ആകെ 5 പേര് മാത്രമുള്ള വിവാഹം , വിവാഹത്തിന് ഭക്ഷണം വിളമ്പുന്നത് വരൻ , കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

ഒരു കല്യാണ പെണ്ണിന്റെ കണ്ണീരിൽ ചാലിച്ച ചിരിയുടെ കഥയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.ആളും ആരവവും ആൾക്കൂട്ടവുമില്ലാത്ത ഒരു കൊച്ചു കല്യാണം.ആകെ അഞ്ചോളം പേര് മാത്രം പങ്കെടുത്ത വിവാഹം , വിവാഹത്തിന് ഭക്ഷണം വിളമ്പുന്നത് വരൻ ..അയൽക്കാരില്ല ബന്ധുക്കൾ ഇല്ല , എന്നാൽ കല്യാണ മേളങ്ങൾ ഒന്നും തന്നെയില്ലാത്ത ആ നിക്കാഹിന് പിന്നിൽ ഒരുപാട് പ്രതീക്ഷകളും കണ്ണ് നീരും ഉറഞ്ഞു കിടപ്പുണ്ടെന്ന് എന്നതാണ് സത്യം ..വനിതാ ദിനത്തിൽ റസിയയുടെ ജീവിതം വെളിപ്പെടുത്തി ഫാസിൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ആണ് ഇപ്പോൾ സോഷ്യൽ ലോകം ഏറ്റെടുത്തിരിക്കുന്നത്.ഒരു തുള്ളി കണ്ണീർ പൊഴിക്കാനാവാതെ വായിച്ചു തീർക്കാനാവില്ല ..

ഫാസിലിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

ആ ചിരിയല്ല ഈ ചിരി …

ഇന്ന് സുഹൃത്ത് സുഹൈലുമൊത്ത് ബൈക്കിൽ ചാവക്കാട് സഹപ്രവർത്തകയായിരുന്ന റസിയയുടെ കല്യാണത്തിന് പോയി.സാധാരണ കല്യാണവീടിന്റെ അടയാളമായി പന്തലും ആൾക്കൂട്ടവും വണ്ടികളുമൊക്കെ കാണും ആ അടയാളങ്ങൾ ഒന്നും ഈ കല്യാണത്തിനില്ലാത്തത് കൊണ്ട് പലതവണ പലരോടും ചോദിച്ചാണ് പോയത്..വീടിന് മുമ്പിൽ ഒരു മാരുതിക്കാറുണ്ട് ട്ടോ, വീട് എന്ന് പറഞ്ഞാൽ അത് യാഥാർത്ഥ്യത്തോട് യോജിക്കില്ല കുടിൽ എന്ന് പറയാം..

പ്രതീക്ഷ പോലെ കല്യാണപ്പന്തലില്ല, ആളും ബഹളവുമില്ല, കല്യാണ വീട്ടിലെ ബിരിയാണിയുടെ മണം കിട്ടിയെത്തുന്ന കാക്കക്കൂട്ടങ്ങളുടെ ശബ്ദങ്ങളില്ല..ഞങ്ങളെ കണ്ടതും റസിയ മുടന്തി നടന്ന് ഫാസിലേ.. എന്ന് വിളിച്ചരികിലെത്തി ഇന്നലെ ഒന്ന് വീണ് അവരുടെ കാലിന് ചെറിയ പൊട്ടുണ്ട്.പത്ത് മുപ്പത്തിയഞ്ചിൽ കൂടുതൽ വയസ്സുള്ള റസിയ പുതുനാരിയുടെ വേഷത്തിൽ..ഹ്യദയാഘാതം സംഭവിച്ച ഒരു സഹോദരനെ പുതുജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ ഐസിയുവിൽ പരിചരിച്ചതിന്റെ നന്ദിയെന്നോണം തിരൂരിനടുത്ത് നിന്ന് വന്ന രോഗിയും ഉപ്പയും സഹോദരനും അവരാണ് ആ മാരുതിക്കാറിൽ വന്നവർ. പിന്നെ ഞാനും സുഹൈലും ഞങ്ങൾ അഞ്ച് പേരാണ് ആ കല്യാണ പന്തലില്ലാത്ത മുറ്റത്തെ കസേരയിലിരുന്ന ആകെയുള്ള അതിഥികൾ.

അയൽവാസികളോ, കുടുംബങ്ങളോ ആയി ആരേയും കണ്ടില്ല.അനാഥമന്ദിരത്തിൽ കൂടെ പഠിച്ച ചില സഹോദരികൾ അകത്തുണ്ട്..പുതിയാപ്ല എപ്പളാ വരിക…?? എന്ന് ചോദിച്ചപ്പോ ഇപ്പോ വരുമെന്ന് പറഞ്ഞു.ഒരു കാറിൽ സുഹൃത്തുക്കളുമൊത്ത് പുതിയാപ്ല വരുന്നത് മനസ്സിൽ കണ്ടു.. കുറച്ച് കഴിഞ്ഞപ്പോൾ ഒരു ബൈക്കിൽ ഒരാൾ വന്ന് നാലാൾക്കിരിക്കാവുന്ന മേശയിൽ ഞങ്ങൾക്ക് ഭക്ഷണം വിളമ്പി, റസിയ പറഞ്ഞു അതാണ് കക്ഷി…!!!അതെ, സാധാരണ വേഷത്തിൽ വന്ന് ഞങ്ങൾക്ക് ഭക്ഷണം വിളമ്പി ഒപ്പമിരുന്ന് ഭക്ഷണം കഴിക്കുന്ന അയാളാണ് പുതിയാപ്ല…!!! സുഹൈലും ഞാനും അന്താളിച്ചിരിക്കയാണ്. സ്വപ്നമാണൊ ഇതെല്ലാം..

സാധാരണ വേഷത്തിൽ, തന്റെ രോഗത്തിന്റെ വൈഷണ്യവും സാഹചര്യങ്ങളുണ്ടാക്കുന്ന മാനസിക പ്രയാസങ്ങളും മുഖത്ത് കാണിക്കാതെ ചിരിച്ച് കൊണ്ട് ഞങ്ങളുടെ അടുത്ത് വന്നു സംസാരിച്ചു. ഇനി ആരും ഇല്ല കാണാൻ കാണേണ്ടിയിരുന്ന ആ കാരണവർ എന്നോ കാണാമറയത്തെത്തി. സഹപ്രവർത്തകർക്ക് കാണാൻ ഗ്രൂപ്പിലിടാനായി ഫോട്ടോയെടുത്തു. (റസിയയുടെ കല്യാണഫോട്ടൊ എന്നും പറയാം) ചിരിക്കുമ്പോഴും കല്യാണപ്പെണ്ണിന്റെ കണ്ണിൽ നിന്ന് കണ്ണീര് പൊടിയുന്നത് കണ്ടു..

സാധാരണ മണവാട്ടി സ്വന്തം വീട്ടിൽ നിന്നിറങ്ങുമ്പോൾ കരയാറുള്ള കരച്ചിലല്ല. നിക്കാഹിന്റെ കാശ് പോലും സ്വന്തം കയ്യിൽ നിന്നെടുത്ത് കൊടുത്ത റസിയയുടെ ആ കരച്ചിൽ..റസിയ സഹപ്രവർത്തകർ സഹായിച്ചതിന്നുള്ള നന്ദിപറയുമ്പോൾ ആരും സഹായിക്കാനില്ലാത്ത അവൾക്ക് സഹായമെത്തിക്കാൻ മനസ്സ് കാണിച്ച സഹപ്രവർത്തകരേയും സുഹൃത്തുക്കളേയും മറ്റു സുമനസ്സുകളേയും ഞാൻ അഭിമാനത്തോടെ ഓർത്തു. കാരണം ആ സഹായത്തിന്റെ മഹത്വം ഞാൻ നേരിട്ട് കാണുകയായിരുന്നു. (സുമനസ്സുകൾക്ക് പരമകാരുണ്യകൻ തക്കതായ പ്രതിഫലം നൽകട്ടെ )

ഞങ്ങൾ യാത്ര പറഞ്ഞിറങ്ങി വരുമ്പോൾ ചിരിച്ചും സംസാരിച്ചും വന്ന ഞാനും സുഹൈലും പക്ഷെ, തിരിച്ച് പോവുമ്പോൾ ഒന്നും മിണ്ടുന്നില്ല, മിണ്ടാൻ മറ്റുന്നില്ല..തിരികെയുള്ള യാത്രയിൽ പലയിടത്തും കല്യാണപ്പരിവാടികൾ കണ്ടു. ഓഡിറ്റോറിയത്തിലും, വീട്ടിലും.. പൊടിപൊടിക്കുന്ന കല്യാണാഘോഷങ്ങൾ.ഒരേ കളർ വസ്ത്രം, കമ്മൽ, വള, കയ്യിലിരിക്കുന്ന ഫോണിന്റെ കൂടsക്കം ഒരേ കളർ. തീർന്നില്ല മാസ്ക്കും, അങ്ങനെ പല കാഴ്ചകൾ.. “അയൽക്കാരൻ പട്ടിണി കിടക്കുമ്പോൾ വയറു നിറച്ചുണ്ണുന്നവൻ എന്നിൽ പെട്ടവനല്ല” എന്ന പ്രവാചകവചനം കേവലം ഒരു വാക്കല്ല, ഒരുപാടർത്ഥങ്ങളുള്ള ഒരുപദേശമാണ് പ്രിയരേ..

മുഹമ്മദ് ഫാസിൽ CMT ഇന്ന് അന്താരാഷ്ട്ര വനിതാദിനം ഏവര്‍ക്കും ഹൃദയം നിറഞ്ഞ വനിതാദിനാശംസകള്‍ ഇതായിരുന്നു ഫേസ്ബുക്ക് കുറിപ്പ് , എന്തായാലും ഒരു തുള്ളി കണ്ണീർ പൊഴിക്കാതെ ഈ പോസ്റ്റ് വായിച്ചു തീർക്കാൻ ആവില്ല.പോസ്റ്റ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട് .

x