തന്മാത്രയിലെ കഥാപാത്രം മമ്മൂട്ടി ചെയ്താൽ ഫാൻസ്‌ അത് ആഘോഷമാക്കിയേനെ, മോഹൻലാലിനെ പഴയ ലാലേട്ടൻ എന്ന് പറഞ്ഞ്‌ എന്തിനാണ് വീണ്ടും പഴയതിലേക്ക് തന്നെ കൊണ്ടുപോകുന്നതെന്ന് രഞ്ജൻ പ്രമോദ്

തന്മാത്ര പ്രേക്ഷകരാൽ ആഘോഷിക്കപ്പെട്ടില്ലെന്ന് തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജൻ പ്രമോദ്. എന്നാൽ മമ്മൂട്ടി അത്തരം കഥാപാത്രങ്ങൾ ചെയ്താൽ ഫാൻസ്‌ അത് ആഘോഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതിനെപ്പറ്റി സംസാരിച്ചത്.

‘മോഹൻലാലിനെ പഴയ ലാലേട്ടൻ എന്ന് പറഞ്ഞ്‌ എന്തിനാണ് വീണ്ടും പഴയതിലേക്ക് തന്നെ കൊണ്ടുപോകുന്നത്. നമുക്ക് വേണ്ടത് പുതിയ ലാലേട്ടനെയല്ലേ. മമ്മൂക്കയുടെ കാര്യത്തിൽ ആരും അങ്ങനെ പറയുന്നില്ല. എനിക്ക് തോന്നുന്നത് ഫാൻസ്‌ ഒരു പ്രത്യേക തരത്തിലുള്ള സിനിമ മാത്രം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന പ്രശ്നം ലാലേട്ടനെ വളരെ സീരിയസായി അലട്ടുന്നുണ്ട്. അടൂർ ഗോപാല കൃഷ്ണൻ പറഞ്ഞിരുന്ന കാര്യം വളരെ സീരിയസായിട്ട് നമ്മൾ കേൾക്കേണ്ടതാണ്. അത്രയും റെയ്‌ഞ്ചുള്ള, അത്രയും വലിയ നടന്റെ ഒരു പ്രത്യേക തരത്തിലുള്ള സിനിമ മാത്രമാണ് പ്രേക്ഷകർ ആവശ്യപ്പെടുന്നതെന്ന് നമ്മൾ കരുതുകയാണ്. വേറൊരു തരത്തിലുള്ള ചിത്രങ്ങൾ വന്നപ്പോൾ പ്രേക്ഷകർ അത്രയും ആഘോഷിച്ചില്ല. തന്മാത്ര പോലെയൊരു ചിത്രം അത്രയും ആഘോഷിക്കപ്പെട്ടില്ല.

അതേസമയം, മമ്മൂക്കയുടെ ഫാൻസിന്റെ ഭാഗത്ത് നിന്ന്, അങ്ങനത്തെ സിനിമകൾ വരുമ്പോൾ അവർ അത് ആഘോഷിക്കും. പുതിയ ചിത്രങ്ങൾ ചെയ്യുന്നതിനുവേണ്ടിയും പുതിയതരം കഥാപാത്രങ്ങൾ ചെയ്യുന്നതിനായി മമ്മൂക്ക അവിടെ ഒരു ആവേശം കാണിക്കുകയാണ്. അതിനോടൊപ്പം അദ്ദേഹത്തിന്റെ ഫാൻസ്‌ കൂടെനിൽക്കുന്ന ഒരു സാഹചര്യം കൂടിയാണ്. അതുകൊണ്ട് മമ്മൂക്കക്ക് പുള്ളിയെ റീഡിസ്കവർ ചെയ്യാൻ സാധിക്കുന്നുണ്ട്.

മോഹൻലാലിന് സംഭവിക്കുന്നതെന്തെന്നാൽ ആളുകൾ ഇങ്ങനെ ആവശ്യപ്പെട്ടുകൊണ്ടിരുന്നാൽ എഴുതുന്ന ആളുകളും സംവിധാനം ചെയ്യുന്നവരും തെറ്റിദ്ധരിക്കപ്പെടും. ഇതാവശ്യപ്പെടുമ്പോൾ നമ്മൾ വിചാരിക്കും ഇത് ചെയ്തുകഴിഞ്ഞാൽ ഇപ്പോൾ പണം നേടാമെന്ന്. ഇവിടെ ലാലേട്ടന്റെ പൊട്ടൻഷ്യൽ ഉപയോഗപ്പെടുത്താൻ നമ്മൾ ഓർക്കാതെ വരികയാണ്. ഇവിടെ നല്ല ഒരു സിനിമ ഉണ്ടാകാനുള്ള സാധ്യതയാണ് ഇല്ലാതാകുന്നത്. ഇങ്ങനൊരു അബദ്ധം സംഭവിച്ചിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.പുതിയ സിനിമകൾ ഉണ്ടാക്കാനാണ് നമ്മൾ എപ്പോഴും ആലോചിക്കേണ്ടത്.

നരൻ്റെ പാർട്ട് 2 കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്ന് പറയുന്നതിൽ എനിക്ക് സന്തോഷമുണ്ട്. പക്ഷെ അത് ചെയ്തുകഴിഞ്ഞാൽ, ഞാൻ ചെയ്യുന്ന ഏറ്റവും വലിയ മണ്ടത്തരമായിരിക്കുമെന്നാണ് ഞാൻ കരുതുന്നത്. ഇന്നത്തെ കാലത്ത് പുതിയ ലാലേട്ടനെവെച്ച് പുതിയ സിനിമ ചെയ്യാനാണ് ശ്രമിക്കേണ്ടത്,’ രഞ്ജൻ പറഞ്ഞു.

Articles You May Like

x