അമ്മയും അനിയത്തിയും കുളിക്കുമ്പോൾ പോയി കാവൽ നിൽക്കും, ഒരു ഷെഡിലാണ് ഞങ്ങൾ താമസിക്കുന്നത് – സായി വിഷ്ണു

മലയാളികൾ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന പരിപാടി ആയിരുന്നു ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ്സ് മലയാളം 3. ആദ്യ രണ്ട് സീസണുകളിലെ വമ്പൻ വിജയത്തിന് ശേഷം എത്തിയ ബിഗ് ബോസ്സ് മലയാളം സീസൺ 3 പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. പരിപാടി തുടങ്ങി ഒരാഴ്ച പിന്നിടുമ്പോൾ തന്നെ റേറ്റിങ്ങിൽ വമ്പൻ മുന്നേറ്റമാണ് ബിഗ്‌ബോസ് കാഴ്ച വെച്ചിരിക്കുന്നത്. പതിവിൽ നിന്നും വ്യത്യസ്തമായി ഇത്തവണ മത്സരാർത്ഥികൾ എല്ലാം തന്നെ ഗംഭീര പ്രകടനം ആണ് കാഴ്ച വെക്കുന്നത്.

ബിഗ്‌ബോസ് ഹൗസിൽ മിന്നുന്ന പ്രകടനം കാഴ്ച വെച്ച് മുന്നേറുന്ന ഒരു മത്സരാർത്ഥി ആണ് സായി വിഷ്ണു. സിനിമാ മോഹവുമായി നടക്കുന്ന എഞ്ചിനീയറിംഗ് ബിരുദധാരി ആയ ചെറുപ്പക്കാരൻ ഇതിനോടകം തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരനായി കഴിഞ്ഞു. കഴിഞ്ഞ ദിവസം വീക്കിലി ടാസ്കിൽ തന്റെ വീടിനെ കുറിച്ച് മനസ്സ് തുറന്ന വിഷ്ണു പ്രേക്ഷകരുടെ കണ്ണ് നനയിച്ചിരിക്കുകയാണ്. എപ്പോഴും ചിരിച്ച മുഖത്തോടെ മാത്രം കാണുന്ന വിഷ്ണുവിന്റെ ഉള്ളിലെ സങ്കടങ്ങളും വിഷമങ്ങളും വിഷ്ണു പ്രേക്ഷകരോട് പറഞ്ഞപ്പോൾ കണ്ണ് നനയാതെ അത് കണ്ടവർ ഉണ്ടാകില്ല.

തനിക്ക് നല്ലൊരു വീട് ഇല്ലെന്നു പറഞ്ഞ വിഷ്ണു ജനിച്ചിട്ട് ഇതുവരെ താൻ സമാധാനത്തോടെ ഉറങ്ങിയിട്ടില്ല എന്നും പറഞ്ഞു. വീട്ടിൽ അമ്മയും പെങ്ങളും ഉണ്ട് ഒരു ഷെഡിലാണ് താമസിക്കുന്നത് , തലയിണക്ക് താഴെ പിച്ചാത്തിയും വാതിലിൽ ഗ്യാസ് കുറ്റിയും പിടിച്ചു വെച്ചാണ് താൻ ഉറങ്ങാൻ കിടക്കുന്നതെന്നും വിഷ്ണു പറയുന്നു. ഇവിടെ നിൽക്കുമ്പോഴും തനിക്ക് വീടിനെ കുറിച്ച് ആലോചിച്ചു ഒരു സമാധാനവും കിട്ടുന്നില്ലെന്നും എപ്പോഴും വീടിനെ കുറിച്ചാണ് ചിന്ത എന്നും വിഷ്ണു പറയുന്നു.

വീട്ടിൽ ഒരു ബാത്രൂം പോലും ഇല്ല. പുറത്തു ഷീറ്റ് വെച്ച് മറച്ചൊരു ഷെഡിലാണ് അവർ കുളിക്കുന്നത്. അവർ കുളിക്കാൻ കയറുന്നതിനു മുൻപ് ഞാൻ ചുറ്റും പോയി ആരെങ്കിലും ഉണ്ടോ എന്ന് നോക്കും . അതിനു ശേഷം മാത്രമേ അവരെ കുളിക്കാൻ കയറ്റുകയുള്ളൂ എന്നും വിഷ്ണു പറഞ്ഞു. ആകെയുള്ള ഈ വീടും ഇപ്പോൾ ജപ്തി ആയി ഇരിക്കുകയാണ് . അത് നഷ്ടമാകുന്നതിനു മുന്നേ എനിക്ക് കുറച്ചു പൈസ സമ്പാദിക്കണം എന്നും വിഷ്ണു പറയുന്നു .

തന്റെ വീടിനെ എല്ലാവരും കളിയാക്കി വിളിക്കുന്നത് പുത്തൻ ചിറ പാലസ് എന്നാണ്. അതു കൊണ്ട് തന്നെ തനിക്ക് അവിടെ ഒരു കൊട്ടാരം വെക്കണം എന്നാണ് ആഗ്രഹം എന്നും വിഷ്ണു പറയുന്നു. ഒരു സിനിമാ നടൻ ആകണം എന്നാണ് സായി വിഷ്ണുവിന്റെ ആഗ്രഹം, താൻ അതിനായി ആണ് ശ്രമിക്കുന്നതെന്നും സായി പറയുന്നു. വീട്ടിൽ ടിവി ഇല്ലാത്തതുകൊണ്ട് ബിഗ് ബോസ് പോലും അച്ഛനും അമ്മയും കാണുന്നുണ്ടാകില്ല , അനിയത്തി ചിലപ്പോൾ മൊബൈൽ വഴി കാണുന്നുണ്ടാകും എന്നും സായി പറഞ്ഞു.

x