ആരെയും അറിയിക്കാത രഹസ്യ വിവാഹം കഴിച്ച് സായ് പല്ലവി ? വരൻ സംവിധായകൻ; വൈറലായി ചിത്രം

മലയാളികൾ അടക്കമുള്ള തെന്നിന്ത്യൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നായികയാണ് സായ് പല്ലവി. തെന്തിന്ത്യയിലെ പ്രധാന നടിമാരില്‍ ഒരാളാണ് താരം ഇന്ന്. തമിഴിലും തെലുങ്കിലുമെല്ലാം ഒരുപിടി ശ്രദ്ധേയ സിനിമകളുടെ ഭാഗമാകാൻ സായ് പല്ലവിക്ക് കഴിഞ്ഞു. വലിയ സ്വീകാര്യതയാണ് തെലുങ്കിലും തമിഴിലും താരത്തിന് ലഭിക്കുന്നത്. സ്വന്തം നിലപാടുകള്‍ കൊണ്ടും സായ് പല്ലവി കയ്യടി നേടാറുണ്ട്.

ഇപ്പോഴിതാ സായ് പല്ലവിയുടെ വിവാഹം കഴിഞ്ഞോ എന്ന സംശയവുമായി എത്തുകയാണ് ആരാധകർ. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ച നടിയുടെ ഒരു ചിത്രമാണ് ഇതിന് കാരണം. പൂമാലയണിഞ്ഞ് ഒരു പുരുഷനൊപ്പം നിൽക്കുന്ന സായ് പല്ലവിയുടെ ചിത്രമാണ് വൈറലായത്. മുമ്പ് പല തവണ സായ്‌ പല്ലവിയുടെ വിവാഹം സംബന്ധിച്ച അഭ്യൂഹങ്ങള്‍ സോഷ്യൽ മീഡിയയിൽ ഉയർന്നിട്ടുണ്ട്. അതെല്ലാം വെറും ഗോസിപ്പുകളായി ആരാധകർ തള്ളി കളഞ്ഞിരുന്നു. എന്നാൽ ഇത്തവണ പൂമാലയണിഞ്ഞുള്ള ചിത്രം വന്നതാണ് ആരാധകരെ സംശയത്തിലാക്കിയത്.

‘സായ് പല്ലവിക്ക് അഭിനന്ദനങ്ങള്‍, പ്രണയത്തിന് നിറമില്ല എന്ന് സായ് പല്ലവി തെളിയിച്ചു’ എന്ന ക്യാപ്‌ഷനോടെയാണ്‌ ഫേസ്ബുക്കിലും എക്‌സിലും ചിത്രം പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിലുള്ളത് സംവിധായകൻ രാജ്‌കുമാര്‍ പെരിയസ്വാമിയാണെന്നും പിന്നീട് പുറത്തുവന്നു. ഇതോടെ ഇരുവരും രഹസ്യമായി വിവാഹം കഴിച്ചതാണോ എന്നതായി സംശയം. ചിത്രം വൈറലായതോടെ നിരവധി പേരാണ് സായ് പല്ലവിക്ക് അഭിനന്ദനം നേര്‍ന്നുള്ള പോസ്റ്റുകളുമായി എത്തിയത്.

എന്നാലിപ്പോൾ ചിത്രത്തിന്റെ സത്യാവസ്ഥ പുറത്തുവന്നിരിക്കുകയാണ്. രാജ്‌കുമാർ പെരിയസ്വാമി സംവിധാനം ചെയ്യുന്ന ശിവകാർത്തികേയന്റെ പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങിൽ നിന്നുള്ളതാണ് ചിത്രം. നിലവിൽ എസ്കെ 21 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സായ് പല്ലവിയാണ് നായിക. സംവിധായകന്‍ രാജ്‌കുമാര്‍ പെരിയസ്വാമി തന്നെ മെയ് 9ന് ട്വീറ്റ് ചെയ്തിരുന്ന ചിത്രമാണ് വീണ്ടും വൈറലായി മാറുന്നത്. സായ് പല്ലവിയുടെ പിറന്നാള്‍ ദിനമായിരുന്നു രാജ്‌കുമാറിന്‍റെ ട്വീറ്റ്. പൂജ ചടങ്ങിൽ നിന്നുള്ള മറ്റു ചിത്രങ്ങളും രാജ്‌കുമാർ പോസ്റ്റ് ചെയ്തിരുന്നു.

പൂജ ചടങ്ങിന്റെ ഭാഗമായാണ് ഇരുവരും പൂമാല ധരിച്ചത്. ചിത്രത്തില്‍ നിന്ന് പൂജയുടെ ഭാഗം ഒഴിവാക്കി സായ് പല്ലവിയും സംവിധായകന്‍ രാജ്‌കുമാര്‍ പെരിയസ്വാമിയും മാലയണിഞ്ഞ് നില്‍ക്കുന്ന ഭാഗം മാത്രം കട്ട് ചെയ്‌തെടുത്ത് വിവാഹ ചിത്രമെന്ന പേരില്‍ പ്രചരിപ്പിക്കുകയാണ് ഉണ്ടായത്. സംവിധായകന്‍ തന്നെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കി രംഗത്തെത്തിയിട്ടുണ്ട്. ഇതൊരു വിവാഹ ചിത്രമല്ലെന്നും, ചിത്രത്തിന്റെ പൂജയുടെ ഭാഗമായി എടുത്തതാണെന്നും രാജ്‌കുമാർ പറഞ്ഞു.

x