പത്താം ക്ലാസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് പിന്നാലെ കിഡ്നാപ്പിങ് നാടകവുമായി പെൺകുട്ടി; ആവശ്യപ്പെട്ടത് ഒരു കോടി രൂപ

കഴിഞ്ഞ ദിവസമാണ് പത്താം ക്ലാസ് പരീക്ഷയുടെ ഫലം പുറത്തുവന്നത്. ഇതിന് പിന്നാലെ നിരവധി വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെട്ടെങ്കിലും കോൽക്കത്തയിൽ നിന്നുള്ള വാർത്ത അല്പം വിചിത്രമാണ്. പത്താം ക്ലാസ് പരീക്ഷയിൽ മാർക് കുറഞ്ഞതിന് പെൺകുട്ടി നാടകം കളിച്ച വാർത്തയാണ് അത്. പശ്ചിമബംഗാളിലെ ബന്ധോണിയിൽ ആണ് സംഭവം അരങ്ങേറിയത്. മാതാപിതാക്കൾക്ക് മികച്ച വിജയം നേടുമെന്ന് വാക്ക് നൽകിയെങ്കിലും അത് പാലിക്കാൻ കഴിയാത്തതിനാൽ പതിനാറുകാരി നാടകം കളിക്കുകയായിരുന്നു. ആറ് വയസ്സുള്ള സഹോദരിയോടൊപ്പം കഫേയിലേക്ക് എന്ന് പറഞ്ഞ് പുറത്തേക്ക് ഇറങ്ങിയ പെൺകുട്ടിയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ മാതാപിതാക്കൾ ഫോണിൽ ബന്ധപ്പെട്ടു.

എന്നാൽ മറുപടിയൊന്നും ലഭിക്കാതെ വന്നതോടെ ആശങ്കയിലായ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. ഇതിനിടെ കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടു പോയതാണ് എന്നും വിട്ടയക്കണമെങ്കിൽ ഒരുകോടി രൂപ വേണമെന്ന് ഉള്ള സന്ദേശം മാതാപിതാക്കൾക്ക് ലഭിച്ചു. പണവുമായി നേപ്പാൾ ഗഞ്ച് മേഖലയിലേക്ക് വരാനും ഇവരോട് ആവശ്യപ്പെട്ടിരുന്നു. അതിനിടയിൽ ഇവരെ കാണാനില്ലെന്ന് പരാതി പോലീസ് അന്വേഷണം ആരംഭിക്കുകയും സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും ചെയ്തു. ലോക്കൽ മെട്രോ സ്റ്റേഷൻ സമീപം പെൺകുട്ടിയുടെ സ്കൂട്ടി കണ്ടെത്തിയതോടെ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇരുവരും കൃഷ്ണ നഗർ ലോക്കൽ ട്രെയിനിൽ കയറിയിരിക്കാം എന്ന് പോലീസ് നിഗമനത്തി റെയിൽവേ പോലീസിന്റെയും കൃഷ്ണ നഗർ ജില്ലാ പോലീസിന്റെയും സംയുക്തനീക്കത്തോടെ കൊൽക്കത്ത പോലീസ് പെൺകുട്ടികളുടെ ഫോട്ടോകൾ പങ്കുവെച്ചു

അധികം വൈകാതെ കൃഷ്ണ നഗർ ജില്ലാ പോലീസ് നാദിയ ജില്ലയിലെ ഡിവൈ നഴ്സിംഗ് ഹോമിന് മുന്നിൽ രണ്ടു പെൺകുട്ടികളെ കണ്ടെത്തുകയും ഇവരെ രക്ഷപ്പെടുത്തി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരികയും ചെയ്തു. തുടർന്നുള്ള ചോദ്യം ചെയ്യലിൽ നിന്നാണ് തട്ടിക്കൊണ്ടുപോകൽ വ്യാജമാണെന്ന് കണ്ടെത്തിയത്. പെൺകുട്ടി പത്താം ക്ലാസ് പരീക്ഷയിൽ 31 ശതമാനം മാർക്ക് മാത്രമാണ് നേടിയത്. പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് മാതാപിതാക്കളോട് വാഗ്ദാനം ചെയ്തെങ്കിലും അതിന് കഴിയാതെ വന്നതോടെയാണ് വീടുവിട്ടിറങ്ങിയതെന്നും പെൺകുട്ടി പറഞ്ഞു. പശ്ചിമബംഗാൾ ബോർഡ് ഓഫ് ഹയർ സെക്കൻഡറി എഡ്യൂക്കേഷൻ പത്താം ക്ലാസ് മാധ്യമിക് പരീക്ഷഫലം വെള്ളിയാഴ്ചയാണ് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് ഇത്തരത്തിൽ ഒരു സംഭവം അരങ്ങേറിയിരിക്കുന്നത്.

x