രാത്രി സെക്കൻ്റ് ഷോയൊക്കെ കണ്ട് തിരിച്ച് വരുന്ന സമയത്ത് വാതിൽ തുറന്ന് തരുന്നത് ബാപ്പയാണ്, പെട്ടെന്ന് മരിച്ചപ്പോൾ വല്ലാത്ത ഷോക്കായി, ഇനി മുതൽ നമ്മളാണ് ബാപ്പമാരെന്ന് ഇച്ചാക്ക പറഞ്ഞു; ഇബ്രാഹിം കുട്ടി

മലയാളികളുടെ പ്രിയതാരമാണ് മമ്മൂട്ടി. കാലങ്ങൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ, എന്നും ഓർത്തുവയ്ക്കാൻ നിരവധി കഥാപാത്രങ്ങളാണ് അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചത്. വ്യത്യസ്തതയാർന്ന കഥാപാത്രങ്ങളുമായി ഇന്നും പ്രേക്ഷ്ഷകരെ അമ്പരപ്പിച്ച് കൊണ്ടിരിക്കുന്ന മമ്മൂട്ടിയെ കുറിച്ച് സഹോദരൻ ഇബ്രാഹിം കുട്ടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

ഞങ്ങൾ ഇച്ചാക്കയെന്നാണ് മമ്മൂട്ടിയെ വിളിക്കുന്നതെന്നും ബാപ്പ മരിച്ചപ്പോഴാണ് മമ്മൂട്ടി പൊട്ടിക്കരഞ്ഞിട്ടുള്ളതെന്നും ഇബ്രാഹിം കുട്ടി പറയുന്നു.”ബാപ്പ മരിച്ച സമയമായിരുന്നു ഞങ്ങൾ ഏറ്റവും കൂടുതൽ ഫീൽ ചെയ്ത നിമിഷം. ബാപ്പ വളരെ ഫ്രണ്ട്‌ലിയായിരുന്നു. രാത്രി സെക്കന്റ് ഷോയൊക്കെ കണ്ട് തിരിച്ച് വരുന്ന സമയത്ത് വാതിൽ തുറന്ന് തരുന്നത് ബാപ്പയാണ്. ബാപ്പ പെട്ടെന്ന് മരിച്ചപ്പോൾ വല്ലാത്ത ഷോക്കായി. ബാപ്പ മരിച്ചു, ഇനി മുതൽ നമ്മളാണ് ബാപ്പമാർ. മക്കളെന്ന സ്ഥാനം പോയെന്ന് ചടങ്ങുകളൊക്കെ കഴിഞ്ഞപ്പോൾ ഇച്ചാക്ക പറഞ്ഞു. അതെപ്പോഴും മനസ്സിലുണ്ട്, അന്ന് മാത്രമാണ് മൂപ്പര് പൊട്ടിക്കരഞ്ഞത്”, എന്നാണ് ഇബ്രാഹിം കുട്ടി പറയുന്നു. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മമ്മൂട്ടി ദേഷ്യക്കാരനല്ലെന്നും പറയാനുള്ളത് അപ്പോൾ തന്നെ പറയുന്ന വ്യക്തിയാണ് അദ്ദേഹമെന്നും ഇബ്രാഹിം കുട്ടി പറയുന്നു. സ്‌നേഹിക്കാൻ തോന്നുമ്പോൾ സ്‌നേഹിക്കും. അടിക്കാൻ തോന്നുമ്പോൾ അടിക്കാനും ഇപ്പോഴും മമ്മൂട്ടിക്ക് ഒരു മടിയുമില്ല. ഇപ്പോഴും ഞാനെന്തെങ്കിലും പറഞ്ഞാൽ പുള്ളിക്ക് അടിക്കണമെന്ന് തോന്നിയാൽ അടിക്കുമെന്നും അദ്ദേഹം പറയുന്നു.

അതേസമയം, കാതൽ എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി റിലീസിന് കാത്തിരിക്കുന്നത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് തെന്നിന്ത്യൻ താരസുന്ദരി ജ്യോതിക ആണ്. 2022 ഒക്ടോബർ 18നാണ് അഭ്യൂഹങ്ങൾക്ക് ഒടുവിൽ കാതൽ ഔദ്യോ​ഗികമായി പ്രഖ്യാപിച്ചത്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

x