
രണ്ടാം നിലയിൽ ക്യൂ നിൽക്കവേ തലകറങ്ങി താഴേക്ക് വീഴാൻപോയ ആളെ രക്ഷിച്ച ആ രക്ഷകൻ ഇതാണ്
രണ്ടാമത്തെ നിലയിലുള്ള ബാങ്കിന് മുന്നിൽ ക്യൂ നിൽക്കവേ തലകറങ്ങി താഴേക്ക് പതിക്കാൻ പോയ ആളെ പെട്ടെന്ന് തന്നെ കാലിൽ പിടിച്ചു രക്ഷപ്പെടുത്തുന്ന മറ്റൊരാൾ. സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ ദൃശ്യങ്ങൾ ആയിരുന്നു ഇത്. എന്നാൽ ഒട്ടും പ്രതീക്ഷിക്കാതെ ഉണ്ടായ ഈ സംഭവത്തിൽ പതറി പോകാതെ തന്റെ മനഃസാന്നിധ്യം കൊണ്ട് ഒരു ജീവൻ രക്ഷിച്ച നീല കുപ്പായം ഇട്ട ആൾക്ക് സോഷ്യൽ മീഡിയയിലെങ്ങും അഭിനന്ദന പ്രവാഹം ആയിരുന്നു.

എന്റെ കോട്ടയം ലൈവ് എന്ന ഫേസ്ബുക് പേജിൽ വന്ന സിസിടിവി ദൃശ്യം ആരുടേയും നെഞ്ചിടിപ്പ് കൂട്ടുന്നതായിരുന്നു. “ചിലർ നമ്മളോട് ചോദിക്കാറില്ലേ ആരാണ് ദൈവമെന്ന്.? നമുക്കിടയിൽ തന്നെയുണ്ട് ദൈവം. ഈ വീഡിയോ കണ്ടാൽ മനസിലാകും, ആരാണ് ദൈവമെന്ന്.” എന്ന തലക്കെട്ടോടെ ആണ് വീഡിയോ പബ്ലിഷ് ചെയ്തത്. എന്നാൽ ആരാണ് ഈ വിഡിയോയിൽ ദൈവദൂതനെ പോലെ എത്തിയ ആൾ എന്ന് വ്യക്തമാക്കിയിരുന്നില്ല. ഒരു ജീവൻ രക്ഷിച്ച ആ നീല കുപ്പായക്കാരനെ കണ്ടെത്താൻ അതോടെ സോഷ്യൽ ലോകം അന്വേഷണവും തുടങ്ങി.

വാടകരയിലുള്ള കേരളാ ബാങ്കിൽ ക്ഷേമ നിധി തുക അടക്കാൻ വന്നതായിരുന്നു തൊഴിലാളികളായ ബിനുവും ബാബുരാജും. കൊറോണ മുൻകരുതൽ എന്നോണം വളരെ കുറച്ചു പേരെ മാത്രമേ ബാങ്കിനുള്ളിൽ കയറ്റിയിരുന്നുള്ളൂ. അങ്ങനെ തങ്ങളുടെ ഊഴത്തിനായി പുറത്തു കാത്തു നിൽക്കുകയായിരുന്നു ബിനുവും ബാബുരാജും വേറെ ചിലരും. അങ്ങനെ ക്യൂ നിൽക്കവേ ആണ് ബിനു തലകറങ്ങി താഴേക്ക് വീഴാൻ പോകുന്നത് ബാബുരാജ് കാണുന്നത്. അപ്രതീക്ഷിതമായി ഉണ്ടായ ഈ സംഭവത്തിൽ പതറിപ്പോകാതെ പെട്ടെന്ന് തന്നെ ബാബുരാജ് ബിനുവിന്റെ കാലിൽ പിടിച്ചു നിർത്തുകയായിരുന്നു.

ബിനുവിനെ കാലിൽ പിടിച്ചു നിർത്തിയത് കണ്ട മറ്റുള്ളവരും ഓടിയെത്തി ബിനുവിനെ വലിച്ചു കയറ്റി ഉടൻ തന്നെ അടുത്തുള്ള ഹോസ്പിറ്റലിലേക്കും കൊണ്ട് പോയി. കെട്ടിടത്തിന്റെ രണ്ടാം നിലയിൽ ആയിരുന്നു ഇരുവരും ക്യൂ നിന്നിരുന്നത്. ബിനു താഴേക്ക് പതിച്ചിരുന്നെങ്കിൽ അവിടെ വൈദ്യുതി കമ്പി ഉൾപ്പടെ ഉണ്ടായിരുന്ന അവസ്ഥ ആയിരുന്നു. മനഃസാന്നിധ്യം കൈവിടാതെ ഉള്ള ബാബുരാജിന്റെ ഇടപെടൽ ആണ് ബിനുവിന്റെ ജീവൻ രക്ഷിച്ചത്.
കോഴിക്കോട് ULCCS ലെ ജീവനക്കാരനാണ് വടകര സ്വദേശി ആയ ബിനു. നിർമാണ തൊഴിലാളിയാണ് ബിനുവിനെ രക്ഷപ്പെടുത്തിയ ബാബുരാജ്. വീഡിയോ കണ്ട് ആ ദൈവത്തിന്റെ കരങ്ങളെ അന്വേഷിച്ചു ഇറങ്ങിയ സോഷ്യൽ മീഡിയ ആണ് ബാബുരാജിനെ കണ്ടെത്തിയത്. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത ബിനുവിനെ പിന്നീട് വീട്ടിലേക്ക് വിട്ടിരുന്നു. ഒരു ജീവൻ രക്ഷിക്കാൻ സാധിച്ച സന്തോഷത്തിലാണ് ഇപ്പോൾ ബാബുരാജ്. ബിനു വീഴാൻ പോകുന്നതും ബാബുരാജ് രക്ഷിക്കുന്നതും വിഡിയോയിൽ കണ്ടതോടെ സോഷ്യൽ മീഡിയയിലെങ്ങും ബാബുരാജിന് അഭിനന്ദന പ്രവാഹം ആയിരുന്നു.