ഫുട്ബോൾ ഇതിഹാസം മറഡോണ വിട വാങ്ങി

ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ മരണപ്പെട്ടതായി റിപ്പോർട്ടുകൾ. അർജന്റീനൻ മാധ്യമങ്ങൾ ആണ് ഇങ്ങനെയൊരു വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഹൃദയാഘാദമാണ് മരണ കാരണം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കുറച്ചു നാൾ മുൻപാണ് ബ്രെയിൻ സർജറി കഴിഞ്ഞ താരം വീട്ടിലേക്ക് മടങ്ങിയത്. ആറുപത് വയസ്സായിരുന്നു അദ്ദേഹത്തിന്.

അർജന്റീന ഫുട് ബോൾ ടീമിനെ ലോക ശ്രദ്ധയിൽ എത്തിച്ച താരമാണ് ഡീഗോ മറഡോണ . 1986-ലെ ലോകകപ്പ് കിരീടത്തിലേക്കു അർജന്റീനൻ ടീമിനെ നയിച്ചതിൽ ശ്രദ്ധേയമായ പങ്കുവഹിച്ചത് ഡീഗോ മറഡോണ ആയിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഫുട്ബോൾ കളിക്കാരൻ എന്ന ഫിഫയുടെ ബഹുമതി പെലെക്കൊപ്പം ഡീഗോ മറഡോണ പങ്കുവക്കുന്നു. അന്താരാഷ്ട്ര ഫുട്ബോളിൽ അർജന്റീനക്ക് വേണ്ടി 91 കളികൾ കളിച്ച ഡീഗോ മറഡോണ 34 ഗോളുകൾ നേടിയിട്ടുണ്ട്. ലോകത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള താരമായാണ് ഡീഗോ മറഡോണയെ കണക്കാക്കുന്നത്. ഡീഗോ മറഡോണയെ ഫുഡ് ബോൾ ദൈവമായി വരെ കണക്കാക്കുന്നവർ ഉണ്ട് ആരധകരുടെ ഇടയിൽ.

1982 മുതൽ 1994 വരെയുള്ള നാല് ലോകകപ്പുകളിൽ അർജന്റീനക്കു വേണ്ടി ഡീഗോ മറഡോണ കളിച്ചിട്ടുണ്ട്. അതിൽ 1986 ലെ ലോക കപ്പാണ് ഏറ്റവും ശ്രദ്ധേയമായത് . ഡീഗോ മറഡോണയുടെ നേതൃത്വത്തിൽ കളിച്ച അർജന്റീന ടീം ഫൈനലിൽ പശ്ചിമ ജർമ്മനിയെ പരാജയപ്പെടുത്തി ലോകകപ്പ് സ്വന്തമാക്കി. കളിയിലെ മികച്ച പ്രകടനത്തിന് മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ ഡീഗോ മറഡോണ സ്വന്തമാക്കുകയും ചെയ്തിരുന്നു. ഈ ടൂർണമെന്റിലെ തന്നെ ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിന് എതിരെയുള്ള കളിയിൽ ഡീഗോ മറഡോണ നേടിയ രണ്ടു ഗോളുകൾ ചരിത്രത്തിൽ ഇടംപിടിച്ചിട്ടുണ്ട്. റഫറിയുടെ ശ്രദ്ധയിൽ പെടാതെ കൈ കൊണ്ട് തട്ടിയിട്ട് നേടിയ ആദ്യത്തെ ഗോൾ ദൈവത്തിന്റെ കൈ എന്ന പേരിലും, ആറ് ഇംഗ്ലണ്ട് കളിക്കാരെ വെട്ടിച്ച് അറുപതു മീറ്റർ ഓടി നേടിയ രണ്ടാമതെ ഗോൾ നൂറ്റാണ്ടിന്റെ ഗോൾ ആയും വിശേഷിപ്പിക്കപ്പെടുന്നു. കളിയിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അർജന്റീന ഇംഗ്ലണ്ടിന്റെ തോൽപ്പിച്ചു.

ബ്യൂണസ് അയേഴ്സിന്റെ തെക്കൻ പ്രാന്ത പ്രദേശത്തെ ഒരു ചേരിയിലെ ദരിദ്ര കുടുംബത്തിൽ ആയിരുന്നു ഡീഗോ മറഡോണയുടെ ജനനം. ഡീഗോ മറഡോണയുടെ കുടുംബം അർജന്റീനയിലെ കൊറിയന്റസ് പ്രവിശ്യയിൽ നിന്നും ബ്യൂണസ് അയേഴ്സിലേക്ക് കുടിയേറി താമസം ആക്കിയതായിരുന്നു. പത്താം വയസ്സിൽ ഒരു ചെറിയ ക്ലബിന് വേണ്ടി കളിക്കുമ്പോൾ തന്നെ കാല് കൊണ്ട് വിസ്മയം തീർത്ത ആ കൊച്ചു കുട്ടി പലരെയും അത്ഭുതപ്പെടുത്തി. ശേഷം മറഡോണയുടെ വളർച്ച പെട്ടെന്നായിരുന്നു. പതിനാറാം വയസിൽ അര്ജന്റീന ജൂനിയർ ടീമിൽ മറഡോണ കയറി . അർജന്റീനയുടെ പ്രൊഫഷണൽ ലീഗിൽ കളിക്കാൻ ഇറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായിരുന്നു മറഡോണ. മറഡോണയുടെ വിയോഗം ഫുട്ബോൾ ലോകത്തിന് ഒരു തീരാ നഷ്ട്ടം തന്നെ ആണ്.

 

 

 

 

x