‘ശവപ്പെട്ടിയുടെ ആകൃതിയാണ് പുതിയ പാർലമെൻ്റ് മന്ദിരത്തിന്’; വിവാദ ട്വീറ്റുമായി ആർജെഡി, പുതിയ പാർലമെൻ്റ് മന്ദിരം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

പുതിയ പാർലമെൻ്റ് മന്ദിരം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാവിലെ ഏഴരയോടെ തുടങ്ങിയ പൂജ ചടങ്ങുകളിൽ പ്രധാനമന്ത്രിയും പങ്കെടുത്തു. സ്പീക്കറുടെ ഇരിപ്പിടത്തിന് മുകളിൽ ചെങ്കോൽ സ്ഥാപിച്ച പ്രധാനമന്ത്രി, വിളക്ക് കൊളുത്തിയാണ് പാർലമെൻ്റ് മന്ദിരത്തിൻറെ ഉദ്ഘാടനം നിർവഹിച്ചത്. തുടർന്ന് അദ്ദേഹം ഇരു ചേംബറുകളിലും സന്ദർശിച്ചു.

ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത പുതിയ പാർലമെൻ്റ്നെ കുറിച്ച് വിവാദ ട്വീറ്റുമായി ആർജെഡി രംഗത്ത് എത്തിയിരിക്കുകയാണ്. ശവപ്പെട്ടിയുടെ ആകൃതിയാണ് പുതിയ പാർലമെൻറ് മന്ദിരത്തിനെന്നാണ് ആർജെഡിയുടെ വിമർശനം. ശവപ്പെട്ടിയുടെയും പുതിയ പാർലമെൻറിൻറെയും ചിത്രങ്ങൾ ചേർത്ത് വെച്ച ട്വീറ്റിൽ ഇത് എന്താണെന്നാണ് ആർജെഡിയുടെ ചോദ്യം. തെക്കേ ഇന്ത്യയിലെ തീവ്രനിലപാടുള്ള ബ്രാഹ്മണ സംഘത്തെ വച്ച് മോദി ഉദ്ഘാടനം നടത്തിയെന്ന് സമാജ് വാദി പാർട്ടി ആരോപിച്ചു.

കൂടാതെ, പുതിയ പാർലമെൻ്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതിനെ രൂക്ഷമായി വിമർശിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും രംഗത്തെത്തി. പാർലമെൻററി ജനാധിപത്യത്തിലെ കറുത്ത ദിനമാണിതെന്ന് വേണുഗോപാൽ വിമർശിച്ചു. ബിജെപിയുടെ പാർട്ടി ഓഫീസല്ല രാജ്യത്തിൻ്റെ പാർലമെൻ്റ് മന്ദിരമാണ് ഉദ്ഘാടനം ചെയ്തത്. ജനങ്ങളുടെ പണമാണ് ഇതിനെല്ലാം വിനിയോഗിക്കുന്നത്. രാഷ്ട്രപതിയെയും ഉപരാഷ്ട്രപതിയെയും ക്ഷണിക്കാത്തത് അവഹേളനമാണ്. ഗോത്ര വനിതായായ രാഷ്ട്രപതിയെ ചടങ്ങിൽ നിന്നും മാറ്റി നിർത്തി. ഉദ്ഘാടനത്തിന് തെരഞ്ഞെടുത്ത ദിനം തന്നെ തെറ്റാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

2020 ലാണ് പുതിയ പാർലമെൻ്റ് മന്ദിരത്തിൻറെ നിർമ്മാണം തുടങ്ങിയത്. 2022ൽ പ്രധാന കെട്ടിടത്തിൻറെ നിർമ്മാൻം പൂർത്തിയായി. 899 ദിവസങ്ങളാണ് നിർമ്മാണത്തിന് എടുത്തത്. 21 മീറ്റർ ഉയരമുള്ള കെട്ടിടത്തിന് നാല് നിലകളും ആറ് കവാടങ്ങളുമുണ്ട്. 1200 കോടി രൂപ ചെലവിലാണ് പാർലമെൻറ് കെട്ടിടം നിർമാണം പൂർത്തിയാക്കിയത്. ത്രികോണാകൃതിയിലാണ് മന്ദിരത്തിൻറെ രൂപകൽപന. രാജ്യസഭയിലും ലോക്സഭയിലുമായി 1224 എംപിമാരെയും ഉദ്യോഗസ്ഥരെയും ഉൾക്കൊള്ളാനാകും. ലോക്സഭാ ചേംബറിൽ 888 ഇരിപ്പിടങ്ങളും രാജ്യസഭാ ചേംബറിൽ 384 ഇരിപ്പിടങ്ങളുമാണുള്ളത്.

അതേസമയം, എല്ലാ ഇന്ത്യക്കാർക്കും ഇന്ന് അവിസ്മരണീയ ദിനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു. പുതിയപാർലമെൻ്റ് മന്ദിരം എല്ലാവർക്കും അഭിമാനവും പ്രതീക്ഷയുമാണ്. രാജ്യത്തിൻറെ ശക്തിക്കും പുരോഗതിക്കും പുതിയ പാർലമെൻ്റ് പുതിയ കരുത്ത് നൽകുമെന്നും നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.

Articles You May Like

x