അടുത്ത തിരഞ്ഞെടുപ്പിലും കേരളം ഇടതുപക്ഷം പിടിക്കും, രക്തത്തിൽ അലിഞ്ഞ് ചേർന്നിരിക്കുകയാണ് ഈ പാർട്ടി,  ഈ സിനിമ സഖാവിന്റെ സിനിമയാണ്; സിനിമാ പ്രമോഷന് പാർട്ടി കൊടിയുമായിയെത്തി ഭീമൻ രഘു

കമ്യൂണിസ്റ്റ് പാർട്ടിയിലേക്ക് പ്രവേശിച്ചതിന് പിന്നാലെ നടൻ ഭീമൻ രഘു എന്നും എയറിലാണ്. പരിഹാസം വെറുതെ ചോദിച്ചു വാങ്ങുന്നു. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് എത്തിയ ഭീമൻ രഘു എഴുന്നേറ്റ് നിന്നുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം മുഴുവൻ കേട്ടതും പിണറായി തന്റെ അച്ഛന്റെ പോലെയാണെന്ന് വിശേഷിപ്പിച്ചതുമെല്ലാം സമൂഹമാധ്യമങ്ങളിൽ ട്രോളുകളായി മാറിയിരുന്നു.

കമ്യൂണിസ്റ്റ് പാർട്ടിയോടുള്ള അദ്ദേഹത്തിന്റെ അമിതസ്നേഹം പലപ്പോഴും അദ്ദേഹത്തെ അപഹാസ്യനാക്കുന്നുമുണ്ട്. കഴിഞ്ഞദിവസം സിനിമയുടെ പ്രമോഷന് വേണ്ടി അദ്ദേഹം പാർട്ടിയുടെ കൊടി കൈകളിലേന്തി എത്തിയതാണ് പുതിയ വാർത്ത. പുതിയ സിനിമയായ ‘മിസ്റ്റർ ഹാക്കറി’ന്റെ പ്രമോഷന് വേണ്ടിയാണ് താരം കൊടിവീശിയെത്തിയത്.

സംഭവത്തെക്കുറിച്ച് ഭീമൻ രഘു പറയുന്നത് ഇങ്ങനെ,

‘ഇടതുപക്ഷത്തിന്റെ ആളായത് കൊണ്ടാണ് അതിന്റെ കൊടിയുമായി വരുന്നത്. രക്തത്തിൽ അലിഞ്ഞ് ചേർന്നിരിക്കുകയാണ് ഈ പാർട്ടി. ഇപ്പോഴത്തെ സാഹചര്യത്തിൽ സോഷ്യൽ മീഡിയയിൽ ഒക്കെ നിറഞ്ഞ് നിൽക്കുകയല്ലേ… അപ്പോൾ ജനങ്ങൾക്കും കാണാൻ ഒരു താല്പര്യം ഉണ്ട്. ഈ പടത്തെ സംബന്ധിച്ചും ഇത്തരത്തിലെ ഒരു പ്രൊമോഷൻ ആവശ്യമാണ്.

അടുത്ത തിരഞ്ഞെടുപ്പിലും കേരളം ഇടതുപക്ഷം പിടിക്കും. യാതൊരു സംശയവുമില്ല. മിസ്റ്റർ ഹാക്കർ എന്ന സിനിമയിലും സഖാവ് ആയാണ് ഞാൻ വേഷമിടുന്നത്. ഈ സിനിമ സഖാവിന്റെ സിനിമയാണ്. അതുകൊണ്ട് ഞാൻ പറഞ്ഞിട്ടാണ് കൊടി കൊണ്ടുവന്നത്. ഇയാൾ എന്തിനാണ് ഈ കൊടി വച്ചിറങ്ങുന്നതെന്ന് ആളുകൾ ചോദിക്കുമല്ലോ? അവിടെയും ചർച്ചയാകുമല്ലോ?…

കമ്യൂണിസ്റ്റ് പാർട്ടിയിൽ വന്നതിന് ശേഷം നല്ലൊരു റെസ്പോൺസ് എനിക്ക് കിട്ടുന്നുണ്ട്. അടുത്ത തവണയും കമ്യൂണിസ്റ്റ് പാർട്ടി തന്നെ ഭരണം പിടിക്കും. അതും ഉറപ്പാണ്. പിണറായി വിജയൻ നല്ലൊരു മനുഷ്യനാണ്. അദ്ദേഹം ചീഫ് മിനിസ്റ്റർ എന്ന നിലയിലാണ് എഴുന്നേറ്റ് നിന്നത്. എന്റെയൊരു സംസ്കാരമാണ് അവിടെ കാണിച്ചത്. അദ്ദേഹത്തെ ബഹുമാനിക്കേണ്ടതാണ്. പുറകിൽ ഇരിക്കുന്ന ആളുകളോട് ചോദിച്ചിട്ടാണ് ഞാൻ എഴുന്നേറ്റുനിന്നത്. പതിനഞ്ച് മിനിറ്റും ആ പ്രസംഗം നിന്നു കേട്ടു. എന്റെ സംസ്കാരമാണ് ഞാൻ അവിടെ കാണിച്ചത്. ബഹുമാനിക്കേണ്ട ആളെ ബഹുമാനിച്ചു. സോഷ്യൽമീഡിയയിലെ വിമർശനങ്ങൾക്കു വില കൽപിക്കുന്നില്ല.

Articles You May Like

x