
ചിത്രം സിനിമയിലെ മോഹന്‍ലാലിന്റെ അമ്മാവന്റെ മകന്‍ ; ശ്രദ്ധേയനായ ബാലതാരം ശരൺ വിടവാങ്ങി
1988 ൽ മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ചിത്രം. മോഹൻലാൽ, രഞ്ജിനി, നെടുമുടി വേണു, പൂർണ്ണം വിശ്വനാഥൻ തുടങ്ങിയർ പ്രധാന കഥാപാത്രങ്ങളായ ചിത്രം മലയാളത്തിലെ ഏറ്റവും ജനപ്രീതി നേടിയ ചലച്ചിത്രമായാണ് കണക്കാക്കപ്പെടുന്നത്. ശ്രീനിവാസന്റെ കഥയെ ആസ്പദമാക്കി പ്രിയദർശൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചത്. മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി 365 ദിവസം തീയേറ്ററിൽ ഓടിയ ചിത്രം മലയാളത്തിലെ കളക്ഷൻ റെക്കോർഡുകൾ എല്ലാം തകർത്തെറിഞ്ഞു വലിയ വിജയമായി മാറിയിരുന്നു.

ചിത്രം സിനിമ കണ്ടവർക്കാർക്കും മറക്കാൻ കഴിയാത്ത ഒരു കഥാപാത്രം ആയിരുന്നു മോഹൻലാലിൻറെ അമ്മാവന്റെ മകനായി എത്തിയ കുട്ടിയുടേത്. സായിപ്പിനെ പറ്റിച്ചു കിട്ടിയതിന്റെ പകുതി ചോദിച്ചെത്തിയ രാമകൃഷ്ണൻ എന്ന കുസൃതിക്കാരൻ പയ്യനെ ആരും മറക്കാൻ ഇടയില്ല. വളരെ കുറച്ചു സീനുകളിൽ മാത്രമാണ് എത്തിയതെങ്കിലും തന്റെ അഭിനയമികവ് കൊണ്ട് ആ കഥാപാത്രത്തെ മികച്ചതാക്കി തീർക്കാൻ ശരൺ എന്ന ബാലതാരത്തിന് കഴിഞ്ഞിരുന്നു. സിനിമാ സീരിയൽ മേഖലയിൽ നടനായും ഡബ്ബിങ് ആർട്ടിസ്റ്റ് ആയുമൊക്കെ പ്രവർത്തിച്ചു വന്ന ശരൺ വേണു വിടവാങ്ങിയിരിക്കുകയാണ്.

കഴിഞ്ഞ രണ്ടു ദിവസമായി കടുത്ത പനിയെ തുടർന്ന് അതിന്റെ ചികിത്സയിൽ ആയിരുന്നു ശരൺ. ഇന്ന് രാവിലെ വീട്ടിൽ വെച്ച് കുഴഞ്ഞു വീണ ശരണിനെ ഉടൻ തന്നെ അടുത്തുള്ള കടക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാൽപത് വയസ്സ് ആയിരുന്നു ശരണിന്. മൃദദേഹം ഇപ്പോൾ കടക്കൽ താലൂക്ക് ആശുപത്രിയിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. കോവിഡ് പരിശോധന ഫലം വന്നതിന് ശേഷം ശേഷം മാത്രമേ ബോഡി ബന്ധുക്കൾക്ക് വിട്ടു നൽകൂ.

വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമേ ശരൺ അഭിനയിച്ചിട്ടുള്ളൂ. അതിൽ ഏറ്റവും ശ്രദ്ധേയ വേഷം ചിത്രത്തിലെ രാമ കൃഷ്ണൻ എന്ന വേഷം തന്നെയാണ്. അനന്ത വൃത്താന്തം, ഒരു തരം രണ്ടു തരം മൂന്നു തരം , 32-ാം അദ്ധ്യായം 23-ാം വാക്യം തുടങ്ങിയ ചിത്രങ്ങളിൽ ശരൺ വേഷമിട്ടിട്ടുണ്ട്. ദൂരദർശനിൽ അസ്സിസ്റ്റന്റ്റ് ഡയറക്റ്റർ ആയിരുന്ന എസ് വേണുവിന്റെയും പഴയകാല നടിയായ രാജകുമാരി വേണുവിന്റെയും മകനാണ് ശരൺ. സിനിമാ സീരിയൽ മേഖലയിൽ ഡബ്ബിങ് ആർട്ടിസ്റ്റായി പ്രവർത്തിച്ചു വരികയായിരുന്നു ശരൺ.

തിരുവനന്തപുരം സ്വദേശി ആയ ശരൺ കുടുംബസമേതം കടക്കൽ ചിതറ എന്ന സ്ഥലത്തായിരുന്നു താമസിച്ചു വന്നത്. അടുത്തിടെ മോഹൻലാലിന്റെ കൂടെ ഒരു സ്റ്റേജ് പ്രോഗ്രാമിൽ ശരൺ പങ്കെടുത്തിരുന്നു. തന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും മോഹൻലാലിനെ കാണാൻ ആഗ്രഹം ഉണ്ടെന്നും ശരൺ പറഞ്ഞിരുന്നു. അങ്ങനെയാണ് മോഹൻലാലുമൊത്തുള്ള പരിപാടിയിലേക്ക് ശരണിന് ക്ഷണം ലഭിക്കുന്നത്. ചിത്രത്തിലെ സൂപ്പർഹിറ്റ് കഥാപാത്രങ്ങൾ വര്ഷങ്ങള്ക്കു ശേഷം കണ്ടുമുട്ടിയപ്പോൾ അതിന്റെ ചിത്രങ്ങളും വിഡിയോയും ഒക്കെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരുന്നു.