വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം പോലുമായില്ല, അതിന് മുൻപേ മുമ്പേ വിവാഹമോചനം; മഹാലക്ഷ്മിക്ക് ‘താക്കീതു’മായി രവീന്ദർ

നടി മഹാലക്ഷ്മിയും തമിഴ് സിനിമ നിർമ്മാതാവുമായ രവിന്ദർ ചന്ദ്രശേഖരനും കഴിഞ്ഞ വർഷമാണ് വിവാഹിതരായത്. തിരുപ്പതിയിൽവെച്ച് നടന്ന വിവാഹ ചടങ്ങിൽ അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ദീർഘകാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. രവീന്ദർ നിർമ്മിച്ച വിടിയും വരൈ കാത്തിര് എന്ന ചിത്രത്തില് മഹാലക്ഷ്മിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലായത്.

വിവാഹശേഷം ഏറ്റവുമധികം സൈബർ ആക്രമണം നേരിട്ട ദമ്പതികളാണ് രവീന്ദർ ചന്ദ്രശേഖരനും നടി മഹാലക്ഷ്മിയും. രവീന്ദറിന്റെ പണം കണ്ടാണ് മഹാലക്ഷ്മി ഈ വിവാഹത്തിന് സമ്മതിച്ചതെന്നതായിരുന്നു പ്രധാന ആരോപണം. മാത്രമല്ല രവീന്ദറിനെതിെര വ്യാപകമായ ബോഡി ഷെയ്മിങും നടന്നു. പക്ഷേ പ്രതിസന്ധികളെയെല്ലാം ഒരു പുഞ്ചിരിയോടെ അവർ കാറ്റിൽപ്പറത്തി. ഇപ്പോഴിതാ ഇരുവരും വേർപിരിഞ്ഞുവെന്ന കുപ്രചരണത്തിലും വിമർശകർക്ക് രസകരമായ മറുപടിയുമായി എത്തുകയാണ് ഈ ദമ്പതികൾ. രവീന്ദർ പങ്കുവെച്ച ചില ചിത്രങ്ങളാണ് ഇതിന് കാരണമായത്. പൊതുവെ ഭാര്യക്കൊപ്പമുള്ള ഫോട്ടോകളാണ് രവീന്ദർ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറ്. എന്നാൽ കഴിഞ്ഞ ദിവസം ഒറ്റയ്ക്കുള്ള ചിത്രം നിരാശയോടെയുള്ള ക്യാപ്ഷനോടെ പങ്കുവെച്ചു.

ഇതോടെയാണ് ഇരുവരും തമ്മിൽ അകൽച്ചയെന്ന അഭ്യൂഹം പരന്നത്. വിവാഹ മോചനമെന്ന വാർത്തകൾ പരന്നതോടെ ഇതിൽ വ്യക്തത വരുത്തിയിരിക്കുകയാണ് രവീന്ദർ. തങ്ങൾ തമ്മിൽ ഒരു പ്രശ്നവുമില്ലെന്ന് രവീന്ദർ വ്യക്തമാക്കി. ഭാര്യ ​ഗോസിപ്പിനെക്കുറിച്ച് തന്നോട് പറഞ്ഞ വാക്കുകളും രവീന്ദർ പങ്കുവെച്ചു.

‘ഡെയ് പുരുഷാ, ഒറ്റയ്ക്കുള്ള ഫോട്ടോ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെക്കരുതെന്ന് എത്ര തവണ പറഞ്ഞതാണ്’, സോഷ്യൽ മീഡിയ മുഴുവൻ പറയുന്നത് നമ്മൾ പിരിയുകയാണെന്നാണ്. ഇനിയും ഇതാവർത്തിച്ചാൽ എനിക്ക് പ്രിയപ്പെട്ട സെമിയ ഉപ്പുമാവ് മാത്രം മൂന്ന് നേരം ഭക്ഷണമായി തരും,’ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച മഹാലക്ഷ്മിയുടെ വാക്കുകളിങ്ങനെ. ഒരുമിച്ച് നിൽക്കുന്ന ഫോട്ടോയും രവീന്ദർ പങ്കുവെച്ചിട്ടുണ്ട്. ​ഗോസിപ്പ് പരത്തുന്നവരോട് ഇതിനൊരു അവസാനം ഇല്ലേയെന്നും രവീന്ദർ ചോദിക്കുന്നു. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായെത്തിയിരിക്കുന്നത്. പൊതുവെ ഇത്തരം ​ഗോസിപ്പുകളോട് മഹാലക്ഷ്മി പ്രതികരിക്കാറില്ല.

 

Articles You May Like

x