേഹം സംവിധാനവും ചെയ്തിട്ടുണ്ട്. അൻപതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള അദ്ദേഹം ഏറ്റവും ഒടുവിലായി അഭിനയിച്ചത് കഴിഞ്ഞ മാസം റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം വണ്ണിലാണ് . നാടകത്തിലും സിനിമയിലുമായി നിരവധി അവാർഡുകളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 1989ലെ മികച്ച നാടക രചയിതാവായി കേരള സാഹിത്യ അക്കാഡമി അദ്ദേഹത്തെ തിരഞ്ഞെടുക്കുകയും അവാർഡ് നൽകുകയും ചെയ്തിരുന്നു. അതേ വർഷം തന്നെ കേരള സംസ്ഥാന പ്രൊഫഷണൽ നാടക അവാർഡും അദ്ദേഹത്തെ തേടിയെത്തി. അത് കൂടാതെ 2009 ൽ കേരള സംഗീത നാടക അക്കാഡമി അവാർഡും അദ്ദേഹത്തിന് ലഭിച്ചു. 1999 ൽ പുറത്തിറങ്ങിയ പുനരധിവാസം എന്ന ചിത്രത്തിന് കേരള ചലച്ചിത്ര അക്കാദമിയുടെ മികച്ച തിരക്കഥക്കുള്ള അവാർഡും അദ്ദേഹത്തിന് ലഭിച്ചു.

KERALA FOX
x
error: Content is protected !!