നൂറ് ശതമാനം കൃത്യനിഷ്ഠതയുള്ള നടൻ, അടുത്ത സിനിമയിലെ ആദ്യത്തെ പേര് ഷൈൻ ടോം ചാക്കോയുടേതായിരിക്കുമെന്ന് ബി ഉണ്ണികൃഷ്ണൻ

കൊച്ചി: ഞാൻ സിനിമ ചെയ്യുന്നുണ്ടെങ്കിൽ കാസ്റ്റിംഗിൽ ആദ്യത്തെ പേര് ഷൈൻ ടോം ചാക്കോയുടേത് ആയിരിക്കുമെന്ന് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. നൂറ് ശതമാനം കൃത്യനിഷ്ഠയും ഉത്തരവാദിത്തവുമുള്ള അഭിനേതാവാണ് ഷൈൻ ടോം ചാക്കോയെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. വികെ പ്രകാശ് ചിത്രം ‘ലൈവി’ൻ്റെ ഓഡിയോ ലോഞ്ചിലാണ് ബി ഉണ്ണികൃഷ്ണൻ്റെ പ്രതികരണം. സിനിമ രംഗത്തെ മോശം പെരുമാറ്റം അഭ്യർത്ഥിച്ച് ഷെയ്ൻ നിഗവുമായി ശ്രീനാഥ് ഭാസിയുമായി സഹകരിക്കില്ലെന്ന് സിനിമ സംഘടനകൾ പറഞ്ഞ പശ്ചാത്തലത്തിലാണ് ഫെഫ്കയുടെ ജനറൽ സെക്രട്ടറി കൂടിയായ ബി ഉണ്ണികൃഷ്ണൻ പരാമർശമെന്നത് ശ്രദ്ധേയമാണ്.

“ഞാൻ സിനിമ ചെയ്യുന്നുണ്ടെങ്കിൽ എന്തെങ്കിലും നിവൃത്തിയുണ്ടെങ്കിൽ കാസ്റ്റിംഗിലെ ആദ്യത്തെ പേര് ഷൈൻ ടോം ചാക്കോയുടേത് ആയിരിക്കും. അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നത് ഞാൻ അത്രത്തോളം ആസ്വദിച്ചിട്ടുണ്ട്. നിരവധി ഊഹാപോഹങ്ങൾ ഇപ്പോൾ അന്തരീക്ഷത്തിലുണ്ട്. ഒരു അഭിനേതാവെന്ന നിലയിൽ നൂറുശതമാനം കൃത്യനിഷ്ഠയും, ഉത്തരവാദിത്തബോധവും ഉള്ള ആളാണ് ഷൈൻ ടോം ചാക്കോ” എന്നാണ് ബി ഉണ്ണികൃഷ്ണൻ പറഞ്ഞത്. ബി ഉണ്ണികൃഷ്ണൻ്റെ ഒടുവിൽ തിയേറ്ററുകളിൽ എത്തിയ ‘ക്രിസ്റ്റഫർ’ എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ ഷൈൻ എത്തിയിരുന്നു.

എസ് സുരേഷ്ബാബുവിൻ്റെ രചനയിൽ വികെ പ്രകാശ് അണിയിച്ചൊരുക്കുന്ന ചിത്രമാണ് ‘ലൈവ്’. മാധ്യമങ്ങളിലെത്തുന്ന വ്യാജവാർത്തകൾ സാധാരണക്കാരെ എങ്ങനെ ബാധിക്കുന്നു എന്നതാണ് ചിത്രത്തിൻറെ പ്രമേയം. നേരത്തെ ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വലിയ തരംഗമായിരുന്നു. മംമ്ത മോഹൻദാസ്, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, പ്രിയ വാര്യർ, കൃഷ്ണ പ്രഭ, രശ്മി സോമൻ എന്നിങ്ങനെ ആകർഷകമായ താരനിരയാണ് ചിത്രത്തിലുള്ളത്. ഫിലിംസ്24 ന്റെ ബാനറിൽ ദർപ്പൺ ബംഗേജ, നിതിൻ കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഇരുവരുടെയും മലയാളത്തിലെ ആദ്യ സിനിമാസംരംഭമാണ് ‘ലൈവ്’.

Articles You May Like

x