
ഭർത്താവ് വിട്ടുപോയപ്പോൾ 3 കോടി കടവും 3 കുഞ്ഞുങ്ങളും, ഇന്ന് 250 കോടിയുടെ ബിസിനസ്സുമായി തിരിച്ചുവരവ്
അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് അഭിമാനത്തോടെയാണ് സ്മിത എന്ന യുവസംരംഭക ഇന്ന് തലയുയർത്തി നിൽക്കുന്നത്. ലക്ഷക്കണക്കിന് രൂപയുടെ നിക്ഷേപമില്ല, ആരുടേയും പിന്തുണയില്ല, ബിസിനസിൽ മുൻ പരിചയമില്ല! സ്വന്തമായി ഒരു സംരംഭം തുടങ്ങാൻ ഒരുങ്ങിയപ്പോൾ സ്മിതയ്ക്ക് ആകെ കൈമുതലായി ഉണ്ടായിരുന്നത് ഈ ലക്ഷ്യം നേടിയെടുക്കാനുള്ള മനസ്സ് മാത്രമായിരുന്നു. മൂന്നരക്കോടിയുടെ കടം തീരാൻ കാരണമായത് സ്മിതയുടെ കൊലുസ് പണയം വെച്ച് കിട്ടിയ മുപ്പതിനായിരം രൂപയും അതുകൊണ്ട് തുടങ്ങിയ ആദ്യ സംരംഭവും.

താൻ തിരഞ്ഞെടുക്കുന്ന തൊഴിൽ മേഖലയിൽഎന്തെങ്കിലും ഒരു വ്യത്യസ്തത ഉണ്ടാവണം എന്ന് ആഗ്രഹിച്ച സ്മിത അടുക്കളയിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നായ ഗ്യാസ് സ്റ്റൗ ന്റെ സർവീസിങ് തന്നെ ഒരു സംരംഭം ആയി തുടങ്ങാൻ തീരുമാനിച്ചു. ആ തീരുമാനത്തിൽ നിന്നാണ് സുരക്ഷ ഗ്രൂപ്പ് ഓഫ് ഏജൻസിസ് എന്റെ തുടക്കവും വളർച്ചയും. പൊതുവേ പുരുഷന്മാർ കൈകാര്യം ചെയ്യുന്ന മേഖലയാണ് ഇതെങ്കിലും എന്തുകൊണ്ട് സ്ത്രീകൾ ഉപയോഗിക്കുന്ന ഒരു ഉൽപ്പന്നത്തിൽ നിന്നുണ്ടാകുന്ന പ്രശ്നങ്ങൾ സ്ത്രീകൾക്ക് തന്നെ കൈകാര്യം ചെയ്തു കൂടാ എന്ന ചോദ്യത്തിലൂടെ ഈ യുവസംരംഭക ഇന്ന് പടർന്നു പന്തലിച്ചു നിൽക്കുകയാണ്.

ഗ്യാസ് സ്റ്റൗ സർവീസിൽ നിന്നും ഗ്യാസ് അനുബന്ധ ഉപകരണങ്ങൾ ലേക്കും ഈ സംരംഭം വഴിമാറി. ഗ്യാസ് സ്റ്റൗ സർവീസിങ്ങിലും ഗ്യാസ് അനുബന്ധ ഉപകരണങ്ങളുടെ, വിപണിയിലെ ഗ്യാസ് ഏജൻസികൾക്ക് മാത്രം മേൽകോയ്മ ഉണ്ടായിരുന്ന കാലത്ത് തങ്ങളുടെ ഉൽപന്നങ്ങൾക്ക് ആവശ്യക്കാരെ സൃഷ്ടിക്കാനും വിപണിയിൽ തങ്ങളുടെ ഒരു സ്ഥാനം ഉറപ്പിക്കാനും സുരക്ഷയ്ക്ക് കഴിഞ്ഞു. 2010ൽ വെറും രണ്ടു സ്ത്രീകളെ ഉൾപ്പെടുത്തിക്കൊണ്ട് ആരംഭിച്ച സുരക്ഷയുടെ ഭാഗമായി ഇന്ന് 300 ഓളം സ്ത്രീകൾ ജോലി ചെയ്യുന്നുണ്ട്.

കേരളത്തിൽ പല ജില്ലകളിലായി 22 ബ്രാഞ്ചുകൾ ആണ് ഇവർക്കുള്ളത്. ഇപ്പോൾ സുരക്ഷയുടെ ഭാഗമായി പുതിയ പദ്ധതി ആരംഭിക്കാൻ ഇരിക്കുകയാണ് മാനേജിങ് ഡയറക്ടറായ സ്മിത. അടുക്കളയിൽ ഉപയോഗിക്കുന്ന ഇൻഡക്ഷൻ കുക്കർ മിക്സി കുക്കർ തുടങ്ങി നിരവധി ഉപകരണങ്ങളുടെയും ഹോട്ടൽ സ്റ്റൗവിന്റെയും സർവീസിങ് ഇനി വരുന്ന പുതിയ പദ്ധതി പ്രകാരം സുരക്ഷയുടെ കീഴിൽ ലഭ്യമാവും. ഇതിന്റെ ഭാഗമായി നൂറോളം ഫ്രാഞ്ചൈസികൾ ഏപ്രിലോടെ കേരളത്തിൽ ആരംഭിക്കാൻ ഇരിക്കുകയാണ്.

പുതിയ പദ്ധതി പ്രകാരം സ്ത്രീകൾക്ക് പുറമേ പുരുഷന്മാരും ഇനി സുരക്ഷയുടെ ഭാഗമായി എത്തും. ഒപ്പം സുരക്ഷ നൽകുന്ന തൊഴിലവസരങ്ങളും വർദ്ധിക്കും. അഞ്ച് ലക്ഷം രൂപയ്ക്ക് ഒരാളെ സംരംഭകനാക്കം എന്ന പദ്ധതിയും ഇതോടെ മുന്നോട്ടു വയ്ക്കുന്നുണ്ട്. ഗ്യാസ് ഉപയോഗിക്കാൻ പേടിയുള്ള സ്ത്രീകൾക്കായി തൊഴിൽ ഉറപ്പാക്കാൻ ഫാത്തിമ ഗ്രൂപ്പ് എന്ന പേരിൽ തയ്യൽ ബ്യൂട്ടിപാർലർ ബ്യൂട്ടിക്ക് തുടങ്ങിയവയും ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ സ്മിത ലക്ഷ്യം വയ്ക്കുന്നത് അടുക്കളയിൽ മാത്രം ഒതുങ്ങുന്ന സ്ത്രീകളെ സ്വന്തം വരുമാനത്തിനായി ശക്തരാക്കുക എന്നതാണ്.

വളരെ അഭിനന്ദനീയമാണ് സ്മിതയുടെ ഈ സംരംഭവും ഈ സന്മനസ്സും. വീട്ടുകാരുടെ എതിർപ്പുകൾ മറികടന്ന് അഫ്സലിന്റെ കൈ പിടിച്ച് കൊല്ലത്തു നിന്ന് മഞ്ചേരിയിലേക്ക് എത്തിയ സ്മിത ഇന്ന് മികച്ച സംരംഭക എന്നതിനു പുറമേ നല്ലൊരു മോട്ടിവേഷണൽ സ്പീക്കർ കൂടിയാണ്. വ്യത്യസ്ത പ്രശ്നങ്ങളുമായി തന്നെ സമീപിക്കുന്ന സ്ത്രീകൾക്ക് ആത്മവിശ്വാസം പകരുകയും ജീവിതത്തിൽ നേരിടേണ്ടി വരുന്ന പ്രതിസന്ധികളെ ധൈര്യപൂർവ്വം അഭിമുഖീകരിക്കാൻ പ്രാപ്തരാക്കുകയും ചെയ്യുന്നു. ഇതിനും പുറമേ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വനിതകളുടെ കൂട്ടായ്മയായ” വി ” യുടെ ഭാഗമായും പ്രവർത്തിക്കുന്നുണ്ട്.

സ്ത്രീകൾക്കായി നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, ആരെയും ആശ്രയിക്കാതെ അവരെ സ്വന്തം കാലിൽ പ്രാപ്തരാക്കി നിർത്തുക, തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് വി പ്രവർത്തിക്കുന്നത്. കൊല്ലത്ത് ജനിച്ചു വളർന്നങ്കിലും ഒരു മലപ്പുറത്തുകാരിയായി അറിയപ്പെടാനാണ് സ്മിത ആഗ്രഹിക്കുന്നത്. സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് ഇന്നും കടന്നു വരാൻ വിമുഖത കാണിക്കുന്ന സ്ത്രീകൾ നിരവധിയാണ്.സ്ത്രീകൾ മുന്നിട്ടിറങ്ങി കഴിഞ്ഞാൽ വിജയം കൈവരിക്കാൻ കഴിയാത്തതായി ഒന്നുമില്ല. ആരുടെയും സഹായം പ്രതീക്ഷിക്കാതെ സ്വന്തംവിജയത്തിനായി സ്ത്രീകൾതന്നെയാണ് ശ്രമിക്കേണ്ടതെന്ന് സ്മിത പറയുന്നു.

ഇന്ന് സ്മിതാ സുരക്ഷാ എന്ന പേരിൽ മലയാളി സംരംഭക ലോകത്ത് ഏറെ സുപരിചിതമാണ്. അതിജീവനത്തിനുള്ള ഉപാധിയായി സംരംഭ മേഖലയിലേക്ക് കടന്നു വന്നപ്പോഴും വ്യക്തി ജീവിതത്തിൽ നേരിട്ട വെല്ലുവിളികളെ എല്ലാം കീഴ്പ്പെടുത്തിയത് തന്റെ വളർച്ചയിലൂടെ തന്നെയാണ്.ജീവിതത്തിലെ പ്രതീക്ഷകളെ കൈവിടുന്ന സ്ത്രീകൾക്കെല്ലാം സ്മിതാ സുരക്ഷ എന്ന ശക്തയായ സ്ത്രീ ഒരു പ്രചോദനം തന്നെയാണ്.