ആണിന് മാത്രമല്ല ലോകം പെണ്ണിന്റെ കൂടിയാണെന്ന് അമ്മയാണ് ജീവിതത്തിലൂടെ പഠിപ്പിച്ചത് , അമ്മയെ കുറിച്ച് ഒരു മകളുടെ വാക്കുകൾ

സോഷ്യൽ മീഡിയയിൽ നിരവതി പേർ ആണ് തങ്ങളുടെ കുട്ടികാലത്ത് അനുഭവിച്ച വേദനകളും സങ്കടങ്ങളും പങ്ക് വെക്കുന്നത്, ഇപ്പോൾ അച്ഛൻ ഉപേക്ഷിച്ചിട്ട് പോയിട്ടും തന്നെ വളർത്താൻ തൻറെ അമ്മ അനുഭവിച്ച കഷ്ടപ്പാടും മറ്റും വിവരിച്ച് കൊണ്ട് ആൻസി എന്ന പെൺകുട്ടി സോഷ്യൽ മീഡിയയിൽ കൂടി പങ്ക് വെച്ച വരികളാണ് ഏറെ ശ്രദ്ധയമാകുന്നത്, അൻസിയുടെ കുറുപ്പിന്റെ പൂർണ രൂപം ഇങ്ങനെ ” അമ്മ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ബോൾഡ് ആയ സ്ത്രീ. അമ്മക്ക് ഒന്നര വയസുള്ളപ്പോഴാണ് അമ്മയുടെ അമ്മ മരിക്കുന്നത് പിന്നീട് അമ്മയെയും അമ്മയുടെ ചേച്ചിയെയും വളർത്തുന്നത് അച്ഛനാണ്, അങ്ങനെ അമ്മയുടെ സ്നേഹമോ കരുതലോ ലഭിക്കാതെ ജീവിച്ചവരാണ് അമ്മയും വെല്ലിമ്മിച്ചിയും. അമ്മക്ക് 15 വയസുള്ളപ്പോൾ മുതൽ തന്നെ അടുത്ത വീടുകളിൽ ജോലിക്ക് പോയി തുടങ്ങി, ഓല മേഞ്ഞ വീട്ടിൽ അച്ഛന്റെ ചിറകിനടിയിൽ രണ്ടു പെൺകുട്ടികൾ വളർന്നു.

മഴ പെയ്ത് കുതിർന്ന,ചാണകം മെഴുകിയ തറയിൽ പഴയ തുണികൾ വിരിച്ചിട്ട് ഉറങ്ങിയ കഥ അമ്മയെനിക്ക് പറഞ് തന്നിട്ടുണ്ട്, എത്ര പണിയെടുത്താലും പട്ടിണി മാറാത്ത കാലത്ത് പുഴുവുള്ള റേഷനരിയും, ഇല്ലിയരിയും, കുരുമുളക് ചമ്മന്തി കൂട്ടി കഴിച്ച കഥ അമ്മ പറയുമ്പോൾ എനിക്ക് തൊണ്ടയിൽ ഒരു വിങ്ങൽ അനുഭവപെടാറുണ്ട്. പ്രണയിച്ച് വിവാഹം കഴിച്ചെങ്കിലും അത് വിജയമായില്ല അമ്മക്ക്.എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് എന്റെ അച്ഛൻ അമ്മയെ ചതിക്കുവായിരുന്നു എന്ന്, ഒരുമിച്ച് ജീവിച് ഞാൻ ഉണ്ടായി കഴിഞ്ഞ് അച്ഛൻ അമ്മയോട് അകലം പാലിച്ചു, വീട്ടിലേക്ക് വരാറുള്ള ഇടവേളകൾ കൂടി വന്നു പിന്നെ പിന്നെ വരാതായി…

അതെ ചതിയായിരുന്നു അത് ആരോരുമില്ലാത്ത ഒരു പെണ്ണിന് ജീവിതം വെച്ച് നീട്ടി അയാൾ എന്റമ്മയെ ചതിക്കുവായിരുന്നു…സ്കൂൾ രജിസ്റ്ററിൽ അച്ഛന്റെ പേര് വേണ്ടിടത്ത് ഞാൻ അമ്മയുടെ പേരെഴുതി. അച്ഛൻ വേണ്ടിടത്ത് എല്ലാം അമ്മ വന്നു. അക്കാലങ്ങളിൽ ആരെങ്കിലും എന്നോട് അച്ഛൻ എന്ത് ചെയ്യുന്നു, അച്ഛന്റെ പേര് എന്താ എന്നൊക്കെ ചോദിച്ചാൽ ഞാൻ കരയുമായിരുന്നു… എന്റെ കൂടെ പഠിച്ച കുട്ടികൾ ആരും, എന്നോട് അച്ഛനെ കുറിച്ച് ചോദിച്ചില്ല, അധ്യാപകരോടൊക്കെ അമ്മ പറഞ്ഞു അവൾക്ക് അച്ഛനില്ല അച്ഛനെ കുറിച്ച് ചോദിക്കരുത് അവൾക്ക് വിഷമമാണെന്ന്. ആരും ചോദിച്ചില്ല… അച്ഛൻ എന്നൊരു വാക്ക് എന്റെ ഓർമയിൽ പോലും ഉണ്ടാകാതിരിക്കാൻ എന്റെ പ്രിയപ്പെട്ട അധ്യാപകരും എന്റെ കൂട്ടുകാരും ശ്രെമിച്ചു.

ഞാൻ അമ്മക്കുട്ടി മാത്രമായി. വളരും തോറും അച്ഛനില്ലായ്മ എന്നെ പേടിപ്പെടുത്തി. ആരെയും പുതിയതായി പരിചയപെടാൻ പോലും എനിക്ക് പേടിയായിരുന്നു. അവർ അച്ഛനെ കുറിച്ച് ചോദിച്ചാലോ. ഞാൻ കരഞ്ഞാലോ… അമ്മയാണെനിക്ക് കൂട്ടായത്, എന്നെ വല്ലാതെ bold ആക്കിയതും അമ്മയാണ്. അമ്മയും ഞാനും വീട്ടിൽ വല്ലാതെ പേടിച്ചുറങ്ങിയ രാത്രികളുണ്ട്, ആരുടേയും കരുതലുകൾ ഇല്ലാതെ എനിക്ക് വേണ്ടി ഞാൻ തന്നെ തല ഉയർത്താൻ തുടങ്ങി. അമ്മക്ക് പേടിയായിരുന്നു എന്നെ ആരെങ്കിലും ഉപദ്രവിക്കുമോ എന്ന്. പേടിച്ചുറങ്ങിയ ഒരു രാത്രിയിൽ മുറ്റത്തു കാൽ പെരുമാറ്റം കേട്ടാണ് അമ്മയും ഞാനും എഴുനേറ്റത്. സ്വന്തം നാട്ടുകാരിലൊരാൾ, എന്നും കാണുന്ന ഒരാൾ, അനിയത്തിയുടെ സ്നേഹം തന്നൊരാൾ ആ രാത്രിയിൽ എന്തിനാണ് ഞങളുടെ വീട്ടിൽ വന്നത് എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് ഉത്തരം കിട്ടിയില്ല.

അന്ന് അയാൾക്ക് നേരെ ശബ്‌ദം ഉയർത്തികൊണ്ട് ഞാൻ ചെന്നപ്പോൾ, പൊട്ടിത്തെറിച്ച് കൊണ്ട് ചെന്നപ്പോൾ അയാൾ പേടിച്ചു, അയാൾ ഞങ്ങളോട് മാപ്പ് ചോദിച്ചു,അന്നാണ് സ്ത്രീക്ക് ഒറ്റക്കും പൊരുതി ജയിക്കാം ആരും തോൽപിക്കില്ലെന്ന് ഞാൻ മനസിലാക്കിയത്. പേടിച്ചുറങ്ങിയ രാത്രികളോടൊക്കെ ഞാൻ ബൈ പറഞ്ഞു. തീരെ പേടിയില്ലാതെ ഞാനും അമ്മയും ഉറങ്ങാൻ തുടങ്ങി. ആവശ്യമില്ലാത്ത നോട്ടങ്ങൾക്ക് മുൻപിൽ പേടിക്കരുതെന്നും, തനിക്ക് വേണ്ടാത്ത സ്പർശനങ്ങളെ നേരിടണം എന്നും അമ്മയാണ് എന്നെ പഠിപ്പിച്ചത്….
തോറ്റു പോയിടതൊക്കെ എന്നെ ജയിപ്പിച്ചത് അമ്മയാണ്….ഒരു തരത്തിലും അമ്മയെന്നെ പേടിപ്പിച്ചില്ല, ജീവിതം ജീവിക്കേണ്ടത് നീ ഒറ്റക്ക് ആണെന്ന് പറഞ് എനിക്ക് സ്വാതന്ത്ര്യം തരുകയാണ് അമ്മ ചെയ്തത്…

ആരോഗ്യ പ്രേശ്നങ്ങൾ ഉണ്ടെങ്കിലും അമ്മ എല്ലായിടത്തും ഓടിയെത്തുന്നു…. ലോകം ആണിന് മാത്രമല്ല പെണ്ണിന്റെ കൂടിയാണെന്ന് അമ്മ ജീവിതത്തിലൂടെ എന്നെ പഠിപ്പിക്കുക ആയിരുന്നു… അമ്മ ഒന്ന് തോറ്റു പോയിരുന്നെങ്കിൽ ഇന്നത്തെ ഞാൻ ഉണ്ടാകുമായിരുന്നില്ല.രണ്ടാമത് ഒരു വിവാഹത്തിന് അമ്മയെ പലരും നിർബന്ധിച്ചെങ്കിലും എനിക്ക് വേണ്ടി നല്ല പ്രായത്തിൽ വേണ്ട സന്തോഷങ്ങൾ ഉപേക്ഷിച്ചതാണ് അമ്മ. ഞാൻ വിവാഹം കഴിഞ്ഞ് പോയതോടെ അമ്മ വീണ്ടും ഒറ്റക്കായി. പക്ഷെ ഒരിക്കലും ഒരു കാര്യത്തിലും അമ്മ പരാതി പറഞ്ഞില്ല. ഏത് കാര്യവും ഒറ്റക്ക് നേരിടും എന്ന് അമ്മ ഉറച്ച തീരുമാനം എടുത്തിട്ടുണ്ട്. ജീവിതത്തിൽ ഒരിക്കലും തോൽക്കാത്ത ഒരു സ്ത്രീയാണ് അമ്മ. അമ്മക്ക് തീരുമാനങ്ങളുണ്ടായിരുന്നു , യാത്രകൾ ചെയ്യാനും, പുതിയ ജീവിതങ്ങൾ കണ്ട് അറിയാനും അമ്മക്ക് ഇഷ്ട്ടമായിരുന്നു. അമ്മയായതിൽ അല്ല മികച്ച കൂട്ടുകാരിയായതിലാണ് എനിക്ക് അമ്മയോട് നന്ദി…..അച്ഛനില്ലായ്മ അറിയിക്കാതെ അമ്മയെനിക് എത്ര മനോഹരമായ ഒരു ലോകം തന്നെന്നോ…. ഇതായിരുന്നു അൻസിയുടെ കുറിപ്പ്

x