മീരയെ ഇതിലേക്ക് വലിച്ചിഴക്കേണ്ട ,അരിക്കൊമ്പൻ്റെ പേരിൽ ഒരു രൂപ പോലും പിരിച്ചിട്ടില്ല; മീര ജാസ്മിൻ്റെ സഹോദരി സാറ

സഹോദരിയും നടിയുമായ മീര ജാസ്മിനെയും തന്നെയും അഭിഭാഷകൻ ശ്രീജിത്ത് പെരുമന അപകീർത്തിപ്പെടുത്തി എന്ന പരാതിയുമായി സാറ റോബിൻ. കെയർ ആൻഡ് കൺസേൺ ഫോർ ആനിമൽസ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനാണ് സാറ.

അരിക്കൊമ്പൻ്റെ പേരിൽ പണം പിരിച്ചു എന്ന ആരോപണമാണ് സാറയ്‌ക്കെതിരെ ശ്രീജിത്ത് ഉയർത്തിയത്. അഭിഭാഷന്റെ പരാതിക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. സാറ റോബിൻ, സിറാജ് ലാൽ എന്നിവർക്കെതിരയൊണ് ശ്രീജിത്ത് പരാതി നൽകിയത്.

അരിക്കൊമ്പന്റെ പേരിൽ പണം സമാഹരിച്ചിട്ടില്ലെന്നും വാർത്ത പൂർണമായും തെറ്റാണെന്നും സാറ മാധ്യമങ്ങളോട് പറഞ്ഞു. സഹോദരി മീര ജാസ്മിന്റെ പേര് മനപൂർവ്വം ഈ പ്രശ്നത്തിലേക്ക് കൊണ്ടുവന്നതാണെന്നും സാറ ആരോപിക്കുന്നു. “കെയർ ആൻഡ് കൺസേൺ ഫോർ ആനിമൽസ് എന്ന ഒരു സംഘടന രജിസ്റ്റർ ചെയ്യാൻ പോവുകയാണ്.

കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി 900 മുതൽ 1000 ആളുകൾ വരെ ഈ വാട്സ് ആപ്പ് ഗ്രൂപ്പിലുണ്ട്. സംഘടന രൂപപ്പെടുന്നുണ്ടെന്ന് മനസ്സിലാക്കിയ ആരോ അതിനെതിരെ പ്രവർത്തിക്കുന്നതായാണ് നമുക്ക് മനസ്സിലായത്”.

“ഞങ്ങൾ പണപിരിവ് നടത്തിയിട്ടുണ്ടെങ്കിൽ ആര് ഞങ്ങൾക്കു അതു തന്നെന്നുള്ളതു പുറത്തുവരണമല്ലോ. ഏത് അക്കൗണ്ടിൽ നിന്ന് പണം വന്നു, അതിന്റെ വിശദ വിവരങ്ങൾ വേണം. ഈ സംഘടനയുടെ പേരിൽ അക്കൗണ്ടുകളൊന്നും തന്നെ ആരംഭിച്ചിട്ടില്ല. അടുത്ത ആഴ്ച്ചയാണ് ആ സംഘടനയുടെ രജിസ്റ്ററേഷൻ നടക്കുക,” സാറ പറയുന്നു.

വിവരാവകാശം നിയമ പ്രകാരം പരാതിയുടെ റിപ്പോർട്ട് സാറ ആവശ്യപ്പെട്ടിട്ടുണ്ട്. ശ്രീജിത്ത് പെരുമനയെ ഗ്രൂപ്പിലേക്ക് ക്ഷണിച്ച് അദ്ദേഹത്തിന്റെ ഒരു ടോക്ക് നൽകണമെന്ന കാര്യം രശ്മി സ്റ്റാലിൻ എന്ന യുവതി ആവശ്യപ്പെട്ടിരുന്നു. ഇതു സമ്മതിക്കാത്തതിനെ തുടർന്നാണ് തന്നോട് ഇങ്ങനെയെല്ലാം ചെയ്തതെന്നാണ് സാറ പറയുന്നത്.

Articles You May Like

x