ഉടുത്ത വസ്ത്രമല്ലാതെ ഒന്നും എടുത്തിട്ടില്ല, ഒലിച്ചുപോയത് ആയുസ്സിന്റെ സമ്പാദ്യം ; ഞെട്ടൽ മാറാതെ ജെബിനും കുടുംബവും

സോഷ്യല്‍ മീഡിയയിലും മറ്റു മാധ്യമങ്ങളിലും ഏറെ നൊമ്പരമായി മാറിയതാണ് കോട്ടയം മുണ്ടക്കയത്ത് ഇരുനിലവീട് ഒന്നടങ്കം മണിമലയാറിലേക്ക് ഇടിഞ്ഞുവീണ് ഒഴുകിപ്പോകുന്ന ദൃശ്യങ്ങള്‍. അപകടസാധ്യത ഉണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് വീട്ടുകാരെ നേരത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറിയിരുന്നു. മുണ്ടക്കയം റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവറായ കല്ലേപ്പാലം കൊല്ലപ്പറമ്പില്‍ ജെബിന്റെ വീടാണ് മണിമലയാറിലേക്ക് ഒന്നടങ്കം ഇടിഞ്ഞു വീണത്. 27 വര്‍ഷത്തെ കഷ്ടപ്പാടില്‍ കെട്ടിപ്പടുക്കിയ വീടായിരുന്നു ഒറ്റ നിമിഷം കൊണ്ട് കണ്‍മുന്നില്‍നിന്ന് മറഞ്ഞുപോയത്. രണ്ട് പെണ്‍മക്കളാണ് ജെബിയ്ക്ക്. ഒരാള്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുകയാണ്. മറ്റൊരാളുടെ കല്യാണം കഴിഞ്ഞു. വീട് നഷ്ടപ്പെട്ട ഇവര്‍ ഇപ്പോള്‍ സഹോദരന്റെ വീട്ടില്‍ താമസിക്കുകയാണിപ്പോള്‍. സുരക്ഷിതമെന്ന് വിശ്വസിക്കുന്ന വീട് കണ്‍മുമ്പില്‍ അപ്രത്യക്ഷമായതിന്റെ ഞെട്ടല്‍ ഇതുവരെ മാറിയിട്ടില്ല.

തലേദിവസം രാത്രി തുടങ്ങിയ മഴ രാവിലെയും പെയ്യുന്നുണ്ടായിരുന്നു. പുലര്‍ച്ചയ്ക്ക് അഞ്ചരയ്ക്ക് കിണറ്റില്‍ നിന്നും വെള്ളമെടുക്കാന്‍ പോയപ്പോള്‍ ഒരു പക്ഷിയുടെ ഉച്ചസ്വരത്തിലുള്ള കരച്ചില്‍ കേട്ടുവെന്ന് ജെബിയുടെ ഭാര്യ ഓര്‍ത്തെടുത്ത് പറയുന്നു. ഒരു നിലവളി ശബ്ദം പോലെയായിരുന്നു അത്. മരകൊമ്പിലിലൊക്കെ നോക്കിയെങ്കിലും പക്ഷിയെ കാണാന്‍ സാധിച്ചില്ല. പക്ഷേ ആ കരച്ചില്‍ എന്റെ ഉള്ളില്‍ ഉണ്ടായിരുന്നു. ജെബിച്ചായന്‍ ബസ് ഡ്രൈവറായിരുന്നത്‌കൊണ്ട് രാവിലെ ഏഴിമണിയ്ക്ക് ജോലിക്കു പോകുമായിരുന്നു. ഞങ്ങള്‍ വീടിനോടു ചേര്‍ന്നു പലചരക്കു കട നടത്തുന്നുണ്ട്. ലോക്ഡൗണ്‍ കാലത്തു ജെബിച്ചായനു പണിയില്ലാതായപ്പോള്‍ ലോണെടുത്തും വട്ടിപ്പലിശയ്ക്കു കടം വാങ്ങിയുമാണ് കട തട്ടിക്കൂട്ടിയത്.

പത്തു മണിയായപ്പോള്‍ ജെബിച്ചായന്‍ വിളിച്ച് പറഞ്ഞു ‘ഇടുക്കിയില്‍ ഉരുള്‍പൊട്ടിയിട്ടുണ്ടെന്ന് വാര്‍ത്ത കേട്ടു, ശ്രദ്ധികണമെന്ന്. ഉരുള്‍വെള്ളം വരുന്നെന്നറിഞ്ഞു തറവാട്ടില്‍ നിന്നു അമ്മ വീട്ടിലേക്ക് വന്നു. സാധാരണ ഉരുള്‍പൊട്ടി വരുമ്പോള്‍ പുഴവെള്ളത്തില്‍ ഒഴുകി വരുന്ന തടിക്കഷണങ്ങളും നാളികേരവുമെടുക്കാന്‍ ഞങ്ങളെല്ലാം പോകാറുണ്ട്. വീടിന്റെ പുറകുവശത്തെ വരാന്തയില്‍ നിന്നാല്‍ വെള്ളം കുതിച്ചൊഴുകുന്നത് നന്നായി കാണാന്‍ സാധിക്കുകയും ചെയ്യും. അതുകൊണ്ട് പ്രളയ സമയത്തു മുണ്ടക്കയം കല്ലേപ്പാലം വഴിയിലുള്ള ആളുകളെല്ലാം വീട്ടിലേക്ക വരും. അന്നും അതുപോലം കുട്ടികളും വലിയവരുമൊക്കെയായി പത്തിരുപത്തിയഞ്ചു ആളുകളോളം വീട്ടില്‍ ഉണ്ടായിരുന്നു.

മണ്ണു കലങ്ങി മറിഞ്ഞ വെള്ളത്തിലൂടെ വലിയ മരങ്ങള്‍ ഒഴുകി വരുന്നതു കണ്ടപ്പോള്‍ പെട്ടെന്ന് മനസിലേക്ക് ആ പക്ഷിയുടെ കരച്ചിലാണ് വന്നത്. അത്രയും വലിയ മരങ്ങള്‍ വരുന്നത് പതിവില്ലെന്നും പുഷ്പ പറയുന്നു. എല്ലാവരേയും വരാന്തയില്‍ നിന്നു ഹാളിലേക്ക് മാറാന്‍ പറയുകയും ചെയ്തു. പതിനൊന്നേമുക്കാല്‍ കഴിഞ്ഞപ്പോഴും എന്തോ ഒരു മനസ്സില്‍ വല്ലാത്തൊരു അസ്വസ്ഥത പോലെയായിരുന്നു. ‘നമുക്കു പുറത്തു നിന്നു കാഴ്ചകള്‍ കാണാമെന്നു’ പറഞ്ഞ് എല്ലാവരേയും വീട്ടില്‍ നിന്ന് പുറത്തേക്ക് ഇറക്കി. അപ്പോള്‍ അടുത്ത കുട്ടി ചോദിച്ചു ‘എന്താ ഞങ്ങള്‍ വീട്ടിലേക്കു വന്നത് ഇഷ്ടപ്പെട്ടില്ലേ.’ ഞാന്‍ പറഞ്ഞു ‘അല്ല മോളെ, എനിക്കെന്തോ പന്തികേട് തോന്നുന്നുവെന്ന് ‘. ‘ഈ വഴിയില് ഏറ്റവും നല്ല വീട് നിങ്ങളുടെയല്ലേ. ഇതിനൊന്നും പറ്റുകയില്ലെന്ന് അവിടെ വന്നവര്‍ എല്ലാവരും പറഞ്ഞു. അതു തന്നെയായിരുന്നു ഞങ്ങളുടെയും വിശ്വാസം.

‘ചേച്ചി ആധാര്‍ ഒക്കെ എടുത്തോണം’ എന്ന് അവിടെ വ്ന്ന് നിന്ന ആരോ ഓര്‍മിപ്പിച്ചു. ഞാന്‍ തിരികേ വീട്ടിലേക്കു കയറി. രണ്ടാമത്തെ മകള്‍ രേവതിയുടെ കല്യാണം ഉറപ്പിച്ചിരിക്കുകയായിരുന്നു. കുടുംബശ്രീയില്‍ നിന്നു കിട്ടിയ ലോണും കുറച്ചു സ്വര്‍ണം പണയം വച്ച കാശുമെല്ലാം കൂട്ടി അവള്‍ക്കിത്തിരി പൊന്നു വാങ്ങാന്‍ രണ്ടരലക്ഷം രൂപ കരുതി വച്ചിരുന്നു. അതു സൂക്ഷിച്ചിരുന്ന ബാഗും ജെബിച്ചായന്റെ യൂണിഫോമും എടുത്ത് ധൃതിയില്‍ പുറത്തേക്കിറങ്ങി. അപ്പോഴേക്കും വീടിനു പിന്നിലെ കല്‍ക്കെട്ടിന്റെ മതിലും അതിനോടു ചേര്‍ന്നു നിന്നിരുന്ന തേക്കും മഹാഗണിയുമെല്ലാം പുഴ കൊണ്ടുപോയിരുന്നു. അത് കണ്ടതോടെ അവിടെ നിന്ന ചെറിപ്പക്കാര്‍ പറ്റാവുന്ന സാധനങ്ങള്‍ പുറത്തേക്ക് എത്തിക്ാമെന്ന് പറയുകയുണ്ടായി. തോക്കോല്‍ വാങ്ങി അവര്‍ രണ്ടടി നീങ്ങിയപ്പോള്‍ എനിക്ക് ഒരപ ഉള്‍വിളിയെന്നോണം അവരോട് പോവണ്ട എന്ന ് പറഞ്ഞ് താക്കോള്‍ തിരികെ വാങ്ങി. ‘വേണ്ട മക്കളേ, ഒന്നും എടുക്കേണ്ട. കിട്ടാനുള്ളതാണെങ്കില്‍ കിട്ടുംമെന്നും ഞാന്‍ അവരോട് പറഞ്ഞു.

പെട്ടെന്ന് അവിടെ കൂടിയവരുടെ ആരവം കേട്ടു നോക്കുമ്പോള്‍ വീടു പുഴയിലേക്കു മറിഞ്ഞ് ഒഴുകിപോകുന്നതാണ് കണ്ടത്. 27 വര്‍ഷത്തെ അധ്വാനം ഒലിച്ചു പോകുകയാണ്. അത് കണ്ടു നില്‍ക്കാന്‍ പറ്റിയില്ല. മകള്‍ തലചുറ്റി വീണു. പിന്നാലെ എനിക്കും കാഴ്ചകള്‍ മറഞ്ഞു. വീട് ഇടിയുമെന്ന് അറിയത്തില്ലല്ലോ, നല്ലൊരു വീടല്ലെ? അതിന് ചലനം സംഭവിക്കുമെന്ന് ഒരിക്കലും കരുതിയില്ല. ദൈവനിശ്ചയം എന്ന് പറയാം, ജീവന്‍ തിരിച്ചു കിട്ടിയല്ലോ. ശൂന്യതയിലാണ് ഇപ്പോള്‍ ജീവിതം മുന്നോട്ട് പോകുന്നത്. ഉടുത്തു മാറാന്‍ വസ്ത്രങ്ങള്‍ പോലുമില്ല. കണ്ണടച്ചു ഉറങ്ങാന്‍ പോലുമാകുന്നില്ലെന്നും പുഷ്പ പറഞ്ഞു നിര്‍ത്തി.

 

x