ഓക്സിജൻ മാസ്ക് വെച്ചുകൊണ്ട് തന്നെ ഒരു ശ്വാസത്തിനായി പിടഞ്ഞിട്ടുണ്ട്! കോവിഡിന്റെ ഭീകരതയത്രയും അതിന്റെ ഏറ്റവും തിവ്രമായ അവസ്ഥയിൽ അനുഭവിച്ചതാണ് ഞാൻ.

കോവിഡ് പ്രതിസന്ധി വീണ്ടും നമ്മുടെ രാജ്യത്തു രൂക്ഷമാവുകയാണ്. ദിനപ്രതി കോവിഡ് രോഗികളുടെ എണ്ണം കൂടി കൂടി വരുന്നു. ആശുപത്രികളിൽ രോഗികളെ കൊണ്ട് നിറയുന്നു. വീണ്ടും ഒരു ലോക്ക് ഡൌൺ അനിവാര്യമായി വരുന്നു. എന്നാൽ പലർക്കും കോവിഡിനെ കുറിച്ചുള്ള പണ്ട് ഉണ്ടായിരുന്ന പേടി ഇപ്പോഴില്ല. കോവിഡ് എന്നാൽ വെറുമൊരു പനിയല്ലേ ഇതിനെ എന്തിനാ ഇത്രകണ്ട് പേടിക്കേണ്ട കാര്യം എന്ന് കരുതുന്നവരാണ് പലരും. എന്നാൽ കോവിഡിന്റെ ഭീകരത മനസ്സിലാകണമെങ്കിൽ അത് അനുഭവിച്ചവരോട് ചോദിച്ചു നോക്കണം.
തന്റെ കോവിഡ് കാലത്തേ അനുഭവം പങ്കുവെച്ചു ഫേസ്ബുക്കിൽ ഒരു യുവതി ഇട്ട പോസ്റ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഡിമ്പിൾ ഗിരീഷ് എന്ന യുവതിയാണ് മരണത്തെ മുഖാമുഖം കണ്ട തന്റെ അവസ്ഥ വിവരിച്ചു ഫേസ്ബുക്കിൽ കുറിച്ചത്. താൻ ആശുപത്രിയിൽ കിടക്കുമ്പോൾ എടുത്ത ചിത്രങ്ങളും ആറ് മാസങ്ങൾക്കു ശേഷം ഇപ്പോഴെടുത്ത ചിത്രവും പങ്കുവെച്ചു കൊണ്ടാണ് അവർ തന്റെ അനുഭവം പങ്കു വെച്ചിരിക്കുന്നതു. ഡിമ്പിൾ ഗിരീഷ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.
ഈ ഫോട്ടോയിൽ കാണുന്നത് ഞാനാണ്, ആറു മാസം മുന്നത്തേയും ഇപ്പോഴത്തെയും ഞാൻ. എന്തിനാണ് ഇങ്ങനൊരു ഫോട്ടോ ഇപ്പോൾ പോസ്റ്റ്‌ ചെയ്തതെന്ന് പലരും ആലോചിക്കുന്നുണ്ടാവും. കോവിഡിന്റെ രണ്ടാം തരംഗത്തെ പേടിക്കരുതെന്നല്ല പേടിക്കണം എന്ന് ഓർമ്മപ്പെടുത്താൻ തന്നെയാണ് ഇതിവിടെ പോസ്റ്റ്‌ ചെയ്യുന്നത്.
ഒരു കോവിഡിന്റെ ഭീകരതയത്രയും അതിന്റെ ഏറ്റവും തിവ്രമായ അവസ്ഥയിൽ അനുഭവിച്ചതാണ് ഞാൻ. ഓക്സിജൻ മാസ്ക് വെച്ചുകൊണ്ട് തന്നെ ഒരു ശ്വാസത്തിനായി പിടഞ്ഞിട്ടുണ്ട്. ഇരുപത് മിനിറ്റിന് ശേഷമൊക്കെയാണ് നേരെയൊരു ശ്വാസം എടുക്കാൻ പറ്റിയിട്ടുള്ളത്.
മാസ്ക് വെക്കുമ്പോൾ പോലും ഓക്സിജൻ ലെവൽ 68 ഒക്കെ ആവുന്ന അവസ്ഥ എത്ര ഭീകരമാണെന്നോ? മരണത്തെ തൊട്ടു മുന്നിൽ നേർക്കുനേർ കാണുമ്പോൾ ഉണ്ടാവുന്ന നിസംഗത ഇതൊക്കെ പറഞ്ഞു മനസിലാക്കാൻ ബുദ്ധിമുട്ട് ആണ്. ശാരീരിക ബുദ്ധിമുട്ടുകൾക്കപ്പുറം അനുഭവിക്കേണ്ടി വരുന്ന മാനസിക സംഘർഷങ്ങൾ. ICU വിലെ അടുത്ത ബെഡിലുള്ള ഓരോരുത്തർ ഓരോ ദിവസവും കണ്മുന്നിൽ മരിച്ചു വീഴുന്നത് കാണേണ്ടി വരിക, അതിന് ശേഷം ഉണ്ടാവുന്ന ഭീകരമായ ഡിപ്രെഷൻ. എല്ലാമൊന്ന് നോർമൽ ആയി വരുന്നതേയുള്ളു. ജീവിതത്തോടുള്ള കാഴ്ചപ്പാട് തന്നെ മാറിപ്പോകും.
31 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം പതിയെയെങ്കിലും ഞാൻ പഠിച്ച വലിയ പാഠമുണ്ട്. ഓരോ ജീവനും വിലപ്പെട്ടതാണ്, നമ്മുടെ ജീവിതം നമ്മുടേത് മാത്രമാണ്. അത് മാക്സിമം ആസ്വദിക്കുക തന്നെ വേണം. മറ്റാർക്കു വേണ്ടിയും നമ്മുടെ സന്തോഷങ്ങൾ പണയം വെക്കരുത്. കിട്ടുന്ന സമയങ്ങൾ തോന്നുന്ന രീതിയിലൊക്കെ ജീവിച്ചു തീർത്തോണം. ഉപദേശിക്കാനും സദാചാരം പ്രസംഗിക്കാനുമൊക്കെ ഒരുപാട് ആളുകൾ ഉണ്ടാവും. അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചേക്കുക അത്രമതി.
ഇനിയൊരു കോവിഡ് വന്നാൽ ഞാനത് സർവൈവ് ചെയ്യുമെന്ന് എനിക്ക് യാതൊരു ഉറപ്പുമില്ല. അതുകൊണ്ട് തന്നെ ഒരുപാട് സൂക്ഷിക്കുന്നുണ്ട്. ഒപ്പം പേടിയും.
മുംബയിൽ കൂടി വരുന്ന കേസുകൾ കാണുമ്പോൾ ഇവിടെ നിൽക്കാൻ തന്നെ പേടിയാവുന്നു. ഓക്സിജൻ, വെന്റിലേറ്റർ, ബെഡ് എന്നിവയുടെ ദൗർലഭ്യം ഭീകരമാണ് ഇവിടെ. ആശുപത്രിയിൽ പ്രവേശനം ലഭിക്കാതെ മരണപ്പെടുന്നവരുടെ എണ്ണവും കൂടി വരുന്നു. ജീവൻ രക്ഷാ മരുന്ന് ആയ Remdesivir injection ന്റെ അഭാവവും ഒരുപാട് ജീവനുകൾ എടുത്തു കഴിഞ്ഞു. മാസ്ക് വെക്കുന്നുണ്ടെങ്കിലും സോഷ്യൽ ഡിസ്റ്റൻസിങ് എങ്ങുമില്ല. ആരുമതിനെ പറ്റി ഒട്ടുമേ bothered അല്ല.ഇനിയെങ്കിലും സൂക്ഷിച്ചില്ലെങ്കിൽ ആറടി മണ്ണിൽ കുഴിച്ചിടാൻ പോലും മനുഷ്യർ ഭൂമിയിൽ അവശേഷിക്കാതെയാവും.
ഇപ്പോഴും മാസ്ക് വെക്കാത്തതിന് പിഴ അടയ്ക്കുന്ന ആൾക്കാർ ഒട്ടും കുറവല്ല നമ്മുടെ നാട്ടിൽ. മുംബയിൽ എവിടെയും കോവിഡ് രക്ഷാ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു കൊണ്ടു Maha Malayali Help Desk (MMHD) എന്നൊരു വാട്സ്ആപ് ഗ്രൂപ്പ്‌ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. മരുന്നുകൾക്കോ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനോ ഒക്കെ ബുദ്ധിമുട്ട് നേരിടുന്നവർക്ക് ബന്ധപ്പെടാവുന്നതാണ്. പലതരം ആരോഗ്യ പ്രശ്നങ്ങളാൽ എനിക്ക് ആക്റ്റീവ് ആവാൻ പറ്റുന്നില്ലെങ്കിലും കഴിയുന്ന സഹായം ചെയ്യാൻ MMHD പ്രവർത്തകർക്ക് കഴിയും.
ഭയം വേണം ഒപ്പം ജാഗ്രതയും
❤
🙏
ശുഭാശംസകളോടെ ഡിംപിൾ
😘
😘
x