രാജ്യത്ത് 2000 രൂപയുടെ നോട്ടുകൾ പിൻവലിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ; നോട്ടുകൾ മാറ്റിയെടുക്കാൻ സമയം സെപ്റ്റംബർ 30 വരെ

രാജ്യത്ത് 2000 രൂപയുടെ നോട്ടുകൾ പിൻവലിച്ച് റിസർവ്ബാങ്ക് ഓഫ് ഇന്ത്യ. ആർബിഐയുടെ തീരുമാനം മിനിറ്റുകൾക്ക് മുൻപാണ് പുറത്തുവന്നത്. സെപ്റ്റംബർ 30 വരെ നോട്ടുകൾ മാറ്റിയെടുക്കാമെന്നും ആർബിഐ അറിയിച്ചിട്ടുണ്ട്. അതുവരെ മാത്രമേ നോട്ടുകളുടെ നിയമപ്രാബല്യം തുടരുകയുള്ളൂ. നിലവിൽ കൈവശമുള്ള രണ്ടായിരത്തിന്റെ നോട്ടുകൾ ഉപയോഗിക്കുന്നതിന് തടസ്സം ഇല്ലെന്നും അധികൃതർ ജനങ്ങളെ അറിയിച്ചു. രണ്ടായിരത്തിന്റെ നോട്ടുകൾ ഉപഭോക്താക്കൾക്ക് നൽകുന്നത് നിർത്തണമെന്ന് ആർബിഐ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയെന്ന് വാർത്ത ഏജൻസിയും റിപ്പോർട്ട് ചെയ്യുന്നു. രണ്ടായിരത്തിന്റെ നോട്ടുകൾ 20,000 രൂപയ്ക്ക് വരെ ഒറ്റത്തവണ ബാങ്കുകളിൽ നിന്ന് മാറ്റാം. മെയ് 23 മുതൽ ഇത്തരത്തിൽ മാറ്റിയെടുക്കുവാൻ സാധിക്കും

2023 സെപ്റ്റംബർ 30 വരെ രണ്ടായിരത്തിന്റെ നോട്ടുകൾ നിക്ഷേപിക്കുന്നതിനും മാറ്റിയെടുക്കുന്നതിനും ബാങ്കുകൾ സൗകര്യമൊരുക്കുമെന്നും 2018 ന് ശേഷം 2000 രൂപയുടെ നോട്ടുകൾ അച്ചടിച്ചിട്ടില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നോട്ടുകൾ അച്ചടിച്ചതിന്റെ ലക്ഷ്യം കൈവരിച്ചു എന്നും ആർബിഐ വ്യക്തമാക്കുകയുണ്ടായി. 2016 നവംബർ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് 5000ന്റെയും ആയിരത്തിന്റെയും നോട്ടുകൾ നിരോധിച്ചത്. തുടർന്ന് അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും പുതിയ നോട്ടുകൾ ആളുകൾക്ക് മുൻപിലേക്ക് അവതരിപ്പിക്കുകയും ചെയ്തു. നോട്ടുകൾ മാറ്റിയെടുക്കാൻ അന്ന് ബാങ്കുകൾക്കും എടിഎമ്മുകൾക്കും മുൻപിൽ നീണ്ട നിര പ്രത്യക്ഷപ്പെട്ടത് അടക്കം മാധ്യമങ്ങളിൽ വലിയ വാർത്ത സൃഷ്ടിച്ചിരുന്നു. അന്ന് അവതരിപ്പിച്ച രണ്ടായിരത്തിന്റെ നോട്ടുകളാണ് ഇപ്പോൾ റിസർവ്ബാങ്ക് പിൻവലിച്ചിരിക്കുന്നത്. 2016 നവംബർ എട്ടിന് രാത്രി 8 15നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രിസഭ യോഗത്തിനുശേഷം രാജ്യത്തെ ടെലിവിഷൻ വഴി അഭിസംബോധന ചെയ്ത് നോട്ടുനിരോധനം പ്രഖ്യാപിച്ചത്.

ഇതിന് പിന്നാലെ 2000 രൂപയുടെയും 500 രൂപയുടെയും പുതിയ നോട്ടുകൾ രാജ്യത്ത് പുറത്തിറക്കുകയും ചെയ്തു. കള്ളനോട്ടിന്റെയും കള്ളപ്പണത്തിന്റെയും ഉപയോഗമില്ലാതെ ആവുമെന്നും അഴിമതി കുറയും എന്നുമായിരുന്നു നോട്ടുനിരോധനത്തിന്റെ ഭാഗമായി അന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടിരുന്നത്. മറ്റു മൂല്യങ്ങളിൽ ഉള്ള കറൻസി നോട്ടുകൾ വിനിമയത്തിന് ആവശ്യമായ തോതിൽ ലഭ്യമായതോടെയാണ് രണ്ടായിരത്തിന്റെ നോട്ട് പിൻവലിക്കുന്നത് എന്നാണ് ആർ ബി ഐ പറയുന്നത്. 2018- 19 സാമ്പത്തിക വർഷം മുതൽ രണ്ടായിരത്തിന്റെ രൂപ നോട്ടിന്റെ അച്ചടി റിസർവ്ബാങ്ക് അവസാനിപ്പിച്ചിരുന്നു. മാർച്ച് 31 കണക്കുകൾ പ്രകാരം ആദ്യ പ്രചാരത്തിൽ ഉണ്ടായിരുന്ന കറൻസി നോട്ടുകളുടെ മൂല്യത്തിൽ 10.8% മാത്രമേ 2000 രൂപ നോട്ടുകൾ നിലവിലുള്ളു. സാധാരണ ഇടപാടുകൾക്ക് 2000 രൂപ ഉപയോഗിക്കുന്നത് വളരെ കുറവാണെന്നതിനാലാണ് ഇപ്പോൾ രണ്ടായിരത്തിന്റെ നോട്ട് പിൻവലിച്ചിരിക്കുന്നത്.

Articles You May Like

x