മോനേ ദൈവം അനുവദിച്ചാൽ ഈ നിമിഷം നിന്റെ കൂടെ ആ ലോകത്തേക്ക് വരാൻ ഞാൻ തയ്യാറാണ് : ചക്കപ്പഴത്തിലെ ലളിതാമ്മ നടി സബീറ്റ ജോർജ്

ഫ്ലവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ പരമ്പര ആണ് ചക്കപ്പഴം സീരിയൽ . ഉപ്പും മുളകും നിർത്തിയതിന്റെ വിഷമം പ്രേക്ഷകർ മറന്നത് ചക്കപ്പഴം എത്തിയതോടെ ആയിരുന്നു. വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിൽ ഒന്നായി മാറാൻ ചക്കപ്പഴത്തിനു സാധിച്ചു. ഒരു കുടുംബത്തിലെ രസകരമായ മുഹൂർത്തങ്ങൾ കോർത്തിണക്കിയാണ് ചക്കപ്പഴം എന്ന സീരിയൽ ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകർക്ക് അത്ര പരിചയമില്ലാത്ത താരങ്ങളുമായാണ് ചക്കപ്പഴം എത്തിയത്, എന്നാൽ ഇപ്പോൾ അവരൊക്കെ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായി മാറി കഴിഞ്ഞു.

ചക്കപ്പഴത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടപിടിച്ച താരമാണ് ലളിതാമ്മ. ലളിതാമ്മ ആയി പരമ്പരയിൽ വേഷമിടുന്നത് കൊച്ചിക്കാരിയായ സബീറ്റ ജോർജ് ആണ്. ചക്കപ്പഴത്തിൽ ഉത്തമൻറെ അമ്മയായാണ് നടി സബീറ്റ ജോർജ് വേഷമിടുന്നത്. അമ്മയായും അമ്മായിയമ്മയായും അമ്മമ്മയായും അച്ചാമ്മയായും ഒക്കെ മികച്ച പ്രകടനമാണ് സബീറ്റ കാഴ്ച വെക്കുന്നത്. ഒരു അമേരിക്കൻ മലയാളി ആയിരുന്നിട്ടും മലയാളിത്തം ഒട്ടും ചോരാത്ത അഭിനയത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയാണ് സബീറ്റ. എന്നാൽ പരമ്പരയിൽ നമ്മളെ ചിരിപ്പിക്കുന്ന നടി സബീറ്റയുടെ യഥാർത്ഥ ജീവിതം ഇതിൽ നിന്നും തികച്ചും വ്യത്യസ്തമാണ്.

വിവാഹം കഴിഞ്ഞ് അമേരിക്കയിൽ സെറ്റിൽ ആയതാണ് നടി സബീറ്റ. അതിനിടയിൽ ഏറെ ആഗ്രഹിച്ച ഒരു കുഞ്ഞ് പിറന്നെങ്കിലും ശാരീരിക വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിനെ നൽകി ദൈവം അവരെ പരീക്ഷിച്ചു. സംസാരിക്കാനും നടക്കാനും കഴിയാത്ത അവന് നല്കാവുന്നതിൽ വെച്ച് ഏറ്റവും നല്ല ചികിത്സ നൽകിയെങ്കിലും 2017ൽ പന്ത്രണ്ടാമത്തെ വയസ്സിൽ അവൻ ഈ ലോകത്തു നിന്നും യാത്രയായി. അവനെ നഷ്ടമായതിന്റെ ദുഃഖം മറക്കാൻ ആണ് സബീറ്റ വീണ്ടും മോഡലിംഗിലും അഭിനയത്തിലും സജീവമാകുന്നത്. സാക്ഷ എന്നൊരു മകൾ കൂടി ഉണ്ട് സബീറ്റക്ക്.

മകൻ നഷ്ടമായിട്ട് നാല് വർഷം തികഞ്ഞ കഴിഞ്ഞ ദിവസം സബീറ്റ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റാണ് ആരാധകരെ കണ്ണീരണിയിക്കുന്നത്. മകന്റെ ഒരു ചിത്രത്തോടൊപ്പം ഹൃദയസ്പർശിയായ ഒരു കുറിപ്പും സബീറ്റ പങ്കുവെച്ചു. എന്റെ ചെക്കൻ എന്നെ തനിച്ചാക്കി പോയിട്ട് ഇന്നേക്ക് നാല് വർഷമായി എന്ന് തുടങ്ങുന്ന കുറിപ്പ് നിറഞ്ഞ കണ്ണുകളോടെ അല്ലാതെ വായിച്ചു തീർക്കാനാകില്ല.

പാലയിലാണ് സബീറ്റ ജനിച്ചു വളർന്നത്. ചെറുപ്പ കാലം മുതൽ തന്നെ നൃത്തത്തിലും സംഗീതത്തിലും അഭിരുചി ഉണ്ടായിരുന്നു സബീറ്റക്ക് .എന്നാൽ ജീവിത സാഹചര്യങ്ങൾ അതിനെല്ലാം കടിഞ്ഞാണിട്ടു. എന്നിട്ടും തളരാതെ പോരാടിയ ഒരു പോരാളിയാണ് ഇപ്പോൾ നിങ്ങളുടെ സ്വന്തം ലളിതാമ്മ. പാലക്കാട് ചിറ്റൂർ കോളേജിൽ നിന്ന് സംഗീതം പഠിച്ച ശേഷം സൈക്കോളജിയിൽ ബിരുദം നേടി. അതിനു ശേഷം ബാംഗ്ലൂരിൽ പോയി അയാട്ടയിൽ പ്രവേശിച്ചു പഠിച്ചു. അതിനു ശേഷം ചെന്നൈ എയർ പോർട്ടിൽ ജോലി ലഭിച്ചു പിന്നെ കല്യാണം കഴിഞ്ഞ് യു.എസ്സിൽ പോയി. സാമൂഹിക മാധ്യമങ്ങളിൽ സജീവമാണ് ഈ കൊച്ചിക്കാരി.

x