
അപകടത്തിന് ശേഷം രക്ഷിക്കണമെന്ന് ആംഗ്യം കാണിക്കുന്ന കൈപത്തി മാത്രമാണ് കണ്ടത്, സ്ട്രക്ചറിൽ കിടത്തുന്ന സമയത്ത് അയാൾ പിടയ്ക്കുന്നുണ്ടായിരുന്നു, എന്നെ വിട്, കൊല്ലാൻ കൊണ്ടുപോകുകയാണോ എന്ന് ചോദിച്ചു, ആശുപത്രിയിൽ എത്തിയ ശേഷമാണ് ജഗതി ആയിരുന്നു എന്ന് മനസിലായത്: ഡ്രൈവർ പറയുന്നു
മലയാളികളുടെ ഹാസ്യ സാമ്രാട്ടാണ് ജഗതി ശ്രീകുമാർ. അപകടം പറ്റി വീട്ടിൽ കഴിയുന്ന താരത്തിന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അടുത്തിടെയാണ് താരം എഴുപതാം ജന്മദിനം ആഘോഷിച്ചത്.
അന്നത്തെ വാഹനാപകടത്തിൽ ജഗതിയ്ക്ക് രക്ഷയായത് ഒരു ആംബുലൻസ് ഡ്രൈവറായ ഉണ്ണികൃഷ്ണൻ ആണ്. വളാഞ്ചേരി സ്വകാര്യ ആശുപത്രിയിൽ നിന്ന് ഒരു ഗർഭിണിയെ അടിയന്തരമായി കോഴിക്കോട് മീംസിലേക്ക് എത്തിക്കുകയായിരുന്നു ഉണ്ണികൃഷ്ണൻ. രണ്ട് നഴ്സുമാരും ഉണ്ണികൃഷ്ണന്റെ ആംബുലൻസിൽ ഉണ്ടായിരുന്നു. ഗർഭിണിയായ യുവതിയെ മീംസിൽ എത്തിച്ച ശേഷം ഉണ്ണികൃഷ്ണൻ തിരിച്ചുവരുന്നതിനിടെയാണ് ഇന്നോവ കാർ അപകടം പറ്റിയത് കാണുന്നത്.
‘ഡിവൈഡറിൽ തട്ടി ഒരു ഇന്നോവ കാർ റോഡിന്റെ മധ്യത്തിലായി കിടക്കുകയായിരുന്നു. വണ്ടിയുടെ ഹെഡ് ലൈറ്റ് മുഖത്തേക്ക് അടിക്കുന്ന തരത്തിലായിരുന്നു. വേഗം അവിടെ ഇറങ്ങി. വാഹനത്തിന്റെ അടുത്തേക്ക് പോയി. ഡ്രൈവർ സീറ്റിന്റെ അടുത്തുള്ള ഗ്ലാസ് ചെറുതായി താഴ്ത്തിയ നിലയിലാണ്. അതിനുള്ളിലൂടെ ഒരാൾ കൈ വീശുന്നുണ്ട്. രക്ഷിക്കണമെന്ന് ആംഗ്യം കാണിക്കുന്ന കൈപത്തി മാത്രമാണ് കണ്ടത്. വണ്ടിയുടെ ഡ്രൈവർ ആയിരുന്നു അത്.

വണ്ടിയിലെ മറ്റൊരു യാത്രക്കാരനും മുൻപിലെ സീറ്റിലുണ്ടായിരുന്നു. അയാൾക്ക് നന്നായിട്ട് പരുക്കേറ്റിരുന്നു. വണ്ടി തിരിച്ച് സ്ട്രക്ചർ എടുത്ത് അപകടം പറ്റിയ ആളെ അതിലേക്ക് കയറ്റി. സ്ട്രക്ചറിൽ കിടത്തുന്ന സമയത്ത് അയാൾ പിടയ്ക്കുന്നുണ്ടായിരുന്നു. എന്നെ വിട്, കൊല്ലാൻ കൊണ്ടുപോകുകയാണോ എന്നൊക്കെ അയാൾ പറയുന്നുണ്ടായിരുന്നു. പിന്നീട് ആശുപത്രിയിൽ എത്തിച്ച ശേഷമാണ് അത് നടൻ ജഗതിയാണെന്ന് അറിയുന്നതെന്ന് ഉണ്ണികൃഷ്ണൻ പറയുന്നു.
2012 മാർച്ച് 10ന് കാലിക്കട്ട് സർവകലാശാലക്ക് സമീപത്ത് പാണമ്പ്രയിലെ വളവിൽ വെച്ചാണ് ജഗതിക്ക് അപകടം സംഭവിച്ചത്. ജഗതി സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ചാണ് അപകടം നടന്നത്. തിരുവമ്പാടി തമ്പാൻ, ഇടവപ്പാതി, ഗ്രാൻഡ് മാസ്റ്റർ, കിംഗ് ആൻഡ് കമ്മീഷണർ, മാസ്റ്റേഴ്സ്, കൗബോയ്സ്, സ്ട്രീറ്റ് ലൈറ്റ്, ബോംബെ മിഠായി തുടങ്ങി പത്തോളം ചിത്രങ്ങളിലായിരുന്നു ജഗതി അന്ന് അഭിനയിച്ച് വന്നിരുന്നത്. ജഗതിയെ ഒഴിവാക്കിയും കഥയിൽ മാറ്റം വരുത്തിയും പലരും പടം പൂർത്തിയാക്കുകയായിരുന്നു. തിരുവമ്പാടി തമ്പാന്റെ ലൊക്കേഷനിൽ നിന്നും ഇടവപ്പാതിയുടെ ലൊക്കേഷനിലേക്ക് പോകുംവഴിയായിരുന്നു അപകടം സംഭവിച്ചത്.

അപകടത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റതിനെത്തുടർന്ന് 11 വർഷമായി സിനിമയിൽ നിന്നു വിട്ടു നിൽക്കുന്ന ജഗതി കഴിഞ്ഞ വർഷം രണ്ടു പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചതോടെ അഭിനയരംഗത്തേക്കുള്ള മടങ്ങി വരവിന്റെ പാതയിലാണ്. ആരോഗ്യം വീണ്ടെടുത്ത് അദ്ദേഹം വെള്ളിത്തിരയിൽ സജീവമാകട്ടെ എന്നാണ് അദ്ദേഹത്തെ സ്നേഹിക്കുന്നവർ ഇപ്പോൾ ആശംസിക്കുന്നത്.