
കൂടെവിടെയിലെ വില്ലൻ മോഹനൻ നാട്ടുകാർക്ക് അഭി മാധവ് എന്ന നായകനാണ് ; ആപത്തിൽ ഓടിയെത്തുന്ന തങ്ങളുടെ ഹീറോ
വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട്ടം പിടിച്ചുപറ്റിയ പരമ്പരയാണ് കൂടെവിടെ. പ്രശസ്ത സീരിയൽ താരങ്ങളായ കൃഷ്ണകുമാർ , അൻഷിദ, ബിബിൻ ജോസ്, ശ്രീധന്യ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളാകുന്ന പരമ്പരയിൽ ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ കഥാപാത്രമാണ് മോഹനൻ എന്ന വില്ലൻ കഥാപാത്രം. ബിഗ്‌സ്‌ക്രീനിൽ നിന്നും മിനിസ്ക്രീനിലേക്ക് ചേക്കേറിയ യുവ നടൻ അഭിമാധവ് ആണ് മോഹനൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പരമ്പരയിലെ വളരെ പ്രധാനപ്പെട്ട റോൾ കൈകാര്യം ചെയ്യുന്ന താരം, തന്റെ സ്വതസിദ്ധമായ അഭിനയ ശൈലി കൊണ്ട് വളരെ മികച്ച രീതിയിൽ ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരുപക്ഷേ ഒരു വില്ലൻ കഥാപാത്രത്തിന് ഇത്രയേറെ ആരാധകർ ഉണ്ടാകുന്നതും ഇത് ആദ്യമായായിരിക്കും.

സ്ക്രീനിലെ വില്ലനായ മോഹനനെ എല്ലാവർക്കും അറിയാമെങ്കിലും ജീവിതത്തിലെ നേരിന്റെ നായകനായ അഭി മാധവിനെ അധികം ആർക്കും അറിയാൻ വഴിയില്ല. രക്തദാന ദിനമായ ഇന്ന് കൊറോണാ വ്യാപന സാഹചര്യത്തിൽ പലരും രക്തം ദാനം ചെയ്യാൻ ഭയക്കുമ്പോൾ രക്തദാനം ചെയ്തു ഒരു മികച്ച സന്ദേശമാണ് മറ്റുള്ളവർക്ക് അദ്ദേഹം പകർന്നു നൽകിയത്. ബ്ലഡ് ഡോണേഴ്സ് കേരള കമ്മിറ്റിയുടെ , കണ്ണൂരിലെ ഇരിട്ടി താലൂക്കിലെ പ്രധാന കോർഡിനേറ്ററും സന്നദ്ധ പ്രവർത്തകനുമാണ് ഇദ്ദേഹം. രക്തം ആവശ്യമുള്ളവർക്ക് സൗജന്യമായി രക്തം അറേഞ്ച് ചെയ്തു നൽകുക എന്നതാണ് സംഘടനയുടെ ലക്‌ഷ്യം. വർഷങ്ങളായി ഈ മേഖലയിലെ സജീവ സാന്നിധ്യമാണ് ഇദ്ദേഹം.

രക്തദാനത്തിൽ മാത്രമല്ല മറ്റ് സാമൂഹ്യ ജനക്ഷേമ പ്രവർത്തനങ്ങളിലും മുൻനിരയിൽ ജനങ്ങളോടൊപ്പം ജനങ്ങളിൽ ഒരാളായാണ് അഭി മാധവ് നിൽക്കുന്നത്. കൊറോണ എന്ന മഹാമാരി മൂലം ഷൂട്ടിങ് ഒക്കെ നിർത്തിവെച്ച സാഹചര്യത്തിൽ താരങ്ങളും മറ്റു പലരും വീടുകളിൽ സുരക്ഷിതമായി കഴിയുമ്പോൾ അഭി മാധവ് എന്ന ഈ ചെറുപ്പക്കാരൻ കഷ്ടപ്പെടുന്നവർക്ക് ഒരു കൈത്താങ്ങാകുകയാണ്. കോവിഡ് ദുരിതത്തിലാക്കിയ പാവങ്ങളെ സഹായിക്കാനും, ഭക്ഷണ സാധനങ്ങൾ എത്തിക്കാനും, അവരുടെ മറ്റു ആവശ്യങ്ങൾക്കും വേണ്ടി തന്റെ താരപദവി മാറ്റിവെച്ച് ഇറങ്ങിച്ചെല്ലുകയാണ് അദ്ദേഹം. ഓൺലൈൻ ക്ലാസ്സുകൾക്കായി ഫോണും ടിവിയുമില്ലാത്ത നിരവധി കുട്ടികൾക്കാണ് താരം സഹായമെത്തിച്ചത്. അതുകൂടാതെ ശുചീകരണ പ്രവർത്തനങ്ങളിലും യാതൊരു മടിയും കൂടാതെ മുൻനിരയിൽ തന്നെ ഉണ്ട് അഭി.

കേരളം പ്രളയം എന്ന മഹാ ദുരന്തത്തിലൂടെ കടന്നു പോയപ്പോഴും ഓടിയെത്തിയിരുന്നു അഭി മാധവ് എന്ന യുവാവ്. അന്ന് നിരവധി പേർക്കാണ് അദ്ദേഹവും അദ്ദേഹത്തിന്റെ സംഘടനയും കൈത്താങ്ങായത്. ഒരു അഭിനേതാവ് എന്നതിലുപരി ഒരു ബിസിനസ്സുകാരൻ കൂടിയാണ് അഭി മാധവ്. “ബ്ലൂ ലഗൂൺ ഹോളിഡേ ക്രൂസസ് ” എന്ന ട്രാവൽ ആൻഡ് ടൂറിസം സ്ഥാപനവും നടത്തിവരികയായിരുന്നു അദ്ദേഹം. എന്നാൽ കോവിഡ് കാലമായതിനാൽ തന്നെ ഈ ബിസിനസ്സും പ്രതിസന്ധിയിലാണ്. എന്നാൽ അതോർത്തു ദുഖിച്ചിരിക്കാൻ തയ്യാറല്ല അഭി. തന്നേക്കാൾ കഷ്ട്ടപെടുന്നവർ വേറെ ഉണ്ടെന്നും അവർക്കെന്തെങ്കിലും സഹായം ചെയ്യാൻ ആണ് ഇപ്പോൾ നമ്മൾ ശ്രമിക്കേണ്ടതെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം. ഇത്രയൊക്കെയാണെങ്കിലും മറ്റുള്ളവരെ പോലെ അതൊന്നും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതിലും അഭിക്ക് വലിയ താല്പര്യമില്ല.

കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയാണ് അഭി മാധവ്. അച്ഛൻ മാധവൻ നമ്പ്യാർ അഭിക്ക് വെറും രണ്ട് വയസ്സ് പ്രായമുള്ളപ്പോഴാണ് മരണപ്പെടുന്നത്.വളരെ കഷ്ടപ്പെട്ടാണ് അഭി പഠിച്ചതും വളർന്നതും.അതിനു ശേഷം സമൂഹത്തിലെ വിവിധ മേഖലയിലും ബന്ധപ്പെട്ട് പ്രവർത്തിക്കുകയും. പല ബസ്സിനസും ചെയ്യുകയുണ്ടായി.സിനിമാ രംഗത്തു നിന്നുമാണ് അഭി സീരിയൽ രംഗത്തേക്ക് വരുന്നത്.’ യാദൃച്ഛികമായാണ് അഭി അഭിനയരംഗത്തേക്ക് എത്തുന്നത്. സ്‌കൂൾ തലത്തിൽ മറ്റൊരാൾ അഭിനയിക്കണ്ടിയിരുന്ന കഥാപാത്രം അഭിക്ക് അഭിനയിക്കേണ്ടി വരികെയായിരുന്നു. അന്ന് നാടകം പരാജയപ്പെട്ടെങ്കിലും ജില്ലാ തലത്തിൽ മികച്ച നടനുള്ള അവാർഡ് കരസ്ഥമാക്കിയാണ് അഭി തിരികെ വന്നത്. അതോടെയാണ് അഭിനയിക്കാൻ ഉള്ള തന്റെ കഴിവ് അഭി മനസിലാക്കുന്നത്. വണ്ടർഫുൾ ജേർണി, മാൽഗുഡി ഡേയ്സ് എന്നീ മലയാള ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ താരം കൈകാര്യം ചെയ്തിട്ടുണ്ട്. മാത്രമല്ല മൈ ഗോഡ്,ഗ്രേറ്റ് ഫാദർ തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. എന്നാൽ സിനിമയിൽ ലഭിക്കാത്ത അംഗീകാരവും, പ്രേക്ഷകപ്രീതിയും ആണ് കൂടെവിടെ എന്ന ഒരൊറ്റ പരമ്പരയിലൂടെ താരം സ്വന്തമാക്കിയത്.