
എഴുപത്തൊന്നാം വയസ്സിൽ പ്രസവിച്ച വാർത്തകളിൽ ഇടം നേടിയ ആ കുഞ്ഞു വിടവാങ്ങി
എഴുപത്തൊന്ന് വയസുള്ള അമ്മക്ക് പിറന്ന് വാർത്തകളിൽ ഇടം പിടിച്ച ആ അത്ഭുത കുഞ്ഞു നാല്പത്തിയഞ്ചാം ദിവസം വിധിക്ക് കീഴടങ്ങി. എഴുപത്തൊന്ന് വയസുള്ള സുധർമ്മ കൃത്രിമ ഗർഭധാരണത്തിലൂടെ ആണ് ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. എന്നാൽ നാല്പത്തിയഞ്ചു ദിവസത്തെ അമ്മയുടെ സ്നേഹവാത്സല്യങ്ങൾ ഏറ്റവുവാങ്ങി അവൾ മടങ്ങി പോയി. തിങ്കളാഴ്ച വൈകുന്നേരം കുഞ്ഞിന് പാല് കൊടുക്കുന്നതിനിടെ പാല് തൊണ്ടയിൽ കുടുങ്ങുകയും അസ്വസ്ഥത കാണിച്ച കുഞ്ഞിനെ ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കായംകുളം രാമപുരം സ്വദേശിനിയും റിട്ട.അധ്യാപികയുമായ സുധർമ്മ കഴിഞ്ഞ മാർച്ച് 18നാണ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ച് ഒരു പെൺകുഞ്ഞിന് ജന്മം നൽകുന്നത്. റിട്ട. പൊലീസ് ടെലി കമ്യൂണിക്കേഷൻ ഓഫിസറായ സുരേന്ദ്രൻ ആണ് സുധർമയുടെ ഭർത്താവ്. ഇരുവരുടെയും ഏക മകനായ 35 വയസുള്ള സുജിത് സൗദിയിൽ വെച്ച് ഹൃദയാഘാദത്തെ തുടർന്ന് മരണപ്പെട്ടിരുന്നു. തങ്ങളുടെ ഏക മകനെ നഷ്ടമായതോടെ ആണ് സുധർമയും സുരേന്ദ്രനും ഒരു കുഞ്ഞു കൂടി വേണമെന്ന ആഗ്രഹത്തിലേക്ക് എത്തിയത്.

ഒരു കുഞ്ഞു വേണമെന്ന ആ വൃദ്ധ ദമ്പതികളുടെ അടങ്ങാത്ത ആഗ്രഹമാണ് ഈ കടുത്ത തീരുമാനത്തിലേക്ക് അവരെ കൊണ്ടെത്തിച്ചത്. അങ്ങനെയാണ് കൃത്രിമ ഗര്ഭ ധാരണം എന്ന വഴി അവർ തിരജെടുക്കുന്നത്. സുധർമ്മയുടെ ആഗ്രഹത്തിന് ഭർത്താവ് സുരേന്ദ്രൻ എതിർത്തില്ല. എന്നാൽ അവർ ഐവിഎഫിന് ഡോക്ടർമാരെ സമീപിച്ചപ്പോൾ അവർ നിരുത്സാഹപ്പെടുത്തുകയായിരുന്നു ചെയ്തത്. ഈ പ്രായത്തിൽ ഒരു കുഞ്ഞിനെ പ്രസവിക്കുക എന്നത് വളരെ അപകടകരമാണെന്ന് ഡോക്ടർമാർ ആവർത്തിച്ചു പറഞ്ഞെങ്കിലും സുധർമ്മ തന്റെ തീരുമാനത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു.

അങ്ങനെ ആലപ്പുഴ മെഡിക്കൽ കോളേജിൽ കൃത്രിമ ഗര്ഭധാരണത്തിലൂടെ സുധർമ്മ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. ശസ്ത്രക്രിയ വഴിയാണ് കുഞ്ഞിനെ പുറത്തെടുത്തത്. ശസ്ത്രക്രിയയിലൂടെ ജനിച്ച കുഞ്ഞിന് ജനിക്കുമ്പോൾ ഭാരം 1100 ഗ്രാം മാത്രമായിരുന്നു , കൂടാതെ കുഞ്ഞിന്റെ പ്രധിരോധ ശക്തിയും വളരെ കുറവായിരുന്നു. അതുകൊണ്ട് തന്നെ നാൽപത് ദിവസത്തോളം ആശുപത്രിയിൽ നിരീക്ഷണത്തിൽ ആയിരുന്ന കുഞ്ഞിനെ ആരോഗ്യ സ്ഥിതി വീണ്ടെടുത്തതോടെയാണ് വീട്ടിലേക്ക് അയക്കുന്നത്. രാമപുരത്തെ തങ്ങളുടെ വീട്ടിലേക്ക് കൊണ്ട് വന്ന കുഞ്ഞിനെ അതീവ ശ്രദ്ധയോടെയാണ് സുധർമയും ഭർത്താവു സുരേന്ദ്രനും പരിചരിച്ചു പോന്നത്.

തങ്ങൾ വളരെ സന്തോഷത്തിലാണെന്നും കുഞ്ഞിന് ശ്രീലക്ഷ്മി എന്ന പേരിടാനാണ് തങ്ങളുടെ ആഗ്രഹമെന്നും അന്ന് സുധർമ്മ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ അവരുടെ ആ സന്തോഷം അധിക നാൾ നീട്ടി കിട്ടിയില്ല. തിങ്കളാഴ്ച വൈകുന്നേരം കുഞ്ഞിന് പാല് നല്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങുകയും അസ്വസ്ഥത കാണിച്ച കുഞ്ഞിനെ ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞിന്റെ തൂക്കം 1100 ൽ നിന്നും 1400ലേക്ക് എത്തിയതിന്റെ സന്തോഷത്തിനിടെയാണ് അവൾ വിധിക്കു കീഴടങ്ങിയത്.