അത് കോക്ക്പിറ്റ് ആണെന്ന് അറിഞ്ഞില്ല, ഒരു ഡോർ തുറന്ന് കോഫി ഉണ്ടോ എന്ന് ചോദിച്ചതാണ്; കോക്ക്പിറ്റിൽ കയറിയ സംഭവത്തെക്കുറിച്ച് ഷൈൻ ടോം

സിനിമയ്ക്ക് പുറത്തുള്ള കാരണങ്ങളാൽ എപ്പോഴും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് ഷൈൻ ടോം ചാക്കോ. വിമാനത്തിൻറെ കോക്ക്പിറ്റിനുള്ളിൽ കയറാൻ ശ്രമിച്ചതിന് ദുബൈ എമിഗ്രേഷൻ ഉദ്യോഗസ്ഥർ ഷൈനിനെ തടഞ്ഞുവച്ച സംഭവം കഴിഞ്ഞ വർഷം ഡിസംബറിലാണ് വാർ ത്താപ്രാധാന്യം നേടിയത്. സ്വതസിദ്ധമായ നർമ്മത്തോടെയായിരുന്നു പിന്നീട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ഷൈനിന്റെ പ്രതികരണം. കോക്ക്പിറ്റ് എന്താണെന്ന് നോക്കാൻ പോയതാണെന്നും ഇത് പൊന്തിക്കുമോ എന്ന കാര്യത്തിൽ തനിക്ക് വലിയ ഉറപ്പില്ലെന്നുമൊക്കെ ഷൈൻ പറഞ്ഞു. ഇപ്പോഴിതാ സംഭവിച്ചത് എന്തെന്ന് മറ്റൊരു കാരണം പറയുകയാണ് അദ്ദേഹം. ഏഷ്യാനെറ്റിൻറെ കുക്ക് വിത്ത് കോമഡി പരിപാടിയിൽ പങ്കെടുക്കവെ അവതാരകയായ മീര നന്ദൻറെ ചോദ്യത്തിന് മറുപടിയായാണ് ഷൈനിൻറെ പ്രതികരണം.

“ഫ്ലൈറ്റിൽ ആകെക്കൂടി ബാത്ത്‍റൂം, ഇരിക്കാനുള്ള സ്ഥലം, കോക്ക്പിറ്റ് ഇങ്ങനെ മൂന്ന് സ്ഥലങ്ങളേ ഉള്ളൂ. ഇതിൻറെ വാതിലൊക്കെ ഏകദേശം ഒരേപോലെ ഇരിക്കും. ഞാൻ ഒരു കോഫി ചോദിച്ച് ചെന്നതാണ്. അവിടെ ചെന്നപ്പോൾ കോഫി മെഷീൻ ഒന്നുമില്ല. അപ്പോൾ ഞാൻ ഒരു ഡോർ തുറന്ന് കോഫി ഉണ്ടോ എന്ന് ചോദിച്ചു. യൂ മസ്റ്റ് റിക്വസ്റ്റ് എന്നായിരുന്നു അവരുടെ പ്രതികരണം. പുറത്ത് ആരെയും കണ്ടില്ല, അതുകൊണ്ടാണ് അകത്ത് കയറി ചോദിക്കാമെന്ന് കരുതിയതെന്ന് ഞാൻ പറഞ്ഞു. എനിക്ക് അകത്തേക്ക് വരാമോ എന്നും ചോദിച്ചു”, ഷൈൻ ടോം ചാക്കോ പറയുന്നു.

അതേസമയം വി കെ പ്രകാശ് സംവിധാനം ചെയ്ത ലൈവ് ആണ് ഷൈൻ ടോമിന്റേതായി അവസാനം പ്രദർശനത്തിനെത്തിയ ചിത്രം. എസ് സുരേഷ്ബാബു രചന നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൽ മംമ്ത മോഹൻദാസ്, സൗബിൻ ഷാഹിർ, പ്രിയ വാര്യർ, കൃഷ്ണ പ്രഭ, അക്‌ഷിത, രശ്മി സോമൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Articles You May Like

x