
വരുന്ന കുഞ്ഞിന് സമാധാനമുള്ള ജീവിതം കൊടുക്കാനാണ് ആഗ്രഹിക്കുന്നത്,ഞങ്ങളുടെ ലൈഫിൽ ഞങ്ങൾ ഒരുപാട് കാര്യങ്ങൾ അനുഭവിച്ചിട്ടുണ്ട്, അതൊന്നും ഞങ്ങളുടെ കുഞ്ഞ് അനുഭവിക്കരുത്; ബേബി പ്ലാനിംഗിനെ കുറിച്ച് തുറന്ന് പറഞ്ഞ് ജീവയും അപർണയും
മലയാളികളുടെ പ്രിയ അവതാരകനാണ് ജീവ. സൂര്യ മ്യൂസിക്കിലെ അവതാരകനായി തിളങ്ങിയ താരം സരിഗമപ റിയാലിറ്റി ഷോയുടെ അവതാരകനായും തിളങ്ങി. അവതാരകരായി തിളങ്ങുന്നതിനിടെയാണ് ജീവയും അപർണയും പ്രണയത്തിലാകുന്നത്. പ്രണയം വിവാഹത്തിലുമെത്തി. ഇതിന്റെ വിശേഷങ്ങൾ ഇരുവരും തുറന്ന് പറഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് ജീവയും അപർണയും.
മൂന്ന് മാസം മുമ്പാണ് ഇരുവരും പുതിയ ചാനൽ അപർണ തോമസ് ഓഫീഷ്യൽ എന്ന പേരിൽ ആരംഭിച്ചത്. വെറും പതിനാറോളം വീഡിയോകൾ മാത്രം ചെയ്തപ്പോഴേക്കും ഇരുവർക്കും ഒരു ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സിനെ ലഭിച്ചു. ഇപ്പോഴിതാ തങ്ങളുടെ യുട്യൂബ് ചാനലിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയാണ് ജീവയും അപർണയും.

അക്കൂട്ടത്തിൽ ശ്രദ്ധേയമാകുന്നത് ബേബി പ്ലാനിങിനെ കുറിച്ച് ചോദിച്ച ആരാധകർക്ക് ഇരുവരും നൽകിയ മറുപടിയാണ്. ഇരുവരും സോഷ്യൽമീഡിയയിൽ സജീവമായ കാലം മുതൽ സ്ഥിരമായി കേൾക്കുന്ന ചോദ്യമാണ് കുഞ്ഞുങ്ങൾ വേണ്ടേ എന്നത്.
എന്നാൽ കുഞ്ഞുങ്ങളുടെ കാര്യത്തിൽ തങ്ങൾക്ക് വ്യക്തമായൊരു പ്ലാനും പദ്ധതിയുമുണ്ടെന്നാണ് ജീവയും അപർണയും മറുപടിയായി പറയുന്നത്. ‘ഈ ചോദ്യം കാണുമ്പോഴെല്ലാം നിങ്ങൾ ഒരു നല്ല ഉദ്ദേശത്തോടെയാണ് ഞങ്ങളോട് ഇത് ചോദിക്കുന്നത് എന്നാണ് ഞങ്ങൾ കരുതുന്നത്. ഒരു ഫാമിലി ലൈഫ് പൂർത്തിയാകുന്നത് ഒരു കുട്ടി വരുമ്പോഴാണല്ലോ.’മൂന്നാമത് ഒരാളുടെ ആഗ്രഹം പൂർത്തീകരിക്കാൻ നമ്മുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞിനെ കൊണ്ടുവരണം എന്നല്ല ഞങ്ങൾ ആഗ്രഹിക്കുന്നത്. ഞങ്ങളുടെ ലൈഫിലേക്ക് ഒരു കുഞ്ഞ് വരുമ്പോൾ ആ കുഞ്ഞിന് ആവശ്യമുള്ളത് ഒരുക്കാൻ സാധിക്കണം. മാത്രമല്ല ഞങ്ങളുടെ ലൈഫിൽ ഞങ്ങൾ ഒരുപാട് കാര്യങ്ങൾ അനുഭവിച്ചിട്ടുണ്ട്. അതൊന്നും ഞങ്ങളുടെ കുഞ്ഞ് അനുഭവിക്കരുതെന്ന് ആഗ്രഹമുണ്ട്.’
‘വരുന്ന കുഞ്ഞിന് സമാധാനമുള്ള ജീവിതം കൊടുക്കാനാണ് ആഗ്രഹിക്കുന്നത്. കുഞ്ഞിന് വേണ്ടി സമയം മാറ്റിവെക്കാൻ ഞങ്ങൾക്ക് പറ്റണം. ഗുഡ് ലൈഫ്, ഫെസിലിറ്റി എല്ലാം നൽകാൻ പറ്റണമെന്നുമാണ് ആഗ്രഹം. അതുപോലെ തന്നെ ഇപ്പോൾ ഒരു കുഞ്ഞിനെ കൂടി ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിനെ കുറിച്ച് ഞങ്ങൾ ചിന്തിക്കുന്നില്ല.’

‘ആ വിഷയത്തിൽ സീറോ പ്ലാനാണുള്ളത്. ബേബി പ്ലാനിങിനെ കുറിച്ച് ചോദ്യം ചോദിച്ചവരോട് ഒരു കാര്യം കൂടി പറയാനുണ്ട്. പറഞ്ഞാൽ തലയിലേക്ക് കേറുമോയെന്ന് അറിയില്ല. ഈ ചോദ്യം വേറെ ആരോടും ചോദിക്കാതിരിക്കുക. കാരണം ഈ ചോദ്യം അപ്രസക്തമാണ്.’
‘നിങ്ങൾ അത് ചോദിക്കേണ്ട ആവശ്യം തന്നെ ഇല്ലെന്നും’, ജീവയും അപർണയും പറഞ്ഞു. അപർണയുടെ സ്വപ്നങ്ങൾക്ക് ഒപ്പം എപ്പോഴും ജീവയുണ്ടാകാറുണ്ട്. താനാണ് അപർണയ്ക്ക് ഏറ്റവും കൂടുതൽ മോട്ടിവേഷൻ നൽകുന്നതെന്നാണ് ജീവ പറയാറുള്ളത്.