ഇത്രയും പ്രായവ്യത്യാസം ഉണ്ടായിട്ടും വിവാഹത്തിന് അവൾക്കായിരുന്നു നിർബന്ധം , കൊച്ചു കുട്ടിയെ പോലെയാണ് അവളെ നോക്കിയത് ; നടി രേഖയുടെ ഓർമയിൽ ഭർത്താവ് മോഹൻ

മലയാള സിനിമാലോകത്ത് ഒരു അതിഥിയായി കടന്നെത്തിയ താരമാണ് രേഖ മോഹൻ. നിഷ്കളങ്കത തുളുമ്പുന്ന കണ്ണുകളും, ശാലീനത നിറഞ്ഞ മുഖവും, മനോഹരമായ പുഞ്ചിരിയും ആണ് രേഖ മോഹന്റെ മുഖമുദ്ര. മലയാള സിനിമയിൽ കൂടുതലും ഒതുക്കമുള്ള കുടുംബിനിയുടെ വേഷം ആണ് രേഖ കൂടുതലും കൈകാര്യം ചെയ്തിട്ടുള്ളത്. വളരെ കുറച്ച് സിനിമകളിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളുവെങ്കിലും അഭിനയിച്ചത് എല്ലാം സൂപ്പർസ്റ്റാറുകളോട് ആണ്. മോഹൻലാൽ മമ്മൂട്ടി ദിലീപ് തുടങ്ങിയ മുൻനിര നായകന്മാരുടെ എല്ലാം നായികയായി താരം തിളങ്ങിയിട്ടുണ്ട്. രേഖ അഭിനയിച്ച ചിത്രങ്ങളും, കഥാപാത്രങ്ങളുമെല്ലാം തന്നെ ഇന്നും പ്രേക്ഷകമനസ്സിൽ രേഖ യോടുള്ള ഇഷ്ടം കോറിയിടാൻ ഹേതുക്കൾ ആണ്.

ഉദ്യാനപാലകന്‍, ഒരു യാത്രാമൊഴി, നീ വരുവോളം, തുടങ്ങിയ ചിത്രങ്ങളിലൂടെ ആയിരുന്നു താരത്തിനെ കൂടുതൽ പ്രേക്ഷകർ ശ്രദ്ധിച്ചത്. സിനിമകളിൽ മാത്രമല്ല സീരിയലുകളിലും സജീവ സാന്നിധ്യമായിരുന്നു രേഖ മോഹൻ. മായമ്മ ആയി എത്തി മിനിസ്ക്രീൻ അരങ്ങു തകർത്ത രേഖ മോഹനെ മലയാളികൾ അത്ര പെട്ടെന്നൊന്നും മറക്കില്ല. 2016 നവംബറിലാണ് രേഖാ മോഹന്റെ അപ്രതീക്ഷിത വിയോഗം. അർബുദരോഗത്തിന് ചികിത്സയിലായിരുന്നു, ഹൃദയാഘാതത്തെ തുടർന്നാണ് 45 വയസ്സിൽ രേഖ മോഹൻ വിടപറഞ്ഞത്. ഇപ്പോൾ രേഖ മോഹന്റെ ഓർമ്മകളിൽ ജീവിക്കുകയാണ് ഭർത്താവ് മോഹൻ കൃഷ്ണൻ. രേഖ മോഹനുമായിയുള്ള തന്റെ ഓർമ്മകളെ ഓർത്തു വിതുമ്പുകയാണ് മോഹനകൃഷ്ണൻ, അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.

“മഞ്ചേരി സ്വദേശിയാണ് ഞാന്‍. പഠനം കഴിഞ്ഞ് എയര്‍ലൈന്‍ കമ്പനിയിലായിരുന്നു ജോലി. പിന്നീട് ദുബായിലേക്ക് പോയി. ഓയില്‍ ഡീലുമായി ബന്ധപ്പെട്ട ബിസിനസായിരുന്നു അവിടെ. പെണ്ണ്‍ കണ്ടപ്പോള്‍ തന്നെ എനിക്കവളെ ഒരുപാട് ഇഷ്ടമായിരുന്നു. അന്ന് അവള്‍ക്ക് ഇരുപത് വയസായിരുന്നു പ്രായം. നാട്ടിന്‍ പുറത്തെ വീട്ടുമുറ്റത്ത് വച്ചാണ് ഞാന്‍ അവളെ താലിക്കെട്ടിയത്. ഇത്രയും പ്രായ വ്യത്യാസമുണ്ടായിട്ടും എന്നെ വിവാഹം ചെയ്യാന്‍ അവള്‍ക്കായിരുന്നു നിര്‍ബന്ധം. അത് അറിഞ്ഞപ്പോള്‍ കൗതുകം തോന്നിയിരുന്നു. അതെന്തുക്കൊണ്ടാണ് എന്ന് ചോദിച്ചാല്‍ ചിരിച്ചുകൊണ്ട് അവള്‍ പറയും ‘ഒരു നല്ല കുരങ്ങനെ കിട്ടാന്‍ വേണ്ടിയായിരുന്നു’ എന്ന്. യാത്രയായിരുന്നു ഞങ്ങളുടെ പ്രധാന ഹോബി. കുട്ടികള്‍ ജനിക്കും മുന്‍പ് യാത്രകള്‍ ചെയ്ത് തീര്‍ക്കണം എന്നായിരുന്നു അവളുടെ ആഗ്രഹം.

അങ്ങനെ ഞങ്ങള്‍ യാത്ര ചെയ്തത് 70 രാജ്യങ്ങളിലേക്കാണ്. അപ്പോഴെല്ലാം സിനിമയില്‍ അവസരങ്ങള്‍ വന്നുക്കൊണ്ടേയിരുന്നു. അവള്‍ക്ക് ബ്രസ്റ്റില്‍ ക്യാന്‍സര്‍ വന്നിരുന്നു. അതിന്റെ ചില കുഴപ്പങ്ങള്‍ കാരണം ഗര്‍ഭിണിയാകാന്‍ തടസമുണ്ടായി. ഭാര്യ എന്നതിനേക്കാള്‍ അവളെ ഒരു കൊച്ചുകുട്ടിയെ പോലെ കൊണ്ടു നടക്കാനായിരുന്നു എനിക്കിഷ്ടം. മോളെ എന്നാണ് ഞാന്‍ ഇപ്പോഴും അവളെ വിളിച്ചിരുന്നത്. തൃശൂരിലെ ഞങ്ങളുടെ പുതിയ വീടിന്റെ പണിയുമായി ബന്ധപ്പെട്ടാണ് അവള്‍ നാട്ടിലെത്തിയത്. വ്യാഴാഴ്ച വിളിച്ചപ്പോള്‍ എന്നോട് പറഞ്ഞു തേനും പഴവും കഴിച്ച് വ്രതം നോക്കുകയാണെന്ന്. പിന്നീട് ഞാന്‍ ഒരു മെസേജ് അയച്ചപ്പോള്‍ അത് ഡെലിവേര്‍ഡ് ആയില്ല. ഓഫ്‌ലൈന്‍ ആകുമെന്നാണ് കരുതിയത്.

വിളിച്ചിട്ട് ഫോണ്‍ കിട്ടാതായതോടെ ഡ്രൈവറെ വിളിച്ച് വിവരം പറഞ്ഞു. അദ്ദേഹം വന്നു നോക്കിയപ്പോള്‍ പത്രം പുറത്ത് കിടക്കുകയായിരുന്നു. വിളിച്ചിട്ട് വാതില്‍ തുറന്നില്ല. ഒടുവില്‍ ആളുകളെ കൂട്ടി പൂട്ട്‌ പൊട്ടിച്ച് അകത്തു കടന്നപ്പോള്‍ കണ്ടത് ടേബിളിനു മുകളില്‍ കമഴ്ന്നു കിടക്കുന്ന അവളെയാണ്. ഇടയ്ക്ക് അങ്ങനെ കിടക്കുന്ന ഒരു പതിവ് അവള്‍ക്കുണ്ട്. അങ്ങനെ ആ കിടപ്പില്‍ അവള്‍ യാത്രയായി. ഞാന്‍ വന്നിട്ട് ബോഡി എടുത്താല്‍ മതിയെന്ന് പറഞ്ഞു. പക്ഷെ അപ്പോഴേക്കും ബോടിയില്‍ ഉറുമ്പ് കയറി തുടങ്ങിയിരുന്നു.അവളെ ഇനിയും ഇരുത്താനാകില്ല എന്നവര്‍ പറഞ്ഞു. പിഷാരടി സമുദായത്തില്‍പ്പെട്ട ആളായിരുന്നു അവള്‍. അവരെ ഇരുത്തിയാണ്‌ സംസ്കരിക്കുക. എന്നാല്‍, അവള്‍ക്ക് അത് പറ്റില്ലായിരുന്നു. പുതിയ വീട്ടില്‍ ദീപാവലി ആഘോഷമാക്കണം എന്നൊക്കെ പറഞ്ഞാണ് നാട്ടിലേക്ക് വന്നത്. ഇപ്പോള്‍ വെളിച്ചം ഇല്ലാതെ ഇരുട്ടില്‍ കഴിയുന്നത് ഞാനാണ്. -മോഹന്‍ പറയുന്നു.

x