”അവളുടെ കിടപ്പു കണ്ടപ്പോൾ പെട്ടെന്ന് ശരണ്യയെ എനിക്കോർമ്മ വന്നു”;നൊമ്പരപ്പെടുത്തുന്ന വാക്കുകളുമായി സീജ ജി നായര്‍

ലയാളികള്‍ക്ക് സീമ ജി നായര്‍ എന്ന പേര് സുപരിചിതമാണ്.സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് സീമ ജി നായര്‍.അടുത്തിടെയാണ് സിനിമാ-സീരിയല്‍ താരം ശരണ്യ ശശി അന്തരിച്ചത്.ഏറെ നാളായി ട്യൂമര്‍ ബാധിച്ച് ചികിത്സയിലായിരുന്നു ശരണ്യ ശശി. 11 തവണയോളം സര്‍ജറിക്ക് വിധേയമാകുകയും ചെയ്തിരുന്നു. ശരണ്യ ശശിയുടെ ചികിത്സയ്ക്ക് വേണ്ടി സജീവമായി രംഗത്തിറങ്ങിയതോടെയാണ് നടി സീമ ജി നായര്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചത്. ശരണ്യയുടെ ചികിത്സയുടെ കാലഘട്ടം മുഴുവനും തുടര്‍ന്ന് മരണ ശേഷം ശരണ്യയുടെ അമ്മയ്ക്ക് സാന്ത്വനമേകിയും സീമ ജി നായര്‍ നിലകൊണ്ടു. ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തെ മികച്ച സംഭാവനകള്‍ക്കുള്ള പ്രഥമ മദര്‍ തെരേസ പുരസ്‌കാരവും സീമ ജി നായര്‍ക്ക് ഈയിടെ ലഭിച്ചിരുന്നു.ശരണ്യയെപ്പോലെ തന്നെ ക്യാന്‍സറിനോട് പൊരുതി മരണത്തിന് കീഴടങ്ങിയ നെടുങ്കണ്ടം സ്വദേശിനി അഥീന ജോണിനെക്കുറിച്ചുള്ള സീമ ജി നായരുടെ പോസ്റ്റ് ആണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്.അഥീന കിടക്കുന്നത് കണ്ടപ്പോള്‍ ശരണ്യ കിടക്കുന്നത് പോലെയാണ് തനിക്ക് അനുഭവപ്പെട്ടത് എന്നും കുറിപ്പില്‍ സീമ ജി നായര്‍ പറയുന്നു.

”അഥീന വിടരും മുൻപേ കൊഴിഞ്ഞു പോയ എന്റെ പ്രിയപ്പെട്ടവൾ… കുറെ നാളുകൾക്കു മുന്നേ അഥീന മോളുടെ അമ്മ ബിൻസിയുടെ ഫോൺ കാൾ ആണ് എനിക്കു വന്നത്. ശാന്തിവിള ദിനേശേട്ടനെ വിളിച്ചാണ് എന്റെ നമ്പർ എടുത്തത്. ആ വിളി വന്ന ദിവസം എനിക്കോർമയുണ്ട്. ഞാനും ശരണ്യയുടെ നാത്തൂൻ രജിതയും കൂടി ആഴിമല അമ്പലത്തിലെ തിരുമേനിയെ കാണാൻ പോയ ദിവസം ആയിരുന്നു. ശരണ്യയുടെ ചടങ്ങുകളെ കുറിച്ച് ചോദിക്കാനാണ് പോയത്. അന്ന് അഥീനയുടെ അമ്മ ബിൻസി വിളിച്ചപ്പോൾ ആകെ എന്നോട് പറഞ്ഞത് എന്നെ ഒന്ന് കാണണം എന്നയിരുന്നു. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഞാൻ അവളെ കാണാൻപോയി. അവളുടെ കിടപ്പു കണ്ടപ്പോൾ പെട്ടെന്ന് ശരണ്യയെ എനിക്കോർമ്മ വന്നു.

അവളെ കുറിച്ച് ഞാൻ ഒരു വ്ലോഗും ചെയ്തു “ശരണ്യയെ പോലെ അഥീന” എന്നും പറഞ്ഞു. പിന്നെ അവൾ എന്റെ ആരൊക്കെയോ ആയി മാറുകയായിരുന്നു. നെല്ലിക്കുഴി പീസ് വാലിയിൽ കൊണ്ടുപോയി ഫിസിയോ തെറാപ്പിയിലൂടെ കൈകാലുകളുടെ ചലന ശേഷി വീണ്ടെടുക്കാൻ ശ്രമിച്ചു. ഈ കഴിഞ്ഞ 18 ന് അവളുടെ പിറന്നാൾ ആയിരുന്നു, ചെല്ലാം എന്ന് പറഞ്ഞെങ്കിലും ആ വാക്കുപാലിക്കാൻ എനിക്ക് സാധിച്ചില്ല.

ഇന്നലെ എല്ലാ പ്രാർത്ഥനകളും വിഫലമാക്കി ഒരുറക്കത്തിന്റെ രൂപത്തിൽ ഒരിക്കലും ഉണരാത്ത ഉറക്കമായി. സ്നേഹിച്ചവരെയെല്ലാം വേദനയിലാക്കി അവൾ യാത്രയായി. 18 ന് കാണാൻ വരാം എന്നു പറഞ്ഞ വാക്ക് പാലിക്കാനായി ഞാൻ ഇന്ന് അവളുടെ നാടായ നെടുങ്കണ്ടത്തിനു പോകുന്നു. അവസാനമായി അവളെ ഒരു നോക്കു കാണാൻ. എന്നെ നോക്കി അവൾ നിഷ്കളങ്കമായി ചിരിക്കില്ല എന്നറിയാം, എന്നാലും…”-സീമ ജി നായര്‍ കുറിച്ചു.

x