തളരാതെ മുന്നോട്ട് പോകാൻ ഒരു ശക്തിയായി അച്ഛൻ കൂടെയുണ്ട്, ഈ വേദനയും കടന്നു പോകും; അഭിരാമി സുരേഷ്

പാട്ടുകൾ പാടി മലയാളികളുടെ ഹൃദയം കവർന്ന സഹോദരിമാരാണ് അമൃത സുരേഷും അഭിരാമി സുരേഷും. ബിഗ് ബോസ് സീസൺ 3 ൽ ഇരുവരും മത്സരാർത്ഥികളായെത്തി കൂടുതൽ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. കഴിഞ്ഞ ഏപ്രിൽ 18നാണ് ഇരുവരുടെയും പി.ആർ.സുരേഷ് അന്തരിച്ചത്. സ്വന്തം അച്ഛന്റെ വേർപാട് വലിയ ശൂന്യതയാണ് കുടുംബത്തിൽ സൃഷ്ടിച്ചത്.

ഒരിടവേളക്ക് ശേഷം ഇപ്പോഴിതാ അമൃത സുരേഷിൻ്റെയും അഭിരാമി സുരേഷിൻ്റെയും നേതൃത്വത്തിലുള്ള അമൃതം ഗമയ സംഗീത ബാൻഡ് പുതിയ പാട്ടുമായി വീണ്ടും പ്രേക്ഷകർക്കരികിൽ എത്തിയിരിക്കുകയാണ്. ‘ചെക്കേലടിക്കും മുമ്പേ തെയ്യം താരോ, ചെമ്പട്ട് വീശും മുമ്പേ തെയ്യം താരോ’ എന്ന സൂപ്പർഹിറ്റ് ഗാനത്തിന്റെ പുതിയ പതിപ്പാണ് അമൃതം ഗമയ പുറത്തിറക്കിയിരിക്കുന്നത്. അഭിരാമി ഗാനം ആലപിച്ചിരിക്കുന്നു. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു.

അച്ഛൻ സുരേഷ് കുമാറിൻ്റെ വേർപാടിനു ‍ശേഷം അഭിരാമി ആദ്യമായി പാടുന്ന ഗാനമാണിത്. അച്ഛൻ്റ വേർപാട് താങ്ങാൻ പറ്റാത്ത വേദനയായി മനസ്സിൽ എപ്പോഴുമുണ്ടെന്നും എങ്കിലും അതിൽ നിന്നു മുക്തി നേടാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും അഭിരാമി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. അച്ഛൻ വലിയ കരുത്തായി ഒപ്പമുണ്ടാകുമെന്നാണു പ്രതീക്ഷയെന്നും ഗായിക കുറിപ്പിൽ പറയുന്നു.

‘സംഗീതമെന്ന സത്യം ഞങ്ങൾക്കു പകർന്നു നൽകിയ ആ ദൈവം ഇന്ന് കൂടെ ഇല്ല.. എന്നാൽ അച്ഛൻ കൂടെ കാണുമെന്നും തളരാതെ തുടരാൻ ഒരു ശക്തിയായി കൂടെ ഉണ്ടാകുമെന്നുമുള്ള വിശ്വാസത്തോടെ മുന്നോട്ടു പോകാൻ ഒരുങ്ങുകയാണ് ഒരിക്കൽകൂടി. എപ്പോഴും ദിസ് ടൂ ഷാൾ പാസ് എന്ന് എല്ലാരോടും പറയുന്ന എന്നോട് ഞാൻ ഈ നിമിഷവും ഇതിന്റെ താങ്ങാനാവാത്ത വേദനയും കടന്നു പോകുമെന്നും, ഒരു ശക്തി ആയി എന്നും അച്ഛൻ കൂടെ കാണുമെന്നും ഓർമിപ്പിക്കുന്നു’, അഭിരാമി കുറിച്ചു.

അഭിരാമിയുടെ ഹൃദയഭേദകമായ കുറിപ്പ് ഇതിനകം വൈറലായിക്കഴിഞ്ഞു. പാട്ടും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. സ്ട്രോക്കിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവെയാണ് പി.ആർ.സുരേഷ് അന്തരിച്ചത്. വീട്ടിൽ വച്ച് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അമൃതയാണ് സമൂഹമാധ്യമങ്ങളിലൂടെ പിതാവിന്റെ വിയോഗവാർത്ത അറിയിച്ചത്. ഓടക്കുഴൽ കലാകാരനായിരുന്നു സുരേഷ്.

Articles You May Like

x