ചേട്ടൻ പോയതോടെ ഞങ്ങൾ ഏഴാം കൂലികളായി, എല്ലാവരേയും സഹായിച്ച മണിച്ചേട്ടന്റെ കുടുംബത്തെ സഹായിക്കാൻ ഇപ്പോൾ ആരുമില്ല

മലയാള ചലച്ചിത്ര നാടൻപാട്ട് മേഖലകളിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച അനശ്വര നടനാണ് കലാഭവൻ മണി. ചാലക്കുടിയുടെ സ്വന്തം കറുത്തമുത്ത് . മലയാള സിനിമയിലെ പകരം വെക്കാനാകാത്ത കരുമാടി കുട്ടൻ. തന്റെ അഭിനയകല കൊണ്ട് മാത്രമല്ല ഒരുപാട് നന്മയുള്ള പ്രവർത്തികൾ കൊണ്ട് ജനഹൃദയങ്ങളിലേക്ക് ചേക്കേറിയവനാണ് നമ്മുടെ സ്വന്തം ചാലക്കുടിക്കാരൻ. ആ മണിനാദം നിലച്ചിട്ട് ഇന്നേക്ക് അഞ്ചു വർഷം തികയുന്നു. ജീവിച്ചിരുന്നപ്പോൾ ഒക്കെയും ഒരുപാട് പേരെ അകമഴിഞ്ഞു സഹായിച്ചു, ഒരുപാട് ജീവനുകളെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ മനുഷ്യ സ്നേഹിയാണ് മണി. എന്നാൽ അങ്ങനെയുള്ള ഒരു മനുഷ്യന്റെ കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ അന്വേഷിക്കാൻ പോലും ആരുമില്ല.

മണിയുടെ മരണത്തിൽ നിന്ന് കുടുംബം ഇപ്പോഴും കരകയറിയിട്ടില്ല. മണി പോയതോടെ വീണ്ടും അവർ പഴയതുപോലെ ഏഴാംകൂലികളായി എന്നായിരുന്നു ഉയിർ പാതിയായ മണിയുടെ സഹോദരൻ ആർ എൽ വി രാമകൃഷ്ണൻ അഭിപ്രായപ്പെടുന്നത്. സാമ്പത്തിക സഹായം മാത്രമല്ല,  ഞങ്ങൾക്കു വേണ്ടി സംസാരിക്കാൻ ഒരാളുണ്ട് എന്ന തോന്നലുണ്ടായിരുന്നു നിറകണ്ണുകളോടെ അദ്ദേഹം പറയുന്നു. തന്നെക്കുറിച്ച് പറയുന്നതിനേക്കാളേറെ അദ്ദേഹം ചേട്ടന്‍ നല്‍കിയ സ്‌നേഹവായ്പുകളെ കുറിച്ചാണ് സംസാരിക്കുന്നത്.

കലാഭവൻ മണിയുടെ അതെ രൂപവും ഭാവവും ശബ്ദവും ഉള്ള മണിയുടെ സ്വന്തം ചോര, ഒരു നിമിഷം നമ്മെ ഇത് നമ്മുടെ മണി ആണോ എന്ന് ചിന്തിപ്പിക്കുന്നു. ആത്മഹത്യയുടെ മുനമ്പിൽ നിന്നും കഷ്ടിച്ച് രക്ഷപെട്ട വ്യക്തിയാണ് രാമകൃഷ്ണൻ. സമൂഹം ദളിതൻ എന്ന പട്ടം ചാർത്തി മുറിവേൽപ്പിച്ചപ്പോൾ തളർന്നിട്ടില്ല എന്നാൽ ജന്മസിദ്ധമായ കല അവതരിപ്പിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടപ്പോൾ തന്റെ മുന്നിൽ ഉണ്ടായിരുന്ന വഴി ഇതു മാത്രമായിരുന്നു കണ്ണീരും കദനവും ഇഴചേരുന്ന ഈ വാക്കുകൾ രാമകൃഷ്ണന്റെതാണ് . ഒരുപക്ഷേ കലാഭവൻ മണി എന്ന പ്രതിഭ ഇന്ന് ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ഈ കുടുംബത്തിനു ഇത്തരമൊരു അവസ്ഥ ഒരിക്കലും ഉണ്ടാകുമായിരുന്നില്ല .

ജാതി ഭേദം മത ദ്വേഷം ഇതൊന്നുമില്ലാതെ എല്ലാവരും സഹോദരതുല്യനെ ജീവിക്കുന്നു എന്നുപറഞ്ഞ് കൊണ്ട് വീമ്പിളക്കുന്ന അതേ സാക്ഷര കേരളത്തിൽ ആണ് ഇത്തരമൊരു ദുരഭിമാന സംഭവം അരങ്ങേറുന്നത്. ദലിതനായി എന്നതു കൊണ്ടു മാത്രം മികച്ച കലാകാരന് അവസരം നിഷേധിക്കപ്പെടുന്നത് ആധുനിക കാലഘട്ടത്തിലും വര്‍ണ വ്യവസ്ഥയും ജാതീയതയും താലോലിക്കപ്പെടുന്നു എന്നതിനു തെളിവാണ്. രാമകൃഷ്ണനെ വാക്കുകളിലൂടെ ,സമൂഹത്തിലെ ഏറ്റവും താഴെക്കിടയിലുള്ളവരാണു ഞങ്ങൾ. ദൈവം ഞങ്ങള്‍ക്ക് അൽപം കലാവാസന തന്നു. അതുകൊണ്ടു ജീവിച്ചോളാൻ പറഞ്ഞു. അതിനും സമ്മതിക്കാതിരുന്നാൽ പിന്നെ, എന്തു ചെയ്യും. എന്തിനാണു ജീവിച്ചിരിക്കുന്നതെന്നു പോലും തോന്നി.

അങ്ങനെയാണ് ഒരു ദുർബലനിമിഷത്തിൽ മരിക്കാൻ തോന്നിയത്.’’ ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും നഷ്ടമായപ്പോൾ തന്റെ ഹൃദയരക്തം കൊണ്ട് തന്റെ അവസാന വാക്കുകൾ കുറിച്ചത് ഇങ്ങനെ.‘അയിത്തമുള്ള പറയ സമുദായക്കാരനാണു സർ; ക്ഷമിക്കണം. ചിലങ്ക കെട്ടി ജീവിക്കാൻ അനുവദിക്കുന്നില്ലെങ്കിൽ പിന്നെ, എന്തിനാണ് ഈ ജീവിതം? ജാതിവിവേചനവും ലിംഗവിവേചനവും ഉള്ള ഈ സമൂഹത്തിൽ എന്തിനാണു ജീവിക്കുന്നത്…’ ഈ വാക്കുകൾ നാം ഓരോരുത്തരെയും ചിന്തിപ്പിക്കുന്നവയാണ്.

അർഹതപ്പെട്ടവർക്ക് ഉള്ള അവസരങ്ങൾ നിഷേധിക്കുന്നത് എന്തൊരു അനീതിയാണ്. പ്രത്യേകിച്ച് ഇടതുപക്ഷ അനുഭാവിയായ ഒരു കലാകാരന്റെ സഹോദരനെ അതേ ഇടതുപക്ഷ സർക്കാർ അധികാരത്തിലിരിക്കുമ്പോൾ തന്നെ തഴയു ന്നതും തളർത്തുന്നതും.. മോഹിനിയാട്ടത്തില്‍ ഉന്നത ബിരുദങ്ങളും േഡാക്ടറേറ്റും ഉണ്ടായിട്ടും ഒരു സർക്കാർ സ്ഥാപനത്തിൽ കേവലം ഇരുപതു മിനിറ്റ് നൃത്തം ചെയ്യാൻ ഈ കലാകാരനെ അനുവദിച്ചില്ല. കലാകാരനായി ജീവിക്കാൻ പറ്റുന്നില്ലെങ്കിൽ മരണമാണു ഭേദമെന്നു തോന്നിയ ദുർബലനിമിഷത്തില്‍.

ഒരുപിടി ഉറക്കഗുളികയിൽ എല്ലാം അവസാനിപ്പിക്കാന്‍ അയാള്‍ തീരുമാനിച്ചു. പക്ഷേ, ദൈവത്തിന്റെ ഇടപെടൽ അപ്പോഴുമുണ്ടായി. അയാൾക്ക് ഇനിയും എന്തൊക്കെയോ ചെയ്യാനുണ്ടെന്ന തോന്നൽ ആയിരിക്കണം അവസാനിച്ചു പോകുമായിരുന്ന ജീവിതം തിരികെ കിട്ടിയത്. ഇതേ സാഹചര്യങ്ങളിൽ തന്നെയാണ് മണി എന്ന കലാകാരൻ പൊരുതി ജീവിതം പടുത്തുയർത്തിയത്. അതിനുള്ള ഉത്തരം ആയി രാമകൃഷ്ണൻ പറഞ്ഞത് ഇങ്ങനെയാണ്.ചേട്ടന്‍ വലിയ കലാകാരനായത് ആരും ഔദാര്യം കാണിച്ചിട്ടല്ല.

എനിക്ക് ഇപ്പോഴും ഓർമയുണ്ട്. ചേട്ടനും ഞാനും ഉത്സവപ്പറമ്പുകളിൽ ചെന്നു ഭാരവാഹികളോടു യാചിക്കും, ‘ഒരു പത്തു മിനിറ്റ് തരണം, രണ്ടു പാട്ട് പാടാനുള്ള അവസരം തരണം’ എന്നൊക്കെ. ചിലർ സമ്മതിക്കും. ചിലർ ആട്ടിയോടിക്കും. തല്ല് കിട്ടിയ അവസരങ്ങൾ വരെയുണ്ട്. ഏതെങ്കിലുമൊരു അമ്പലത്തിലെ ഉത്സവ നോട്ടീസിൽ പേരു വച്ചു പരിപാടി അവതരിപ്പിക്കണം എന്നത് ചേട്ടന്റെ വലിയ ആഗ്രഹമായിരുന്നു അന്ന്. ഭാഗ്യത്തിന് ചേട്ടൻ സിനിമയിലെത്തി. അതോടെ ചേട്ടനെ എല്ലാവരും അറിഞ്ഞു.

ഞാനൊരു നർത്തകനാണ്. മണിയുടെ അനുജൻ എന്ന മേൽവിലാസമാണ് എനിക്ക് അതൊരു ഭാഗ്യമാണ്. ഇത് പറയുന്നതിനോടൊപ്പം ചേട്ടനുമായി തന്റെ കഴിഞ്ഞുപോയ ചില കണ്ണീരോർമ്മകൾ അദ്ദേഹം ഓർത്തെടുക്കുന്നു. രാമകൃഷ്ണൻ കോളജിൽ പോകാൻ തുടങ്ങിയതിനു ശേഷമാണ് മണിക്ക് മിമിക്രിയും സിനിമയും വരുമാനവുമൊക്കെയായത്. അതുവരെ മണിയെപ്പോലെ പല ജോലിയും െചയ്താണ് രാമകൃഷ്ണനും പഠിച്ചത്. അതിരാവിലെ ചാലക്കുടി ഓട്ടോ സ്റ്റാൻഡിൽ ഓട്ടോ കഴുകാൻ പോയി കിട്ടുന്ന രണ്ടു രൂപ കൂലി അന്നൊരു അനുഗ്രഹമായിരുന്നു. പത്ത് ഓട്ടോറിക്ഷ കഴുകിയ േശഷമാണ് സ്കൂളിൽ പോകുന്നത്. വൈകുന്നേരം ഒരു ചിട്ടിക്കമ്പനിക്കു വേണ്ടി പൈസ പിരിവ്. അവധിദിവസങ്ങളിൽ കൂലിപ്പണി.

ഈ കഷ്ടപ്പാടിനിടയിലും വലിയ കലാകാരന്മാരായി പേരെടുക്കണം എന്നായിരുന്നു ഇരുവരുടെയും ആഗ്രഹം. അതിനു വേണ്ടി എന്തു ത്യാഗത്തിനും തയാറായിരുന്നു. ജാതിവിവേചനവും അയിത്തവും കുട്ടിക്കാലത്തും ഉണ്ടായിട്ടുണ്ട് കടുത്ത ദാരിദ്ര്യം മാത്രമല്ലായിരുന്നു തങ്ങൾ നേരിട്ടിരുന്നതെന്നും അദ്ദേഹം പറയുന്നു. മണിയുടെ ഓർമ്മകൾക്കു മുമ്പിൽ വിതുമ്പുകയാണ് രാമകൃഷ്ണൻ. കല്യാണ വീടുകളിലൊക്കെ എച്ചിലു പെറുക്കാൻ പോകുമായിരുന്നു ഞങ്ങൾ. ഭക്ഷണം കഴിച്ചതിനുശേഷം ആൾക്കാര്‍ കൊണ്ടിടുന്ന ഇലയിൽ നിന്നു പഴവും കറികളുമൊക്കെ പാത്രത്തിലാക്കി വീട്ടിൽ കൊണ്ടുപോകും. ആ ചോറും കറിയും ചൂടാക്കിയാണ് കുറച്ചു ദിവസം കഴിക്കുന്നത്.

അയൽപക്കത്തെ സമ്പന്നവീടുകളിൽ നിന്ന് വിശഷ ദിവസങ്ങളില്‍ ആഹാരം തരും. ഇഡ്ഡലിയും സാമ്പാറും ചോറും കറികളുമെല്ലാം കൂടി ഒരു കൂടയിലാക്കി ഗേറ്റിനടുത്തു കൊണ്ടു വയ്ക്കും. ഞാനും ചേട്ടനും അതെടുത്തു കൊണ്ടു പോരും. മുറ്റത്തേക്കു പോലും പ്രവേശനമില്ല. ഇത്തരം സംഭവങ്ങൾക്കുള്ളിൽ നിന്നു പോലും തളരാതെ ശക്തമായി ഉയരാൻ പ്രചോദിപ്പിച്ചത് ചേട്ടൻ തന്നെയാണ്. കുടുംബത്തിൽ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു ഞാൻ. ഡോക്ടറാകണമെന്നു മോഹിച്ചു. പക്ഷേ, മനസ്സ് നൃത്തത്തിലായിരുന്നു.

തൃപ്പൂണിത്തുറ ആർ എൽവി കോളജിൽ മോഹിനിയാട്ടം ഡിപ്ലോമയ്ക്കു ചേർന്നു. ആറുവർഷം അവിടെ. മോഹിനിയാട്ടത്തിൽ പോസ്റ്റ് ഡിപ്ലോമ നേടി. പിന്നീട് ഒന്നാം റാങ്കോടെ എംഎ ബിരുദം. 2018 ൽ ഡോക്ടറേറ്റ്. മോഹിനിയാട്ടത്തിലെ ആൺസ്വാധീനത്തിലായിരുന്നു രാമകൃഷ്ണൻ റെ ഗവേഷണം. തന്റെ എല്ലാ സർട്ടിഫിക്കറ്റുകളും ചേട്ടനെയാണ് ആദ്യം കാണിച്ചിരുന്നത്. പക്ഷേ, ഡോക്ടറേറ്റ് കിട്ടിയപ്പോൾ അതു കാണാൻ മാത്രം ചേട്ടൻ ഉണ്ടായില്ല. ആദ്യം ആര്‍എല്‍വിയിലും പിന്നീട് കാലടിശ്രീശങ്കര യൂണിവേഴ്സിറ്റിയിലും താൽകാലിക അധ്യാപകനായി.

ഈയിടെ ഉണ്ടായ ദുരനുഭവവും അദ്ദേഹം ഓർത്തെടുക്കുന്നു, കേരള സംഗീത നാടക അക്കാദമി തന്നെ അവഗണിച്ചത് എന്തിന്റെ പേരിലാണെന്നറിയില്ല, സൂര്യ കൃഷ്ണമൂര്‍ത്തിസാര്‍ െചയര്‍മാനായ കഴിഞ്ഞ ഭരണ സമിതി മൂന്നു പ്രാവശ്യം മോഹിനിയാട്ടം അവതരിപ്പിക്കാൻ എന്നെ വിളിച്ചിരുന്നു. കഴിഞ്ഞ നാലു വർഷമായി എന്നെ വിളിക്കുന്നില്ല. 20 മിനിറ്റ് മോഹിനിയാട്ടം അവതരിപ്പിക്കാനുള്ള അവസരത്തിനു േവണ്ടി, അപേക്ഷയുമായി അക്കാദമി സെക്രട്ടറിയെ കാണാൻ പോയി.

കോവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടെന്നു പറഞ്ഞ് കാണാൻ സമ്മതിച്ചില്ല. അദ്ദേഹത്തിന്റെ സെക്രട്ടറി എന്നെ അടിമുടി ചോദ്യം ചെയ്തു. അക്കാദമിയുടെ ചെയർപേഴ്സൻ െകപിഎസി ലളിതയെ കണ്ടെങ്കിലും ആദ്യം അനുകൂല നിലപാട് എടുത്ത അവർ പിന്നീട് നിസ്സഹായയായി കണ്ടു. ആണുങ്ങൾക്ക് മോഹിനിയാട്ടമാടാന്‍ പറ്റില്ലെന്ന് നാട്യശാസ്ത്രത്തിൽ പറഞ്ഞിട്ടുണ്ടെന്ന വിചിത്രമായ വാദവും നിരത്തി. രാമകൃഷ്ണൻ പിന്നീട് തർക്കിക്കാനോ പാണ്ഡിത്യം വിളമ്പാനോ ഒന്നും പോയില്ല. മുഖ്യമന്ത്രിക്കും സാംസ്കാരികവകുപ്പ് മന്ത്രിക്കും പരാതി കൊടുത്തു. ഒരു നടപടിയും ഉണ്ടായില്ല എന്നു മാത്രമല്ല അദ്ദേഹം എന്തോ അപരാധം ചെയ്തു, നുണ പ്രചരിപ്പിച്ചു എന്നൊക്കെ പറഞ്ഞ് അക്കാദമി ചെയർപേഴ്സന്റെ പേരിൽ പത്രപ്രസ്താവനയും കണ്ടു.

സത്യസന്ധത തെളിയിക്കാൻ മരണമല്ലാതെ മറ്റൊരു മാർഗം തന്റെ മുന്നിൽ ഇല്ലായിരുന്നു. അങ്ങനെയാണ് ആ ദുർബല നിമിഷത്തിൽ ആത്മഹത്യക്കു ശ്രമിച്ചത്. ഒരു സർക്കാരിനോട് ഏറ്റുമുട്ടാനുള്ള കഴിവൊന്നും തനിക്കില്ലെന്നും താനൊരു പാവം കലാകാരനാണെന്നും ഇടതുപക്ഷ സർക്കാരിൽ നിന്ന് ഇങ്ങനെയൊരു അയിത്തം പ്രതീക്ഷിച്ചില്ല എന്നും രാമകൃഷ്ണൻ വിതുമ്പുന്നു. സത്യസന്ധമായി ജീവിക്കാൻ അനുവദിക്കില്ലെങ്കിൽ മരണമല്ലാതെ മറ്റെന്താണു മറുപടി. എന്നും അദ്ദേഹം ചോദിക്കുന്നു, ഈ ചോദ്യത്തിനുള്ള ഉത്തരം നൽകേണ്ട മറുപടി നാം ഓരോരുത്തർക്കും ഉണ്ട്.

സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള സമുദായത്തിലെ ഒരു യുവാവിന്, കലാരംഗത്ത് ഉന്നത ബിരുദം നേടിയിട്ടും കലാപരിപാടി അവതരിപ്പിക്കാൻ അവസരം നിഷേധിച്ചതാണ്. ഒരുപക്ഷേ അദ്ദേഹം ഒരു ഉന്നത ജാതിക്കാരനായിരുന്നെങ്കിൽ ഈ പറയുന്ന അലിഖിത നിയമങ്ങളൊന്നും ബാധകമാകില്ലായിരുന്നു. കേരളത്തിലിപ്പോൾ ട്രാൻസ്ജൻഡേഴ്സിനു കൊടുക്കുന്ന പരിഗണനയെങ്കിലും തന്നെപ്പോലെ താഴ്ന്ന ജാതിക്കാർക്ക് കൊടുക്കണമെന്നും രാമകൃഷ്ണൻ അപേക്ഷിക്കുന്നു.ഇടതുപക്ഷം ഭരിക്കുമ്പോൾ മണിക്കുള്ള അവാർഡ് തഴഞ്ഞതും അദ്ദേഹം ഓർത്തെടുക്കുന്നു.

മണിയുടെ മകൾ ലക്ഷ്മി, ഒരു ഡോക്ടറാകണമെന്നും നാട്ടുകാരെ സൗജന്യമായി ചികിത്സിക്കണമെന്നുമൊക്കെ മണിയുടെ ആഗ്രഹങ്ങളായിരുന്നു. അതിനുള്ള കഠിന ശ്രമത്തിലാണ് അവള്‍. മണി വാങ്ങിയിട്ടിരുന്ന വീടുകളുടെ വാടകയിൽ നിന്നുള്ള വരുമാനം കൊണ്ടാണ് മണിയുടെ ഭാര്യയും മോളും ജീവിക്കുന്നത്.
നാലര സെന്റിലെ കുടുംബ വീട്ടിലാണ് രാമകൃഷ്ണൻ ഒരു സഹോദരിയും താമസിക്കുന്നത്. ചേട്ടൻ ഉണ്ടായിരുന്നപ്പോൾ എല്ലാവരെയും സഹായിച്ചു. ചേട്ടൻ പോയതോടെ സഹായിക്കാൻ ആരുമില്ലാതായി എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

മണിയുടെ മരണം വിഷം ഉള്ളിൽ ചെന്ന് ഉണ്ടായതാണെന്നണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കേസിനു സാക്ഷികൾ ഇല്ല എന്ന പേരിൽ അന്വേഷണം പാതിവഴിക്ക് അവസാനിപ്പിച്ച്പ്പോഴും കേസ് കേസ് തുടരണമെന്ന ആഗ്രഹം ഉണ്ടായിരുന്നു കുടുംബത്തിന്, എന്നാൽ അതിനു വേണ്ട സാമ്പത്തികം ഇല്ലാത്തതിനാൽ കേസ് അവസാനിപ്പിക്കുകയായിരുന്നു. മരണത്തിനു ശേഷം പോലും അനീതി മാത്രം മണിക്കും കുടുംബത്തിനും സമ്മാനിക്കുന്ന നീതി വക്താക്കളെ ദളിതൻ എന്ന പേരിൽ മാറ്റി നിർത്തപ്പെടുന്നവരിലും, എല്ലാവരുടെയും സിരകളിലും ഓടുന്ന അതെ രക്തം തന്നെയല്ലേ ഉള്ളത്?

x