
കുട്ടികൾക്ക് അമിത അളവിൽ ഉറക്ക ഗുളിക നൽകി, മൂത്ത കുട്ടിയെ ജീവനോടെ കെട്ടിത്തൂക്കി; കണ്ണൂരിലെ കൂട്ട മരണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
കണ്ണൂർ ചെറുപുഴ വാച്ചാലിൽ നടന്ന കൂട്ടമരണങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പാടിയോട്ടുചാൽ വാച്ചാലിൽ ശ്രീജ, ഭർത്താവ് ഷാജി, ശ്രീജയുടെ ആദ്യ വിവാഹത്തിലെ മക്കളായ സൂരജ്, സുരഭി, സുജിത് എന്നിവരെയാണ് നിലയിൽ കണ്ടെത്തിയത്. ശ്രീജയുടെ കുട്ടികളെ ആദ്യം കൊന്ന ശേഷമാണ് ഷാജിയും ശ്രീജയും കൂടി ഇന്നലെ പുലർച്ചെ ആത്മഹത്യ ചെയ്തത്.
മൂന്നു കുട്ടികൾക്കും അമിതമായ അളവിൽ ഉറക്കഗുളികകൾ നൽകിയിരുന്നതായി പോസ്റ്റ് മോർട്ടത്തിൽ കണ്ടെത്തി. മൂത്ത കുട്ടി സൂരജിനെ ജീവനോടെയാണ് കെട്ടിത്തൂക്കിയതെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. മറ്റു രണ്ടു കുട്ടികളും അമിതമായ അളവിൽ ഉറക്കഗുളിക കഴിച്ചതിനെത്തുടർന്ന് മരിച്ചിരുന്നു. മൂത്ത കുട്ടി മരിച്ചിരിക്കാമെന്ന വിശ്വാസത്തിലാണ് ശ്രീജയും ഷാജിയും കെട്ടിത്തൂക്കിയത്. ഇതിനുശേഷമാണ് മറ്റു കുട്ടികളെ കെട്ടിത്തൂക്കിയത്. സൂരജിന്റെ ശരീരത്തിൽ ബലപ്രയോഗത്തിന്റെ പാടുകളും കണ്ടെത്തിയിട്ടുണ്ട്.
ആന്തരികാവയവങ്ങളുടെ പരിശോധനാഫലം കൂടി ലഭിച്ചശേഷം മാത്രമേ ഏതു ഉറക്ക ഗുളികയാണ് കഴിച്ചത്, ഇതു കൂടാതെ വിഷം കഴിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരികയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. പരിശോധനാഫലം രണ്ടു ദിവസത്തിനകം ലഭിക്കുമെന്ന് പൊലീസ് സൂചിപ്പിച്ചു.

ശ്രീജയും ആദ്യ ഭർത്താവ് സുനിൽകുമാറുമായി വിവാഹബന്ധം നിയമപരമായി വേർപെടുത്തിയിരുന്നില്ല. പക്ഷെ രണ്ടാംഭർത്താവ് ഷാജിക്കൊപ്പമാണ് രണ്ടാഴ്ചയായി ശ്രീജ താമസിച്ചിരുന്നത്. ഇതേച്ചൊല്ലി ശ്രീജയും സുനിലും തമ്മിൽ തർക്കം നിലനിന്നിരുന്നു. ശ്രീജ താമസിച്ചിരുന്നത് സുനിലിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ്. ഇവിടെ നിന്നും ഇറങ്ങണമെന്ന് സുനിൽ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് സുനിൽ പൊലീസിൽ പരാതിയും നൽകിയിരുന്നു. ഇതിൽ മധ്യസ്ഥ ചർച്ചയ്ക്കായി ശ്രീജയെ പൊലീസ് വിളിപ്പിച്ചിരുന്നു.
ഇതിനെ തുടർന്ന് പുലർച്ചെ ശ്രീജ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് കുട്ടികളെ തങ്ങൾ കൊലപ്പെടുത്തിയതായി അറിയിച്ചു. പൊലീസ് വീട്ടിലെത്തിയപ്പോഴേക്കും ശ്രീജയയെയും ഷാജിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.