മലയാളത്തിന്റെ അനശ്വര നടൻ ഇപ്പോൾ ഗാന്ധി ഭവനിലെ അന്തേവാസിയാണ് ; ഭാര്യയും മകനും ഉണ്ടായിട്ടും അനാഥ ജീവിതം നയിക്കേണ്ടി വരുന്നു

തിരക്കോട് പരമേശ്വരൻ മാധവൻ എന്ന അനശ്വര നടനെ അറിയാത്ത മലയാളികൾ ഇല്ല, ടി പി മാധവൻ എന്ന് ചുരുക്കപ്പേരിൽ വിളിക്കുന്ന ഇദ്ദേഹം ഒരുകാലത്തു മലയാള സിനിമയിൽ അറിയപ്പെടുന്ന ഒരു നടനായിരുന്നു. തന്റെ നാല്പതാം വയസ്സിൽ സിനിമയിലെത്തി അറുനൂറോളം ചിത്രങ്ങളിൽ അഭിനയിച്ചു ജീവിച്ച പ്രതിഭ. ഹാസ്യ കഥാപാത്രങ്ങളിലും, ഗൗരവമേറിയ സ്വഭാവ കഥാപാത്രങ്ങളിലും തുടങ്ങി നിരവധി ചെറിയ വേഷങ്ങൾ മുതൽ വലിയ വേഷങ്ങൾ വരെ ഇദ്ദേഹം അനായാസം കൈകാര്യം ചെയ്തു. മാത്രമല്ല, സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ ആദ്യകാല സെക്രട്ടറിയും സജീവ പ്രവർത്തകനുമായിരുന്നു അദ്ദേഹം.

നാല്പതാം വയസ്സിലാണ് ടി പി മാധവന് സിനിമ മോഹം പൂവിടുന്നത്. എന്നാൽ സിനിമാമോഹം പൂവിട്ടപ്പോൾ അദ്ദേഹത്തിന്റെ ദാമ്പത്യ ജീവിതം വാടി. വ്യവസായിക കുടുംബത്തിലെ സുധയാണ് അദ്ദേഹത്തിന്റെ ഭാര്യ, ഇദ്ദേഹത്തിന്റെ ഏകമകൻ രാജ കൃഷ്ണമേനോൻ ബോളിവുഡിലെ അറിയപ്പെടുന്ന സംവിധായകനാണ്. നാല്പതാം വയസിലെ സിനിമാമോഹം മദ്രാസിൽ എത്തിച്ചപ്പോൾ, ഭാര്യയുമൊത്തുള്ള ദാമ്പത്യജീവിതം എന്നെന്നേക്കുമായി വേർപിരിയുകയായിരുന്നു. മലയാള സിനിമയിൽ സജീവമായിരുന്ന താരം ഇപ്പോൾ ആരോഗ്യ സ്ഥിതി മോശം ആയതിനെ തുടർന്ന് അഭിനയം ഉപേക്ഷിച്ചിരിക്കുകയാണ്.

ഇടക്കാലത്ത് തലച്ചോറിനെ ബാധിക്കുന്ന അസുഖത്തെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. പിന്നീട് 2015 ൽ ഹരിദ്വാർ യാത്രക്കിടയിൽ അദ്ദേഹത്തിന് പക്ഷാഘാതം സംഭവിച്ചിരുന്നു. ചികിത്സക്ക് ശേഷം ഇപ്പോൾ പത്തനാപുരം ഗാന്ധിഭവനിലാണ് അദ്ദേഹം കഴിഞ്ഞു കൂടുന്നത്. നവംബർ 7, 1935 ഇൽ തിരുവനന്തപുരത്ത് കേരള സർവകലാശാലയുടെ ഡീൻ ആയിരുന്ന എൻ പി പിള്ളയുടെയും, സരസ്വതി അമ്മയുടേയും മകനായി ആണ് താരം ജനിച്ചത്. മാത്രമല്ല, മലയാള നിരൂപണത്തിന് പുതിയ മാനം നൽകിയ സാഹിത്യപഞ്ചാനനൻ പി.കെ.നാരായണപിള്ള താരത്തിന്റെ  മുത്തച്ഛനും, പ്രസിദ്ധ കവിയും സാഹിത്യകാരനുമായ ടി.എൻ. ഗോപിനാഥൻ നായർ  താരത്തിന്റെ അമ്മാവനുമാണ്.

ചെറുപ്പത്തിൽ തന്നെ അഭിനയത്തിൽ കമ്പമുള്ള താരം സ്കൂൾ നാടകങ്ങളിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു, തുടർന്ന്പൊന്‍കുന്നം വര്‍ക്കിയുടെ ജേതാക്കള്‍ എന്ന നാടകത്തില്‍ പെണ്‍വേഷം അഭിനയിച്ചതിന്, ഹൈസ്കൂളില്‍ പഠിക്കുന്ന സമയം ബെസ്റ്റ് ആക്റ്റര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. കലാലയ ജീവിതം ആരംഭിച്ച യൂണിവേഴ്സിറ്റി കോളേജിലെ സോഷ്യോളജി ബിരുദ പഠന കാലത്ത് താരം വീണ്ടും നാടക രംഗത്ത് സജീവമായി. ബിരുദം പൂർത്തിയാക്കിയശേഷം താരം ആഗ്ര യൂണിവേഴ്സിറ്റിയിൽ എം.എയും പൂർത്തിയാക്കി. പിന്നീട് കൊൽക്കത്തയിലെ ഫ്രീ പ്രസ് ജർണലിലും, കൗമുദിയുടെ ബ്യൂറോ ചീഫുമായി താരം ജോലിചെയ്തു.

പിന്നീട് ആർമിയിൽ ചേരാൻ ഉള്ള തയ്യാറെടുപ്പിൽ രണ്ടാംഘട്ട സെലക്ഷനിൽ പങ്കെടുക്കാൻ ഇരിക്കെ ഒരു അപകടത്തിൽ പെട്ട് കൈയൊടിയുകയും അവസരം നിഷേധിക്കപ്പെടുകയും ചെയ്യുകയായിരുന്നു. പിന്നീട് അദ്ദേഹം ബാംഗ്ലൂരിൽ ഇമ്പാക്ട് എന്ന പേരിൽ ഒരു അഡ്വർടൈസിങ് കമ്പനി തുടങ്ങിയെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. അക്കാലയളവിൽ താരം മധു എന്ന അനശ്വര നടനെ പരിചയപ്പെടുകയും, ഈ പരിചയം അദ്ദേഹത്തിൽ സിനിമാ മോഹം ഉടലെടുക്കുകയും ചെയ്തു. നടൻ മധുവിന്റെ ശുപാർശ മൂലം രണ്ടു ചിത്രങ്ങളിൽ ചെറിയ വേഷം ലഭിച്ച താരം പിന്നീട് 1975ൽ രാഗം എന്ന സിനിമയിലെ അഭിനയത്തിലൂടെ നിരവധി അവസരങ്ങളാണ് എത്തി പിടിച്ചത്. അലാവുദ്ദീനും അൽഭുതവിളക്കും എന്ന ചിത്രത്തിൽ കമലഹാസനോടൊപ്പം അഭിനയിച്ചു. എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി തുടങ്ങി ചില തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു. മാത്രമല്ല നിരവധി സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്.

x