ഈ കളങ്കമില്ലാത്ത സ്നേഹത്തിന് മുന്നിൽ മനുഷ്യർ പോലും നമിച്ചുപോകും , സംഭവം ഏറ്റെടുത്ത് സോഷ്യൽ ലോകം

സ്‌നേഹിക്കണമെങ്കില്‍ നായയെ സ്‌നേഹിക്കണം. കാരണം നമ്മള്‍ നല്‍കുന്ന സ്‌നേഹത്തിന്റെ ഇരട്ടിയായി നമ്മളെ അവര്‍ സ്‌നേഹിക്കും. വാക്കുകളിലൂടെ പറഞ്ഞറിയിക്കാന്‍ പറ്റാത്ത സ്‌നേഹമാണ് നായ്ക്കള്‍ നമുക്ക് നല്‍കുന്നത്. ഇപ്പോഴിതാ ഇതിന് ഉദാഹരണമായി ഒരു സംഭവമാണ് വൈറലാവുന്നത്. കൊല്ലം സ്വദേശി ദിവാകരനും അദ്ദേഹത്തിന്റെ അര്‍ജു എന്ന നായയും തമ്മില്‍ അപൂര്‍വ്വമായ ഒരു സ്‌നേഹ ബന്ധമായിരുന്നു. കുടുംബാംഗങ്ങളെപോലെ ദിവാകരന്റെ വിയോഗം ഉള്‍കൊള്ളാന്‍ അര്‍ജുവിനും സാധിച്ചിട്ടില്ല. ദിവാകരന്റെ ചിതയൊരുക്കിയ സ്ഥലത്ത് നട്ട തെങ്ങിന്‍തൈയുടെ അരികില്‍ ഇപ്പോഴും കാത്തിരിക്കുകയാണ് അര്‍ജുവെന്ന നായ. ദിവാകരന്റെ സംസ്‌കാരം കഴിഞ്ഞ് ദിവസങ്ങള്‍ ആയി. എന്നിട്ടും കുഴിമാടത്തിനരികെ കാത്തിരിക്കുന്ന അര്‍ജുവിന്റെ ചിത്രം കണ്ണ് നിറയ്ക്കുന്ന കാഴ്ചയാണ്.

കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് ചികിഝയിലായിരുന്ന ദിവാകരന്‍ നവംബര്‍ 1 നായിരുന്നു മരിച്ചത്. ദിവാകരന്‍ പണിചെയ്യുന്ന സ്ഥലത്ത് ഉള്‍പ്പടെ ദിവാകരന്റെ സന്ത്തസഹചാരിയായിരുന്നു അര്‍ജു. രണ്ടരവയസാണ് അര്‍ജുവിന്. കുഞ്ഞായിരുന്നപ്പോള്‍ വീട്ടില്‍ തനിയെ കയറി വന്നതാണ് അര്‍ജു. വീട്ടില്‍ ഉള്ളവര്‍ ഭക്ഷണമെല്ലാം നല്‍കി പരിചരിച്ച് കുടുംബത്തിലൊരാള്‍ ആയി മാറുകയായിരുന്നു. ആരെയും ഉപദ്രവിക്കാതെ നടക്കുന്ന നായ ആയിരുന്നു അര്‍ജു.

ദിവാകരന്റെ മരണശേഷം ദിവസങ്ങളോളം അര്‍ജു ആഹാരം കഴിച്ചിരുന്നില്ല. പിന്നീട് മുറികളില്‍ കയറി ഇറങ്ങി നടക്കുകയും കുഴിമാടത്തിന് അരികെ പോയിരിക്കുകയും ചെയ്തിരുന്നു. പകല്‍ അഴിച്ചുവിട്ടാല്‍ ഉടനെ പോകുന്നത് ദിവാകരന് ചിതയൊരുക്കിയ സ്ഥലത്ത് ആയിരിക്കും. അവിടെ മണ്ണിനോട് ചേര്‍ന്ന് കിടക്കും അര്‍ജു. അര്‍ജുവിന്റെ സ്‌നേഹത്തെ കുറിച്ച് സംസാരിക്കാന്‍ വീട്ടുകാര്‍ക്ക് നല്ല സന്തോഷമാണ്.

x