ലളിത വിവാഹമല്ല, മാതൃക കാട്ടിയതുമല്ല ; രജിസ്റ്റർ വിവാഹം ചെയ്യാനുള്ള കാരണം വ്യക്തമാക്കി റെയ്ജൻ രാജൻ, നന്നായി എന്ന് ആരാധകർ

‘ആത്മസഖി’ എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതനായ താരമാണ് റെയ്ജൻ. വ്യത്യസ്തമായ അഭിനയ ശൈലികൊണ്ടും ആരെയും ആകർഷിക്കുന്ന ലുക്ക് കൊണ്ടും നിരവധി ആരാധകരെ സ്വന്തമാക്കാൻ റെയ്ജന് സാധിച്ചു. മിനിസ്ക്രീൻ രംഗത്തെ പൃഥ്വിരാജ് എന്നാണ് അദ്ദേഹത്തെ എല്ലാവരും വിശേഷിപ്പിക്കുന്നത്. പൃഥ്വിരാജുമായി നല്ല മുഖ സാദൃശ്യം തോനുന്നതുകൊണ്ടാണ് അത്തരത്തിലൊരു പേര്. ‘തിങ്കൾകലമാൻ’ പരമ്പരയിൽ അദ്ദേഹം അവതരിപ്പിച്ച രാഹുൽ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അഭിനയത്തിന് പുറമേ തൻ്റെ വിശേഷങ്ങളെല്ലാം അടുത്തിടെ ആരംഭിച്ച യൂട്യൂബ് ചാനൽ വഴി പ്രേക്ഷകരെ അറിയിക്കാറുണ്ട്.

നടി അനുശ്രീയോടൊപ്പം റെയ്ജൻ ഒരുമിച്ച് ഒരു അഭിമുഖത്തിൽ എത്തിയതോടെ ഇവർക്കെതിരെ പലതരത്തിലുള്ള ഗോസിപ്പുകളും ഉയർന്നിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന തരത്തിലായിരുന്നു ഗോസിപ്പ്. പരിപാടിയ്ക്ക് വേണ്ടി മാത്രം പ്ലാൻ ചെയ്ത ഒരു ഡ്രാമയായിരുന്നു അതെന്നും തങ്ങൾക്കിടയിൽ പ്രണയം ഇല്ലെന്ന് തുറന്ന് പറഞ്ഞ് അനുശ്രീ ലൈവിലെത്തിയിരുന്നു. അതിന് പിന്നാലെ അഭിമുഖങ്ങളിൽ പ്രണയത്തെക്കുറിച്ച് ചോദിക്കുമ്പോൾ തനിയ്ക്ക് നിരവധി പ്രണയങ്ങൾ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ അതെല്ലാം ശരിയാകാതെ പോവുകയായിരുന്നു എന്നാണ് താരം പ്രതികരിച്ചത്. അതേസമയം ഈ അടുത്തിടെ തനിയ്ക്കൊരു പ്രണയമുണ്ടെന്നും ഒന്നര വർഷമായി താൻ പ്രണയത്തിലാണെന്നും റെയ്ജൻ വെളിപ്പെടുത്തുകയായിരുന്നു.

ഇന്നലെ എല്ലാവരെയും ഞെട്ടിച്ച് കൊണ്ടായിരുന്നു റെയ്ജൻ വിവാഹിതനായെന്ന വാർത്തകൾ പുറത്തു വന്നത്. യൂട്യൂബ് ചാനലിലൂടെ വിവാഹത്തിന് വേണ്ടിയുള്ള ഷോപ്പിംഗ് വീഡിയോ താരം പങ്കുവെച്ചിരുന്നു. ഇന്നലെ രാവിലെ 10 മണിയ്ക്കാണ് റെയ്ജൻ വിവാഹിതനാകുന്നത്. രജിസ്റ്റർ ഓഫീസിൽ വെച്ചായിരുന്നു താരത്തിന്റെ വിവാഹം. കോഴിക്കോട് സ്വദേശി ശിൽപയെയാണ് താരം വിവാഹം കഴിച്ചത്. തൃശ്ശൂർ പുല്ലൂർകര സബ്രജിസ്ട്രാർ ഓഫീസിൽ വെച്ചായിരുന്നു വിവാഹം നടന്നിരുന്നത്. വളരെ കുറച്ചുപേർ മാത്രം ആയിരുന്നു വിവാഹത്തിൽ പങ്കെടുത്തിരുന്നത്.


ഇരുവരുടെയും വീട്ടുകാർ മാത്രമായിരുന്നു വിവാഹ ചടങ്ങിൽ പങ്കെടുത്തത്. വിവാഹ ചടങ്ങുകൾ എല്ലാം തന്നെ വളരെ ലളിതമായിട്ടായിരുന്നു നടത്തിയത്. സാധരണ സെലിബ്രെറ്റികളുടെ വിവാഹം വലിയ ആഘോഷമായി മാറാറുണ്ട്. എന്നാൽ ഇന്ന് കാണുന്ന തരത്തിൽ സേവ് ദി ഡേറ്റ്, ആർപ്പും, വിളിയും ഒന്നും തന്നെ ഇരുവരുടെയും വിവാഹത്തിന് ഉണ്ടായിരുന്നില്ല. പരിമിതമായ ആളുകളെ മാത്രം പങ്കെടുപ്പിച്ച് കൊണ്ട് ലളിതമായി വിവാഹചട ങ്ങുകൾ നടത്തിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തുകയാണ് റെയ്ജൻ. താനും ശിൽപയും വ്യത്യസ്ത മതവിഭാഗത്തിൽപ്പെടുന്ന വ്യകതികളാണെന്നും, പ്രണയം ഇരുവരും വീട്ടിൽ വെളിപ്പെടുത്തിയപ്പോൾ തന്നെ വിവാഹം രണ്ട് വീട്ടുകാർക്കും വിഷമം വരാത്ത രീതിയിൽ നടത്തണമെന്ന് തീരുമാനിച്ചിരുന്നതായും അതുകൊണ്ടാണ് ഇങ്ങനെയൊരു രീതി തെരെഞ്ഞെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശിൽപ ഹിന്ദു മത വിഭാഗത്തിലും, റെയ്ജൻ ക്രിസ്ത്യൻ മത വിഭാഗത്തിലുമാണ്. തങ്ങൾ രണ്ട് പേരും ഇതുവരെ എങ്ങനെയാണോ ജീവിച്ചത് അതുപോലെ തന്നെ രണ്ടു പേരും തങ്ങളുടെ ഓരോരുത്തരുടെയും വിശ്വാസത്തിന് അനുസരിച്ച് ജീവിക്കുമെന്നും, മതം തങ്ങൾക്കിടയിൽ ഒരു പ്രശനമല്ലെന്ന് പറഞ്ഞ ഇരുവരും വിവാഹത്തിന് ശേഷം ക്ഷേത്രത്തിലും, പള്ളിയിലും കയറി പ്രാർത്ഥിച്ചതിന് പിന്നാലെയാണ് മടങ്ങിയത്. ആർഭാടപൂർവമല്ലാതെ ലളിതമായി വിവാഹം കഴിച്ച് മാതൃകയായ പ്രിയതാരത്തെയും വധുവിനെയും അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

x