സൂര്യയുടെ കഥാപാത്രം മാരനും എയർ ഡെക്കാനും പിന്നീട് എന്ത് സംഭവിച്ചു

സൂര്യ നായകനായ ഏറ്റവും പുതിയ ചിത്രം ‘ സൂരരൈ പോട്ര് ’ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ആമസോൺ പ്രൈമിൽ റിലീസായ ചിത്രം സൂര്യയുടെ ഒരു മികച്ച തിരിച്ചുവരവായി മാറിയിരിക്കുകയാണ്. ഒരു രൂപയ്ക്ക് വിമാന ടിക്കറ്റ് വിറ്റ് വിമാന യാത്ര സാധാരണക്കാർക്കും ലഭ്യമാക്കിയ എയർ ഡക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ജി.ആർ.ഗോപിനാഥിന്റെ പോരാട്ടങ്ങളുടെ കഥയാണ്. എന്നാൽ അതിനുശേഷം ഗോപിനാഥിനും എയർ ഡെക്കാനും എന്ത് സംഭവിച്ചു? ഒരു പക്ഷെ സിനിമ കണ്ട പലരും ഇങ്ങനെ ചിന്തിച്ചിട്ടുണ്ടാകും. ജിആർ ഗോപിനാഥിൻറെയും എയർ ഡെക്കാണിന്റെയും കഥയാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.

ചിത്രം പൂർണമായും ഒരു ബയോപിക്ക് അല്ലെങ്കിലും ക്യാപ്റ്റൻ ജി.ആർ.ഗോപിനാഥിന്റെ ജീവിതവുമായി ഏറെ അടുത്ത് നിൽക്കുന്നുണ്ട്. അദ്ദേഹത്തിന്റെ നിശ്ചയദാർഡ്യം ഒന്നുകൊണ്ട് മാത്രമാണ് ഇന്ത്യയിൽ ബജറ്റ് എയർലൈൻസ് എന്നത് സാധ്യമായത്. സിനിമയിൽ പറയുന്ന പോലെ രത്തൻ ടാറ്റ പോലും തോറ്റു പിന്മാറിയ ഇടത്താണ് സാധാരണക്കാരനായ ഗോപിനാഥ് പൊരുതി വിജയിച്ചത്.

കർണാടകത്തിലെ ഒരു ചെറിയ ഗ്രാമമായ ഗൊരൂരിൽ 1951ലാണ് ജി. ആർ. ഗോപിനാഥിന്റെ ജനനം. എട്ടു വർഷം നീണ്ട സൈനിക സേവനത്തിന് ശേഷമാണു അദ്ദേഹം തന്റെ 28-ാം വയസ്സിൽ പട്ടാളത്തിൽ നിന്നും നേരത്തേ വിരമിക്കുന്നത്. അതിനു ശേഷം പല മേഖലകളിലും അദ്ദേഹം ഭാഗ്യപരീക്ഷണം നടത്തി പശു വളർത്തൽ , പട്ടുനൂൽകൃഷി , കോഴി വളർത്തൽ, ഹോട്ടൽ , റോയൽ എൻഫീൽഡ് ബൈക്ക് ഡീലർ, സ്റ്റോക്ക് ബ്രോക്കർ അങ്ങനെ പലതും. ഇതിനെല്ലാം ശേഷമാണ് അദ്ദേഹം എയർഡെക്കാൻ എന്ന തന്റെ സ്വപ്നത്തിലേക്ക് ചിറകുവിരിച്ചത്.

ഹെലികോപ്റ്ററുകൾ വാടകയ്ക്കു കൊടുക്കുന്ന ചാർട്ടർ സർവീസാണ് ആദ്യമായി അദ്ദേഹം ആരംഭിക്കുന്നത്. അതിനു ശേഷം കരസേനയിലെ സുഹൃത്തായിരുന്ന ക്യാപ്റ്റൻ കെ. ജെ. സാമുവലുമായി ചേർന്ന് അദ്ദേഹം ഡക്കാൻ ഏവിയേഷൻ ആരംഭിച്ചു. വലിയ തിരക്കുള്ള ബിസ്സിനെസ്സുകാരെയും പാർട്ടി നേതാക്കളേയും ഒക്കെ ലക്ഷ്യസ്ഥാനത്തു എത്തിക്കുന്ന സേവനമാണ് അദ്ദേഹത്തിന്റെ കമ്പനി കൊടുത്തിരുന്നത്. അതുകൂടാതെ ശ്രീലങ്ക, നേപ്പാൾ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലും വിവിധ രക്ഷാപ്രവർത്തനങ്ങളിലും ‍ഡക്കാൻ ഏവിയേഷൻ സജീവ സാന്നിധ്യമായി. അതോടെ ഇന്ത്യ – ശ്രീലങ്ക മേഖലയിലെ ഏറ്റവും വലിയ സ്വകാര്യ എയർ ചാർട്ടർ കമ്പനകളിലൊന്നായും ഡക്കാൻ ഏവിയേഷൻ വളർന്നു.

തന്റെ ആദ്യ ചുവടുവയ്പ് വലിയ വിജയമായതോടെ ഈ മേഖലയിലെ പ്രവർത്തനം വ്യാപിപ്പിക്കാൻ ക്യാപ്റ്റൻ ഗോപിനാഥ് തീരുമാനിച്ചു. രാജ്യത്തെ സാധാരണക്കാർക്കും ഗുണകരമാവുന്ന വിമാന സർവീസ് എന്ന ആശയമായിരുന്നു അദ്ദേഹത്തിന്റെ മനസ്സിൽ ഉണ്ടായിരുന്നത്. അക്കാലത്തു അതി സമ്പന്നർക്കും ഉന്നത ഉദ്യോഗസ്ഥർക്കും മാത്രമാണ് വിമാനയാത്ര സാധ്യമായിരുന്നത്. ഒടുവിൽ 2003 ൽ സാധാരണക്കാർക്കും വിമാനയാത്ര സാധ്യമാക്കുകയെന്ന മഹത്തായ ലക്ഷ്യത്തോടെ എയർ ഡക്കാൻ ആരംഭിച്ചു. അധിക ചിലവുകളും ആഡംബരങ്ങളും വെട്ടിച്ചുരുക്കിയ എയർ ഡെക്കാന്റെ ടിക്കെറ്റ് നിരക്ക് മറ്റു കമ്പനികളുടെ നാലിലൊന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

അതോടെ ആദ്യ യാത്രയിൽ തന്നെ എയർ ഡെക്കാൻ വലിയ വിജയമായി. മറ്റു ഫ്ലൈറ്റുകളിൽ യാത്ര ചെയ്തിരുന്നവർ പോലും എയർ ഡെക്കാനിലേക്കെത്തി. വിമാനത്തിനകത്തും പുറത്തും ബോർഡിങ് പാസിലും വരെ പരസ്യങ്ങൾ പതിച്ചും കമ്പനി അധിക വരുമാനം നേടി. ഓൺലൈൻ വഴിയുള്ള ബുക്കിങ്ങും 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്ററും ഒക്കെ എയർ ഡക്കാന്റെ പരിഷ്കാരമായിരുന്നു. വളരെ പെട്ടെന്ന് തന്നെ ഇന്ത്യൻ വ്യോമഗതാഗ മേഖലയുടെ 22 ശതമാനം വിഹിതം എയർ ഡെക്കാന് സ്വന്തമാക്കാനായി. ഒരു പൈലറ്റിൽ നിന്നും 500 പൈലറ്റുമാർ എന്ന നിലയിലേക്ക് എയർ ഡെക്കാൻ വളർന്നു .

എന്നാൽ 2007 ആയപ്പോഴേക്കും ഈ സാധ്യത മനസിലാക്കി മറ്റു കമ്പനികൾ കൂടി വന്നതോടെ മത്സരം കനത്തു. അതോടെ കടം കയറിയ കമ്പനിയുടെ പ്രവർത്തനം പ്രതിസന്ധിയിലായി. പിടിച്ചു നിൽക്കാനാവാതെ വന്നതോടെ എയർ ഡക്കാനെ മ ദ്യരാജാവായ വിജയ് മല്യയ്ക്കു വിൽക്കാൻ ക്യാപ്റ്റൻ ഗോപിനാഥ് നിർബന്ധിതനായി. കിങ്ഫിഷർ എയർലൈൻസ് എയർ ഡക്കാൻ ഏറ്റെടുത്ത് കിങ്ഫിഷർ റെഡ് എന്ന പേരിൽ സർവീസ് തുടങ്ങിയെങ്കിലും വിജയിച്ചില്ല. പിന്നീട് കിങ്ഫിഷർ റെഡ് മാത്രമല്ല കിങ്ഫിഷർ എയർലൈൻസ് തന്നെ പൂട്ടിപ്പോവുകയും കടം കയറി വിജയ് മല്യ നാടുവിടുകയും ചെയ്തു.

ബജറ്റ് എയർലൈൻ വിട്ട ഗോപിനാഥ് അതിനു ശേഷം വിമാനമാർഗമുള്ള ചരക്ക് നീക്കത്തിനായി കാർഗോ വിമാന സർവീസായ ഡക്കാൻ 360 ആരംഭിച്ചു. എന്നാൽ പ്രതീക്ഷിച്ച ലാഭം ഇല്ലാതെ വന്നതോടെ 2013ൽ അദ്ദേഹം ഡക്കാൻ 360ന്റെ പ്രവർത്തനം അവസാനിപ്പിച്ചു വ്യോമഗതാഗ മേഖലയിൽ നിന്നു പിൻവാങ്ങി. ഗുജറാത്തിൽ ഡക്കാൻ ഷട്ടിൽസ് എന്ന പേരിൽ പ്രതിദിന ചാർട്ടർ ഫ്ലൈറ്റുകൾ നടത്തിയെങ്കിലും ആ സംരംഭവും 2013ൽ പ്രവർത്തനം അവസാനിപ്പിച്ചു. പിന്നീട് 2017 ഏപ്രിലിൽ കേന്ദ്ര സർക്കാരിന്റെ ഉഡാൻ പദ്ധതിയുടെ ഭാഗമായി ഹ്രസ്വദൂര റൂട്ടുകളുടെ ലേലത്തിൽ 34 എണ്ണം എയർ ഡക്കാൻ സ്വന്തമാക്കിയിരുന്നു. മുംബൈയ്ക്കും നാസിക്കിനുമിടയിൽ തങ്ങളുടെ വിമാന സർവീസ് ആരംഭിക്കുമെന്ന ഗോപിനാഥിന്റെ പ്രഖ്യാപനം പക്ഷേ നടപ്പിലായില്ല.

ശേഷം വ്യോമയാന മേഖലയിൽ നിന്നും പിന്മാറിയ ഗോപിനാഥ് പിന്നീട് രാഷ്ട്രീയത്തിൽ പ്രവേശിച്ചെങ്കിലും വിജയം കണ്ടില്ല. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ AAP യുടെ സ്ഥാനാർഥിയായി മത്സരിച്ച ഗോപിനാഥിനെ പക്ഷേ ജനങ്ങൾ സ്വീകരിച്ചില്ല. അതേ തുടർന്നു മാധ്യമങ്ങളിലെ കോളമെഴുത്തുകാരനെന്ന നിലയിൽ അദ്ദേഹം ഇപ്പോഴും സജീവസാന്നിധ്യമായി നിൽക്കുന്നു. എന്തായാലും ഇന്ത്യയിലെ സാധാരക്കാരന്റെ വിമാനയാത്രാ സ്വപ്നങ്ങൾക്കു ചിറകേകിയ ക്യാപ്റ്റൻ ഗോപിനാഥ് എല്ലാക്കാലവും അറിയപ്പെടും എന്നതിൽ സംശയമൊന്നുമില്ല. അതിനായി അദ്ദേഹം ഒരുപാട് യാദനകളും കഷ്ടപ്പാടും അനുഭവിച്ചിട്ടുണ്ട്.

ഇവനെക്കൊണ്ടൊന്നും കഴിയില്ല , ഇവന് വ ട്ടാണ് എന്നൊക്കെ പറഞ്ഞവരെ തന്റെ നിശ്ചയ ദാർഢ്യം കൊണ്ടും കഠിനാധ്വാനം കൊണ്ടും മാറ്റി പറയിച്ചിട്ടുണ്ട് അദ്ദേഹം.

x