ഐസിയുവിൽ വെച്ച് സുബി മരണപ്പെട്ടെന്ന് എന്നോട് പറഞ്ഞിരുന്നില്ല, ജാർഖണ്ഡിൽ പോയിരുന്നില്ലെങ്കിൽ എൻ്റെ മോളിപ്പോഴും ഉണ്ടായേനെ; സുബിയെക്കുറിച്ച് അമ്മ

നടി സുബി സുരേഷിൻ്റെ മരണം തീർത്തും അപ്രതീക്ഷിതമായിരുന്നു. നടി മരിച്ചിട്ട് മാസങ്ങൾ പിന്നിട്ടെങ്കിലും പ്രേക്ഷകരുടെ മനസ്സിൽ ഈ വിയോ​ഗം ഇന്നും ഒരു വേദനയാണ്. കരൾ രോ​ഗത്തിന് ചികിത്സയിലിരിക്കെയാണ് നടി മരണപ്പെടുന്നത്. നടി ചികിത്സയിലാണെന്ന് പോലും മിക്കവർക്കും അറിയില്ലായിരുന്നു. എപ്പോഴും ചിരിച്ച മുഖത്തോടെ കാണുന്ന സുബി തന്റെ വിഷമങ്ങളൊന്നും പുറത്തറിയിച്ചിരുന്നില്ല. തമാശക്കാരിയായ സുബിയെ എന്നും ഒരു ചിരിയോടെയാണ് പ്രേക്ഷകർ കണ്ടിട്ടുള്ളത്.

കോമഡി വേദികളിൽ അവസാന കാലം വരെ സുബി സാന്നിധ്യം അറിയിച്ചിരുന്നു. സുബിയെ സംബന്ധിച്ച് സിനിമയേക്കാൾ പ്രാധാന്യം സ്റ്റേജ് ഷോകൾക്കായിരുന്നു. ഇതേക്കുറിച്ച് നടി തന്നെ മുമ്പ് തുറന്ന് പറഞ്ഞിട്ടുണ്ട്. സ്റ്റേജ് ഷോകളുടെ തിരക്ക് മൂലം സിനിമകൾ ഒഴിവാക്കിയിട്ടുണ്ടെന്നും നടി അന്ന് വ്യക്തമാക്കി. കുടുംബത്തിന് എന്നും പ്രാധാന്യം നൽകിയ വ്യക്തിയാണ് സുബി. അമ്മയായിരുന്നു സുബിക്ക് എല്ലാം. അവിവാഹിതയായിരുന്ന സുബി സ്വന്തമായി വീട് വെക്കുകയും കുടുംബത്തെ നല്ല രീതിയിൽ നോക്കുകയും ചെയ്തു. മരണം നടിയുടെ കുടുംബത്തെ ഏറെ ബാധിച്ചു. ഇപ്പോഴിതാ സുബിയെക്കുറിച്ച് അമ്മ അംബിക പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അമൃത ടിവിയിലെ പ്രോ​ഗ്രാമിൽ സംസാരിക്കുകയായിരുന്നു ഇവർ.

‘അവൾക്ക് കലാകാരിയാവാനൊന്നും ഒരു താൽപര്യവും ഉണ്ടായിരുന്നില്ല. അവൾക്ക് ആർമി ഓഫീസറവാണെന്നായിരുന്നു. ആദ്യം ടിനി വന്ന് സിനിമാലയുടെ പ്രോ​ഗ്രാമിന് വിളിച്ചു. അവൾക്ക് പോവാൻ ഇഷ്ടമില്ല. ഞാൻ പറഞ്ഞു നമുക്ക് പോയി നോക്കാമെന്ന്’ ‘ഇവൾ വീട്ടിൽ സംസാരിക്കുക കൈയും കാലുമൊക്കെ ഇളക്കിയാണ്. ഇവൾക്ക് അഭിനയിക്കാനുള്ള കഴിവുണ്ടെന്ന് എനിക്ക് മനസ്സിലായി. എന്റെ നിർബന്ധത്തിനാണ് അവൾ പോയത്. ഏത് രാജ്യത്തിരുന്നാലും ഡ്രസിന്റെ ഫോട്ടോകൾ അയക്കും. ഇതിലേതിടണം എന്ന് ചോദിക്കും. അങ്ങനെ ചോദിക്കുന്ന മകൾ എനിക്ക് മാത്രമേ ഉണ്ടാവൂ എന്നാണ് ഞാൻ കരുതുന്നത്’ ‘മരണപ്പെട്ടെന്ന് ആരും വിശ്വസിച്ചില്ല. പോയി എന്ന് എന്നോട് പറയുന്നില്ല, ഞാൻ ഹോസ്പിറ്റലിൽ ഉണ്ട്. ഞാൻ നോക്കുമ്പോൾ ഞങ്ങളുടെ ബന്ധുക്കളൊക്കെ കുറേപ്പേർ വരുന്നു. എന്താണെന്ന് ചോദിച്ചു. പള്ളിപ്പോയി വന്ന വഴിയാണെന്നൊക്കെ ഓരോരുത്തർ പറഞ്ഞു. ജാർഖണ്ഡിൽ ഷോയ്ക്ക് പോയിരുന്നു. ജാർഖണ്ഡിൽ പോയിരുന്നില്ലെങ്കിൽ എൻ്റെ മോളിപ്പോൾ ഉണ്ടായേനെ എന്നാണ് വിശ്വസിക്കുന്നത്.

ഞാനന്ന് ഹോസ്പിറ്റലിൽ കിടക്കുകയാണ്. ഇവൾ എന്നെ കാണാൻ വന്നപ്പോൾ കണ്ണ് ഇത്തിരി മഞ്ഞിച്ചിരുന്നു’ ‘ഞാൻ ചോദിച്ചു, മോളുടെ കണ്ണിന് കളർ വ്യത്യാസം ഉണ്ടല്ലോ, ഇപ്പോൾ തന്നെ പോയി ടെസ്റ്റ് ചെയ്യണം, റിസൽ‌ട്ട് എനിക്ക് അയച്ചാൽ മതിയെന്ന് പറഞ്ഞു. ടെസ്റ്റിൽ 4.8 ആയിരുന്നു. 1.2 യൊക്കെയെ വരാവൂ. തൊട്ടടുത്ത ഹോസ്പിറ്റലിൽ ഇപ്പോൾ തന്നെ പോവണമെന്ന് പറഞ്ഞു’ ‘അവിടെ ചെന്ന് ​ഗ്ലൂക്കോസ് കൊടുത്തു. കുഴപ്പമില്ല, ജാർഖണ്ഡിൽ പോയ്ക്കോ എന്ന് ഡോക്ടർ പറഞ്ഞു. ജാർഖണ്ഡിൽ പോവുമ്പോൾ കല്യാണം പറഞ്ഞ് വെച്ച പയ്യൻ കൂടെ ഉണ്ടായിരുന്നു. അമ്മേ ഇവൾ ഫ്ലെെറ്റിലാെക്കെ ഉറക്കം തന്നെയാണ്, ഇവൾക്ക് ഭയങ്കര ക്ഷീണം ഉണ്ടെന്ന്, ഹോസ്പിറ്റലിൽ കയറിയെ ഉടനെ തന്നെ പുള്ളിക്ക് ശ്വാസം മുട്ടൽ വന്നു. പിന്നെ 25 ദിവസം ഐസിയുവിൽ. കുറച്ചധികം പൈസയായി. അമ്മ എവിടെ നിന്ന് ഈ പൈസയുണ്ടാക്കുമെന്ന് അവൾ ചോദിച്ചു. എനിക്ക് പൈസയല്ല, വീട് വിറ്റിട്ടാണെങ്കിലും നിന്നെ ചികിത്സിക്കും. നീ ധൈര്യമായിരിക്കെന്ന് പറഞ്ഞു.

അവസാനം ഇത്തിരി ബോധം വന്ന് തുടങ്ങി’ ‘ഇവിടെ ഫുഡ് ശരിയല്ല, നഴ്സുമാർ ശരിയല്ല രണ്ട് ദിവസത്തിനകം കൊണ്ട് പോവണമെന്ന് പറഞ്ഞു. രണ്ടാമത്തെ ദിവസം വന്നത് നടന്നല്ല, കിടന്നാണ്. സുബിക്ക് പകരം സുബിയെ പോലെ തന്നെയൊരു കൊച്ച്. എനിക്ക് ഓർക്കാൻ അങ്ങനെ ഒരാളെ തന്നാണ് അവൾ പോയത്. അവൾക്ക് കൊച്ചിനോട് ഭയങ്കര കാര്യവുമായിരുന്നു,’ അംബിക സുരേഷ് പറഞ്ഞു. സുബിയുടെ സഹോദരന്റെ മകളെക്കുറിച്ചാണ് അമ്മ പരാമർശിച്ചത്.

 

Articles You May Like

x