അഭിനയകലയുടെ പെരുന്തച്ചൻ; അഭിനയിക്കുകയാണെന്ന് തോന്നിപ്പിച്ചാൽ അഭിനയം പരാജയപ്പെട്ടു എന്ന് നിരന്തരം ഓർമ്മപ്പെടുത്തിയ നടൻ, തിലകൻ ഓർമയായിട്ട് ഇന്നേക്ക് 11 വർഷം

അരങ്ങിലും അഭ്രപാളികളിലും കരുത്തുറ്റ കഥാപാത്രങ്ങളെ അനശ്വരമാക്കിയ നടൻ തിലകൻ ഓർമയായിട്ട് 11 വർഷം. അഭിനയ ജീവിതത്തിൻറെ അവസാനം ഒറ്റപ്പെട്ടുപോയെങ്കിലും വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചു തിലകൻ. അഭിനയിക്കുകയാണെന്ന് തോന്നിപ്പിച്ചാൽ അഭിനയം പരാജയപ്പെട്ടു എന്ന് നിരന്തരം ഓർമ്മപ്പെടുത്തിയ നടനായിരുന്നു തിലകൻ. കഥാപാത്രമേതായാലും തിലകൻ ഫ്രെയിമിൽ നിറഞ്ഞുനിൽക്കും. പ്രേക്ഷകരുടെ മനസ്സിൽ പതിയും. അത് ആ നടനു മാത്രം അവകാശപ്പെട്ട നടന വൈഭവമായിരുന്നു.

ഏതു കഥാപാത്രത്തിലേക്കും അയത്ന ലളിതമായി പ്രവേശിക്കാൻ കഴിയുമെന്നതാണ് തിലകന്റെ പ്രത്യേകത. പൂർവമാതൃകകളില്ലാതെ തിലകനിലെ നടൻ, അത് ഊതിക്കാച്ചിയ പൊന്നുപോലെ മനോഹരമാക്കുന്നു. നിരീക്ഷണത്തിന്റെ സൂക്ഷ്മതയിലായിരുന്നു ഓരോ കഥാപാത്രത്തിന്റെയും പിറവി.

സവിശേഷമായ പിതൃഭാവങ്ങൾ അനശ്വരമാക്കി തിലകൻ. സ്ഫടികത്തിലെ ചാക്കോമാഷിലും കിരീടത്തിലെ അച്യുതൻ നായരിലും ഈ വ്യത്യസ്തത കാണാം. വിക്ഷോഭങ്ങൾ ഉള്ളിലൊതുക്കിയ പത്മരാജന്റെ മൂന്നാംപക്കത്തിലെ മുത്തച്ഛൻ, തിലകനഭിനയിച്ച കഥാപാത്രങ്ങളിൽ തലയെടുപ്പോടെ നിൽക്കുന്നു.

മലയാള സിനിമയുടെ അഭിമാനവും ആത്മവിശ്വാസവുമായിരുന്നു തിലകൻ. സാധാരണഗതിയിൽ ഒരു നടനെ പരീക്ഷിക്കുന്ന കഥാപാത്രങ്ങളെ അതുകൊണ്ടാണ് അദ്ദേഹത്തിന് അനായാസം തോൽപിക്കാനായത്. അനുഭവങ്ങളുടെ ചിന്തേരിട്ടു മിനുക്കിയ പാഠങ്ങളിലായിരുന്നു തിലകൻ തന്നിലെ നടനെ പുതുക്കിയെടുത്തത്. ഭാവഗരിമയാർന്ന കഥാപാത്രങ്ങളായിരുന്നു ഓരോന്നും.

ഗൗരവമുളള കഥാപാത്രങ്ങൾക്കൊപ്പം സ്വന്തം ഇമേജിനെക്കുറിച്ച് വേവലാതികൊള്ളാതെയുള്ള തിലകൻ വേഷങ്ങളും നിരവധിയാണ്. സത്യൻ അന്തിക്കാടിന്റെ സന്മനസുള്ളവർക്ക് സമാധാനം എന്ന സിനിമയിലെ ദാമോദർജിയായുള്ള പകർന്നാട്ടം വേറിട്ട കഥാപാത്രങ്ങളിലൊന്നാണ്.

ജീവിതസായാഹ്നത്തിൽ അഭിനയിച്ച കഥാപാത്രങ്ങളിലും അഭിനയത്തിന്റെ പുതിയ ആകാശങ്ങൾ തേടി തിലകൻ. ചട്ടമ്പി, കുടിയൻ, പുതുപ്പണക്കാരൻ, പൊലീസുകാരൻ, ധനാഢ്യൻ, ഏഷണിക്കാരൻ, അധ്യാപകൻ, കാര്യസ്ഥൻ, മന്ത്രവാദി, നേതാവ്, എന്നിങ്ങനെ തിലകൻ എടുത്തണിയാത്ത വേഷങ്ങൾ കുറവാണ്. പകയും ജയവും തോൽവിയും സ്നേഹവുമൊക്കെ തിലകമണിഞ്ഞു നിന്ന കാലം മറഞ്ഞിട്ട് ഇന്നേയ്ക്ക് പതിനൊന്നു വർഷം.

x