ഇന്ത്യ എന്നുപറഞ്ഞപ്പോൾ നാവുളുക്കിയിരുന്നു, എന്നാൽ ഭാരത് എന്നുപറയുമ്പോൾ കുറച്ചുകൂടി സുഖമുണ്ട്; സ്വന്തം രാജ്യത്തിന്റെ സംസ്കാരത്തിൽ അഭിമാനിക്കുന്നുവെന്ന് കങ്കണ റണൗട്ട്

രാജ്യത്തിന്റെ പേര് ഭാരതം എന്നാക്കണോ അതോ നിലവിലുള്ള ഇന്ത്യ എന്ന് തന്നെ തുടരണോ എന്നുള്ള ചർച്ചകൾ തുടരുകയാണ്. ഈ വിഷയത്തിൽ തന്റെ അഭിപ്രായം തുറന്നുപറഞ്ഞിരിക്കുകയാണ് നടി കങ്കണ റണൗട്ട്. ഇന്ത്യ എന്ന് പറയുന്നതിൽ തെറ്റില്ലെന്നും എന്നാൽ ഭാരതം എന്നുപറയുന്നതിൽ കുറച്ചുകൂടി സുഖമുണ്ടെന്ന് അവർ പറഞ്ഞു. ഒരു അഭിമുഖത്തിലായിരുന്നു അവർ ഈ വിഷയത്തിലുള്ള തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്.

ഇന്ത്യ എന്ന പേര് പറയുന്നതിൽ തെറ്റില്ലെന്നും താൻ ഒരുപാട് വാർത്തകൾ കാണുന്ന ആളല്ലെന്നുമാണ് കങ്കണ പറഞ്ഞത്. നമ്മുടെ രാജ്യത്തെ ഒരു ദരിദ്ര രാഷ്ട്രമായാണ് അന്ന് കണ്ടിരുന്നത്. എന്നാൽ താൻ ഇപ്പോൾ സ്വന്തം രാജ്യത്തിന്റെ സംസ്കാരത്തിൽ അഭിമാനിക്കുന്നു. അതുകൊണ്ട് നിങ്ങളുടെ സ്വന്തം സംസ്കാരത്തിന്റെ പ്രാധാന്യം നിങ്ങൾ തിരിച്ചറിയുമ്പോൾ അതുൾക്കൊള്ളാനുള്ള സ്വാതന്ത്ര്യവും നിങ്ങൾക്കുണ്ടെന്നും അവർ പറഞ്ഞു.

“പൗരന്മാർക്ക് അവർ ആരാവണമെന്ന് തിരഞ്ഞെടുക്കാനുള്ള ഉയർന്ന നിലയിലേക്കാണ് രാജ്യം പോകുന്നത്. അതൊന്നും ആരും നിങ്ങളുടെ മേൽ അടിച്ചേൽപ്പിക്കേണ്ടതല്ല. ഇന്ത്യ എന്നുപറഞ്ഞപ്പോൾ മുമ്പ് നാക്കുപിഴ വന്ന അവസരങ്ങളുണ്ടായിട്ടുണ്ട്. ഇപ്പോൾ ഭാരത് എന്നുപറയുമ്പോൾ കുറച്ചുകൂടി സുഖം തോന്നുന്നു. എന്നാൽ ഞാൻ അതിനെ വെറുപ്പോടെ കാണുന്നില്ല. അതും നമ്മുടെ ഭൂതകാലമാണ്.” കങ്കണ കൂട്ടിച്ചേർത്തു.

നേരത്തേ നടന്മാരായ അമിതാഭ് ബച്ചൻ, ജാക്കി ഷ്റോഫ് എന്നിവരും സിനിമാ മേഖലയിൽ നിന്ന് ഇതേ വിഷയത്തിൽ തങ്ങളുടെ അഭിപ്രായം പറഞ്ഞിരുന്നു. ഭാരത് മാതാ കീ ജയ് എന്നായിരുന്നു അമിതാഭ് ബച്ചൻ ഔദ്യോ​ഗിക എക്സ് ഹാൻഡിലിൽ കുറിച്ചത്. ഇന്ത്യക്ക് പകരം ഭാരത് എന്നുപയോ​ഗിക്കുന്നതിൽ തെറ്റൊന്നുമില്ല എന്നായിരുന്നു ജാക്കി ഷ്റോഫ് പറഞ്ഞത്. ജോക്കിയെന്നും ജാക്കിയെന്നുമെല്ലാം പലരും തന്നെ വിളിക്കാറുണ്ട്. പേരുമാത്രമേ മാറുന്നുള്ളൂ, ആ വ്യക്തിക്ക് മാറ്റമില്ലെ എന്നും ജാക്കി ഷ്റോഫ് പറഞ്ഞിരുന്നു.

കായികരം​ഗത്തുനിന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാ​​ഗ്, ഹോക്കി താരം പി.ആർ. ശ്രീജേഷ് എന്നിവരും ഇന്ത്യ-ഭാരത് ചർച്ചയിൽ അഭിപ്രായം പറഞ്ഞിരുന്നു.

x