എന്നെ കണ്ടതും കെട്ടിപ്പിടിച്ചു, മരിക്കും മുൻപ് എനിക്ക് ആ സീരിയലിൻ്റെ ക്ലൈമാക്സ് അറിയണം എന്ന് പറഞ്ഞു, അദ്ദേഹം സീരിയൽ കണ്ട് വേദന മറക്കുന്നുണ്ടെന്ന് എനിക്ക് മനസിലായി; അത് തന്നെ സന്തോഷിപ്പിച്ചെന്ന് കൃഷ്ണകുമാർ

മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. കൃഷ്ണ കുമാറിനൊപ്പം അഹാനയും സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ്. കൃഷ്ണകുമാറിനെയും അഹാനയെയും പോലെ കുടുംബത്തിലെ മറ്റുള്ളവരും സോഷ്യൽ മീഡിയകളിൽ സജീവമാണ്. കൃഷ്ണ കുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയും മലയാളികൾക്ക് പ്രിയങ്കയാണ്. സോഷ്യൽ മീഡിയകളിലൂടെയും യൂട്യൂബിലൂടെയുമൊക്കെ സിന്ധുവും മലയാളികൾക്ക് സുപരിചിതയാണ്.

വീട്ടിലെ കാര്യങ്ങളും മക്കളുടെ വിശേഷങ്ങളുമാണ് വീഡിയോയിലൂടെ പങ്കുവെയ്‌ക്കാറുള്ളത്. ഇടയ്‌ക്ക് സിന്ധുവിനൊപ്പം കൃഷ്ണകുമാറും വീഡിയോയിൽ പ്രത്യക്ഷപ്പെടാറുണ്ട്. എല്ലാ വീഡിയോയിലൂടെയും ഒരോ കാര്യങ്ങളായിരുന്നു പങ്കുവെയ്‌ക്കുന്നത്. പുതിയ വീഡിയോയിൽ സിന്ധുവിനൊപ്പം കൃഷ്ണകുമാറും എത്തി. പഴയ ഓർമ്മ പങ്കുവെയ്‌ക്കുന്നതിനായിരുന്നു താരം എത്തിയത്.

താരത്തിന്റെ വാക്കുകൾ:

ഹാജയുടെ മകളുടെ കല്യാണത്തിന് പോയപ്പോൾ ഷംസുവിനെക്കുറിച്ച്‌ ചോദിച്ചിരുന്നു. ഹാജയുടെ സഹോദരിയുടെ ഭർത്താവാണ് ഷംസു. അദ്ദേഹം മരിച്ചുപോയി. പുള്ളി നല്ല ജോളിയാണ്. തൃശ്ശൂര് വെച്ച്‌ എനിക്കൊരു ആക്സിഡന്റ് സംഭവിച്ചിരുന്നു. മൂന്ന് നാല് സ്റ്റിച്ച്‌ ഇടേണ്ടി വന്നു. ഷൂട്ടിനിടയിലായിരുന്നു അത്. ഷൂട്ടിനിടയിൽ ഫ്രീയാണെങ്കിൽ കാൻസർ വാർഡിലേക്ക് ഒന്ന് വരണമെന്ന് ആശുപത്രി അധികൃതർ എന്നോട് പറഞ്ഞിരുന്നു. ആളുകളോട് ഇടപഴകാൻ ഇഷ്ടമുള്ളത് കൊണ്ട് വരാമെന്ന് ഞാൻ സമ്മതിച്ചിരുന്നു.

മൂന്ന് നാല് റൂമുകളിൽ കയറാനും എന്നോട് അവർ ആവശ്യപ്പെട്ടിരുന്നു. ഒരു റൂമിലേക്ക് ഞാൻ ചെല്ലുമ്പോൾ അവിടെ ഭാര്യയും ഭർത്താവും എന്നെക്കുറിച്ച്‌ സംസാരിക്കുന്നതാണ് കേട്ടത്. നമ്മൾ കാണുന്ന സീരിയലില്ലേ, അതിലെ കൃഷ്ണകുമാർ ഇവിടെ വന്നിട്ടുണ്ട്. അടുത്ത് കിട്ടിയിരുന്നെങ്കിൽ പുള്ളിയോട് ഒരു കാര്യം ചോദിക്കാനുണ്ടായിരുന്നുവെന്ന് ഭർത്താവ് പറഞ്ഞ് നിർത്തുമ്പോഴാണ് ഞാൻ കയറിച്ചെല്ലുന്നത്. എന്നെ കണ്ടതും അദ്ദേഹം കെട്ടിപ്പിടിച്ചു. ഡോക്ടർ രക്ഷപ്പെടുമെന്നൊക്കെ പറയുന്നുണ്ട്, എനിക്ക് വലിയ ഉറപ്പൊന്നുമില്ല, മരിക്കും മുൻപ് എനിക്കൊരു കാര്യം അറിയണമെന്നുണ്ടായിരുന്നു. ഇതിന്റെ ക്ലൈമാക്സ് എന്താണെന്നായിരുന്നു ചോദ്യം. അന്നത്തെ എപ്പിസോഡ് പോലും ലൊക്കേഷനിൽ ഇരുന്നാണ് എഴുതുന്നതെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു.

വേദന അനുഭവിക്കുന്നതിനിടയിലും അദ്ദേഹം സീരിയൽ കണ്ട് അത് മറക്കുന്നുണ്ടെന്ന് എനിക്ക് മനസിലായി. അതെന്നെ ഒരുപാട് സന്തോഷിപ്പിച്ച കാര്യമാണ്. കിട്ടുന്ന സമയത്ത് ആശുപത്രിയിലൊക്കെ പോയി വേദനിക്കുന്നവർക്ക് ആശ്വാസം പകരണമെന്ന് ഞാൻ കൂട്ടുകാരോടും പറയാറുണ്ട്. ആർസിസിയിൽ ഞാൻ മക്കളേയും കൂട്ടി പോയിരുന്നു. ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ തോന്നുമ്പോൾ തന്നെ ചെയ്യണം. നാളേക്ക് എന്ന് പറഞ്ഞ് മാറ്റിവെക്കരുതെന്നുമായിരുന്നു കൃഷ്ണകുമാർ പറഞ്ഞത്.

Articles You May Like

x