അരിക്കൊമ്പനെ സിനിമയിലെടുത്തു ! പോസ്റ്റ‍ർ പങ്കുവെച്ച് സാജിദ് യഹിയ

കഴിഞ്ഞ കുറച്ചു മാസങ്ങളായി കേരളക്കര മൊത്തം ചർച്ച ചെയ്തത് അരികൊമ്പനെ കുറിച്ചായിരുന്നു. കേരളക്കരയുടെ മനസ് കൈയ്യിലെടുത്ത അരിക്കൊമ്പൻ്റെ കഥ സിനിമയാകുകയാണ്. സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ പോസ്റ്റർ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ‘ഭൂമിയിലെ ഏറ്റവും ശക്തമായത് നീതിയാണ്’ എന്ന ടാഗ് ലൈനും പോസ്റ്റിറിലുണ്ട്. രണ്ട് വയസ്സുള്ളപ്പോൾ അമ്മയെ നഷ്‍ടപ്പെട്ട അരിക്കൊമ്പൻ്റെ സംഭവബഹുലമാർന്ന കഥയാണ് സിനിമയ്ക്ക് ആധാരമെന്നാണ് റിപ്പോർട്ട്. സിനിമയുടേതായി പുറത്തിറങ്ങിയ അനൗൺസ്മെന്റ് പോസ്റ്ററിലും അമ്മ ആനയെയയും അതിൻ്റെ കുഞ്ഞിനെയും കാണാം. എൻ എം ബാദുഷയാണ് നിർമ്മാണം. സിനിമയുടെ പ്രീ-പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചിട്ടുണ്ട് എന്നും തിരക്കഥയും ഏകദേശം പൂർത്തിയായി കഴിഞ്ഞിട്ടുണ്ടെന്നും സാജിദ് യഹിയ മാധ്യമങ്ങളോട് പ്രതികരിച്ചു.

പ്രീ-പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു. തിരക്കഥയും ഏകദേശം പൂർത്തിയായി. കുറച്ചാനകളുടെ കഥയും സിനിമയുടെ ഭാഗമായി ഡോക്യുമെന്റ് ചെയ്യുന്നുണ്ട്. ഒരു സംഘത്തെ ഇതിനുവേണ്ടി അസൈൻ ചെയ്തിട്ടുണ്ട്. അതിൻ്റെ വർക്കുകൾ നടന്നുകൊണ്ടിരിക്കുകയാണ്. പ്രോപ്പർ സിനിമയായി തന്നെയാകും ‘അരിക്കൊമ്പൻ’ എത്തുക. ഒരു സെക്ഷൻ ഇപ്പോൾ ചിത്രീകരിക്കാൻ പദ്ധതിയുണ്ട്. അത് അടുത്ത മാസത്തോടെ ആരംഭിക്കും.

2018′ പോലെ ഒരു സിനിമയ്ക്ക് കിട്ടിയ സ്വീകാര്യതയുണ്ട്. നമുക്ക് അറിയാവുന്ന ഒരു സംഭവത്തിനെ കാണിക്കുമ്പോഴുള്ള ഇമ്പാക്ട് വളരെ വലുതാണ്. അതിനു വേണ്ടിയുള്ള പണിപ്പുരയിലാണ് ഞങ്ങൾ. സിനിമയുമായി ബന്ധപ്പെട്ട് അപഡേറ്റുകൾ ഉടൻ ഉണ്ടാകും, സാജിദ് പറഞ്ഞു.

കേരളത്തിൽ ഇന്നും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന അരിക്കൊമ്പൻ്റെ ജീവിതം സിനിമയാക്കുമ്പോൾ ആകാംക്ഷയിലാണ് ഓരോ മലയാളികളും. അരിക്കൊമ്പനെ വാസ സ്ഥലത്തു നിന്ന് മാറ്റിയതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഇന്നും ചർച്ചകൾ കൊടുമ്പിരി കൊള്ളുമ്പോൾ അരിക്കൊമ്പന്റെ ജീവിത യാഥാർഥ്യങ്ങളിലേക്ക് വഴിതുറക്കുന്ന കഥ ചലച്ചിത്രമാകുമ്പോൾ മലയാള സിനിമയിൽ പുതിയ ഒരദ്ധ്യായം രചിക്കപ്പെടുമെന്നാണ് അണിയറ പ്രവർത്തകരുടെ അവകാശ വാദം. നിലവിൽ ചിത്രത്തിന്റെ താര നിർണയം പുരോഗമിച്ചു വരികയാണ്.

Articles You May Like

x