സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ അധ്യക്ഷനായി സുരേഷ് ഗോപിയെ നിയമിച്ചു

ന്യൂഡൽഹി: സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ അധ്യക്ഷനായി നടനും മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ഗോപിയെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇൻസ്റ്റിറ്റ്യൂട്ട് ഗവേണിംഗ് കൗൺസില്‍ ചെയർമാന്‍റെ ചുമതലയും സുരേഷ് ഗോപി വഹിക്കും. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം.

അങ്ങയുടെ മഹത്തായ അനുഭവവും സിനിമയിലെ വൈഭവവും തീർച്ചയായും ഈ മഹോന്നത സ്ഥാപനത്തെ സമ്പന്നമാക്കും. താങ്കള്‍ക്ക് ഫലവത്തായ ഒരു ഭരണകാലം ആശംസിക്കുന്നുവെന്ന് അനുരാഗ് ഠാക്കൂര്‍ എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.

1995 ല്‍ കൊല്‍ക്കത്തയില്‍ സ്ഥാപിതമായ സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ രാജ്യത്തെ സിനിമ ടെലിവിഷന്‍ പഠന രംഗത്തെ മുന്‍നിര സ്ഥാപനമാണ്. കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണ് എസ്ആർഎഫ്ടിഐ പ്രവര്‍ത്തിക്കുന്നത്.

അടുത്തിടെ പ്രമുഖ നടനും സംവിധായകനുമായ ആര്‍. മാധവനെ പൂനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പ്രസിഡന്‍റ്, ഗവേണിങ് കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചിരുന്നു.

Articles You May Like

x